നീലേശ്വരം: നീലേശ്വരം നഗരമധ്യത്തില്‍ സ്ഥിതി ചെയ്യുന്ന പ്രമുഖ സഹകരണ ആശുപത്രിയില്‍ നിന്നുള്ള രക്തം കലര്‍ന്ന മലിനജലം ഓടയിലേക്കൊഴുക്കുന്നതായി കണ്ടെത്തി. ഇന്നലെ രാവിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ള സമീപവാസികളാണ് ഓടയുടെ പൊട്ടിയ സ്ലാബിലൂടെ രക്തം കലര്‍ന്ന മലിനജലവും ആശുപത്രിയിലെ അവശിഷ്ടങ്ങളും ഒഴുകുന്നതായി കണ്ടത്. ആശുപത്രിക്കും തൊട്ടടുത്തുള്ള കെട്ടിടത്തിനും ഇടയിലൂടെയാണ് മലിനജല പൈപ്പ് ഓടയിലേക്ക് നീട്ടിയിട്ടിരിക്കുന്നത്. ഇതിലൂടെ ഈ മലിനജലം റെയില്‍വേ ലൈനിന്റെ അരികിലുള്ള ഓവുചാലിലൂടെ തൊട്ടടുത്തുള്ള വയലിലേക്കാണ് ഒഴുകിയെത്തുക. ഈ മലിനജലം വയലിലെ വെള്ളവുമായി കൂടിക്കലരുമ്പോള്‍ പരിസരത്തെ വീടുകളിലെ കിണറുകളിലേക്കും ഒഴുകാനിടയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ആശുപത്രിയിലെ മലിനജലം ഓടയിലേക്കൊഴുക്കുന്നത് തടഞ്ഞില്ലെങ്കില്‍ പരിസരവാസികള്‍ക്കും മന്ദംപുറത്ത് കാവിലെത്തുന്ന ആയിരക്കണക്കിന് വിശ്വാസികള്‍ക്കും ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാന്‍ ഇടയാക്കിയേക്കുമെന്നും ആശങ്കയുണ്ട്. ഗുരുതരമായ ആരോഗ്യ ഭവിഷ്യത്തുകളുണ്ടാക്കുന്ന ഈ നടപടിക്കെതിരെ ജനങ്ങളില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നു. നിരവധി വീടുകളാണ് ഈ മലിനജലമൊഴുകുന്ന ഓവുചാലിന്റെ സമീപത്തുള്ളത്. ഈ സ്ഥാപനത്തിന്റെ നടപടിക്കെതിരെ നേരത്തെ തന്നെ പരിസരവാസികള്‍ പരാതിയുമായി രംഗത്ത് വന്നിരുന്നുവെങ്കിലും നടപടിയെടുക്കാന്‍ തയ്യാറായില്ലെന്ന് ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: