ബദിയടുക്ക: സമ്പൂര്‍ണ്ണ ശുചിത്വമെന്നത് കടലാസിലും പ്രഖ്യാപനത്തിലും മാത്രമായി ഒതുങ്ങുകയാണ് അത് നടപ്പിലാക്കിയെന്ന് അവകാശപ്പെടുന്ന ബദിയടുക്ക ടൗണിലും പരിസരങ്ങളിലുമുള്ള മാലിന്യ കൂമ്പാരം അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുന്നു. ആഗസ്തില്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുടുംബശ്രി പ്രവര്‍ത്തകര്‍ക്ക് പഞ്ചായത്ത് പരിധിയിലെ എല്ലാ വീടുകളിലും കയറി ഇറങ്ങി ശുചിത്വത്തെ കുറിച്ച് ബോധവത്കരണവും സര്‍വ്വേ പ്രവര്‍ത്തനവും നടത്താന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.
ജന പ്രതിനിധികളും ജീവനക്കാരും ആരോഗ്യ വകുപ്പ് അധികൃതരും കുടുംബശ്രീ പ്രവര്‍ത്തകരും വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളെയും അണി നിരത്തി ടൗണില്‍ ശുചിത്വ വിളംബര ഘോഷയാത്രയും നടത്തി. ശുചീകരണ പ്രവര്‍ത്തനത്തിന് അനുവദിച്ച തുക ചിലവഴിച്ചതല്ലാതെ നഗരത്തിലെ ചില സ്ഥലങ്ങളില്‍ ഇപ്പോഴും മാലിന്യം കുമിഞ്ഞ് കൂടുകയാണ്. ചില സ്വകാര്യ വ്യക്തികളുടെ സ്ഥലത്താണ് മാലിന്യം കുമിഞ്ഞു കൂടുന്നത്. ബദിയടുക്ക ടൗണിലെ ബസ് സ്റ്റാന്റിന് സമീപവും ടൗണില്‍ നിന്നും നവജീവന ഹൈസ്കൂളിലേക്ക് കടന്ന് പോകുന്ന റോഡരികില്‍ കാംപ്കോക്ക് പിറക് വശത്തെ ഒരു സ്വകാര്യ വ്യക്തിയുടെ പറമ്പിലുമാണ് മാലിന്യ നിക്ഷേപമുള്ളത്. സ്കൂള്‍ കുട്ടികളടക്കം നിരവധി യാത്രക്കാര്‍ കടന്ന് പോകുന്ന റോഡരികില്‍ മാലിന്യം നിക്ഷേപിക്കുന്നതിനെ കുറിച്ച് ആരോഗ്യ വകുപ്പ് അധികൃതര്‍ക്ക് വ്യക്തമായി അറിയാമെങ്കിലും അതിനെതിരെ നടപടി സ്വീകരിക്കേണ്ടത് പഞ്ചായത്ത് അധികൃതരെന്ന് പറഞ്ഞ് കൈയൊഴിയുകയാണത്രെ.
വൈകുന്നേരങ്ങളില്‍ നവജീവന്‍ ഹൈസ്കൂള്‍ റോഡ് മദ്യപര്‍ കൈയ്യടക്കുകയും ഇവര്‍ വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികളിലും ഗ്ലാസുകളിലും വെള്ളം കെട്ടി നിന്ന് കൊതുകുകള്‍ മുട്ടയിടുന്നത് മൂലം ഇവിടം കൊതുക് വളര്‍ത്ത് കേന്ദ്രമാവുന്നു. ബദിയടുക്കയില്‍ നേരത്തെ പ്രവര്‍ത്തിച്ചിരുന്ന വിദേശ മദ്യ വില്‍പ്പന ശാല മുള്ളേരിയയിലേക്ക് മാറിയതോടെ ഇവിടം കര്‍ണ്ണാടകയില്‍ നിന്ന് കൊണ്ട് വന്ന് മദ്യ വില്‍പ്പന നടത്തുന്ന സംഘം സജീവമായതായി പരാതിയുണ്ട്. ദിവസവും നൂറ് കണക്കിന് പ്ലാസ്റ്റിക് കുപ്പികളും ഗ്ലാസും ഇവിടെ വലിച്ചെറിയുകയാണ്. മാലിന്യം കുന്ന്കൂടി കിടക്കുമ്പോള്‍ വര്‍ഷന്തോറും കാല വര്‍ഷത്തിന് മുമ്പായി വാര്‍ഡുകളില്‍ ശുചീകരണ പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ അനുവദിക്കുന്ന തുക വേണ്ടപ്പോലെ വിനിയോഗിക്കാതെ ആരോഗ്യ വകുപ്പിലെ ചിലര്‍ കണക്കുകള്‍ രേഖപ്പെടുത്തി അടിച്ച് മാറ്റുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ തയ്യാറാവണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: