കാഞ്ഞങ്ങാട്: യാചകരില്ലാത്ത നഗരമാക്കി കാഞ്ഞങ്ങാടിനെ മാറ്റുകയെന്ന ലക്ഷ്യത്തോടെ തുടങ്ങിയ അന്നം പദ്ധതി ഉദ്ദേശിച്ച ലക്ഷ്യത്തിലെത്തിയില്ല. കാഞ്ഞങ്ങാട് നഗരസഭ, ഹൊസ്ദുര്‍ഗ്ഗ് ജനമൈത്രി പൊലീസ്, റോട്ടറി ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിലാണ് ഒന്നര മാസം മുമ്പ് പദ്ധതി തുടങ്ങിയത്.
നഗരത്തിലെ 20 ഹോട്ടലുകളുടെ സഹകരണത്തോടെയാണ് അന്നം പദ്ധതി തുടങ്ങിയത്. നഗരത്തില്‍ അവിചാരിതമായെത്തുന്നവര്ക്ക് പണത്തിന്റെ ബുദ്ധിമുട്ട് കാരണം ഭക്ഷണം ലഭിക്കാതിരിക്കാനുള്ള സാഹചര്യം ഒഴിവാക്കുകയെന്നും ലക്ഷ്യമിട്ടിരുന്നു. ഇതു ഏറെക്കുറെ നടക്കുന്നുമുണ്ട്. പോലീസ് സ്റ്റേഷന്, പോലീസ് എയ്ഡ് പോസ്റ്റ് എന്നിവിടങ്ങളില്‍ നിന്നാണ് ഭക്ഷണ കൂപ്പണ്‍ ലഭിക്കുന്നത്. പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ള ഹോട്ടലുകളില്‍ ചെന്നാല്‍ ഭക്ഷണപ്പൊതി ലഭിക്കും. പദ്ധതിയിലേക്ക് പൊതു ജനങ്ങള്‍ സ്വമേധയാ സഹായങ്ങളും നല്‍കുന്നുണ്ട്. സംഭാവന നിക്ഷേപിക്കാനുള്ള പെട്ടിയും ഹോട്ടലുകളില്‍ വെച്ചിട്ടുണ്ട്.
യാചകരില്ലാത്ത നഗരമാക്കാനായി യാചകര്‍ക്ക് പണം നല്‍കാതെ പകരം ഭക്ഷണം നല്കി അവരെ യാചകവൃത്തിയില്‍ നിന്നും പിന്തിരിപ്പിക്കുകയോ, നഗരത്തില്‍ നിന്നും ഒഴിഞ്ഞു പോകാനുള്ള സാഹചര്യമുണ്ടാക്കുകയോ ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. എന്നാല്‍ ഈ ലക്ഷ്യത്തിലെത്തിയില്ലെന്ന് മാത്രമല്ല, യാചകരുടെ എണ്ണം നഗരത്തില്‍ ഏറുകയാണ്. ഭക്ഷണ കൂപ്പണ്‍ വാങ്ങുവാന്‍ ആളുകളെത്തുന്നുണ്ടെങ്കിലും ഇവരൊന്നും യാചക ഗണത്തില്‍ പെടുത്താന്‍ കഴിയില്ലെന്നാണ് പോലീസ് പറയുന്നത്. പ്രായമുള്ളവരും ഗ്രാമങ്ങളില്‍ നിന്നും പല ആവശ്യങ്ങള്‍ക്കായി നഗരത്തിലെത്തുന്നവരുമാണ്. യാചകരാരും തന്നെ കൂപ്പണ്‍ വാങ്ങാന്‍ പോലീസിനെ സമീപിക്കുന്നില്ലെന്നതും ശ്രദ്ധിക്കപ്പെടേണ്ട കാര്യമാണ്. കൂപ്പണ്‍ വാങ്ങി ഭക്ഷണം കഴിച്ചാല്‍ യാചന നടക്കില്ലെന്ന് നന്നായി അറിഞ്ഞുതന്നെയാണ് യാചകര്‍ ഒഴിഞ്ഞു മാറുന്നത്. പോലീസും ഇക്കാര്യം ശ്രദ്ധിക്കുമെന്ന ഭയവും ഈ പിന്മാറ്റത്തിന് കാരണമാകുന്നുണ്ട്.
നഗരത്തിലെ യാചകരെ നിയന്ത്രിക്കുന്ന സംഘം പോലീസിന്റെ കണ്ണുവെട്ടിച്ചു നഗരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരെ ഭയന്നാണ് യാചകര്‍ ഭക്ഷണം വാങ്ങാന്‍ തയ്യാറാകാത്തത്. കൈകാലുകള്‍ ഇല്ലാത്ത നിരവധി യാചകര്‍ നേരം വെളുക്കുമ്പോള്‍ നഗരത്തില്‍ പ്രത്യക്ഷപ്പെടാറുണ്ട്. പൊടുന്നനെ ഇവരെ കാണാതാവുകയും ചെയ്യുന്നു. ഇവരെ നഗരത്തിലെത്തിക്കുന്ന സംഘം തന്നെയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഈ സാഹചര്യത്തിലാണ് അന്നം വാങ്ങാതെ ഭിക്ഷാടനം നടത്തി പണമുണ്ടാക്കാന്‍ യാചകര്‍ താല്പര്യം കാട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: