കാസര്‍കോട്: പ്രായം എണ്പതു കഴിഞ്ഞിട്ടും കാല്‍ക്കരുത്തിന്റെ കളിയില്‍ തനിക്കിപ്പോഴും പഴയ ഉശിരുണ്ടെന്നു കാണിച്ച് വെറ്ററന്‍ ഫുട്ബോള്‍ താരം മുസ്തഫ മുതല്‍ അഞ്ചര വയസുകാരന് ആത്മജ് വരെ ഗോളടിച്ച് വണ്‍മില്ല്യന്‍ ഗോള്‍ പരിപാടിയില്‍ പങ്കാളികളായപ്പോള്‍ ജില്ലയിലും ഗോള്‍പ്പെരുമഴ. കളക്ടറേറ്റ് വിഐപി കേന്ദ്രമായി നടന്ന ഗോള്‍ അടിക്കല്‍ മാമാങ്കം ജില്ലയില്‍ ഇരുന്നൂറിലധികം കേന്ദ്രങ്ങളിലാണ് ഉണ്ടായിരുന്നത്.
കാസര്‍കോട് വലയിലായത് ഒന്നരലക്ഷം ഗോളുകള്‍. ആദ്യ മൂന്നു മണിക്കൂറില്‍ തന്നെ സംസ്ഥാനത്താകെ 10,55,783 ഗോളുകളുമായി ലക്ഷ്യം മറികടന്നു. അതില്‍ ജില്ലയുടെ സംഭാവന 90,000 ഗോളുകളായിരുന്നു. മുന്നിലെത്താന്‍ മത്സരിച്ചത് മലപ്പുറവും കോഴിക്കോടുമായിരുന്നു. മലപ്പുറം 1,32,330 ഗോളുകളും വെറും അഞ്ചുഗോളുകള്‍ക്ക് പിന്നിലായി കോഴിക്കോട് 1,32,225 ഗോളുകളുമായി കടുത്ത പോരാട്ടം കാഴ്ചവച്ചു. തൊട്ടുപിന്നിലായി കണ്ണൂരും കാസര്‍കോടും മത്സരത്തിന്റെ വീര്യം കൂട്ടി. കേരളമാകെ ആവേശത്തില്‍ ഏറ്റെടുത്ത വണ്‍ മില്ല്യണ്‍ ഗോള്‍ പരിപാടിയില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ അടിച്ചത് ചെങ്കള പഞ്ചായത്തില്‍. 17,745 ഗോളുകളാണ് പഞ്ചായത്തില്‍ മാത്രം അടിച്ചുകൂട്ടിയത്. മുന്നു മുന്‍സിപ്പാലിറ്റികളില്‍ 6535 ഗോളുകളുമായി കാസര്‍കോട് മുന്നിലെത്തി. കോളജുകളില്‍ കാസര്‍കോട് ഗവണ്മെന്റ് കോളജ് 1116 ഗോളുമായി ഒന്നാമതെത്തി.
ഇന്ത്യയില്‍ ആദ്യമായി വിരുന്നെത്തുന്ന ലോകകപ്പ് ഫുട്ബോളിന്റെ പ്രചാരണാര്‍ഥമാണ് കായിക-യുവജനക്ഷേമവകുപ്പും കേരള സ്പോര്‍ട്സ് കൗണ്‍സിലും സംയുക്തമായി സംസ്ഥാനമെങ്ങും വണ്‍ മില്ല്യന്‍ ഗോള്‍ പരിപാടി സംഘടിപ്പിച്ചത്. കൊച്ചി ഉള്‍പ്പെടെ ആറ് നഗരങ്ങളില്‍ ഒക്ടോബര്‍ ആറു മുതല്‍ 27 വരെയാണ് അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോള്‍ അരങ്ങേറുന്നത്. ആളില്ലാത്ത ഗോള്‍ പോസ്റ്റിലേക്ക് ഗോളടിച്ചാണ് പങ്കെടുത്ത എല്ലാവരും ഗോള്‍വല നിറച്ചത്. ഗോളടിക്കാന്‍ ആവേശമായി നാടന്‍പാട്ടും അകമ്പടിയായി. ഇടയ്ക്ക് വില്ലനായി മഴയെത്തിയെങ്കിലും ഗോള്‍പ്പെരുമഴയ്ക്കു മുന്നില്‍ മുട്ടുമടക്കി.
ജില്ലയില്‍ കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ ഗോളടിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ്, കാസര്‍കോട് നഗരസഭ ചെയര്പേഴ്സന് ബിഫാത്തീമ ഇബ്രാഹിം, എഡിഎം:എച്ച്.ദിനേശന്, ആര്‍ഡിഒ: ഡോ.പി. കെ.ജയശ്രീ, ഡെപ്യൂട്ടി കളക്ടര്‍ എന്‍.ദേവിദാസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.വി സുഗതന്, വിവിധ ജനപ്രതിനിധികള്‍, വിവിധ ജില്ലാതല ഉദ്യോഗസ്ഥര്‍, കായികതാരങ്ങള്‍, മാധ്യമപ്രവര്‍ത്തകര്‍, കളക്ടറേറ്റിലെ ജീവനക്കാര്‍, ചിന്മയ കോളജിലെ വിദ്യാര്‍ഥികളും അധ്യാപകരും ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകള്‍ വിഐപി കേന്ദ്രമായ കളക്ടറേറ്റില്‍ ഗോളടിച്ചു.
ഉച്ചകഴിഞ്ഞ് മൂന്നുമണി മുതല്‍ ഏഴുവരെയായിരുന്നു ഗോളടിക്കാന്‍ അവസരം. സംസ്ഥാനത്ത് മൊത്തം പത്തുലക്ഷത്തോളം ഗോള്‍ അടിച്ച് റെക്കോഡ് ലക്ഷ്യംവച്ചു കൂടിയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. പ്രത്യേക മൊബൈല്‍ ആപ്ലീക്കേഷനിലൂടെ ഗോളുകളുടെ എണ്ണം സംബന്ധിച്ച വിവരം തത്സമയം നല്‍കിയിരുന്നു.
കാഞ്ഞങ്ങാട്: ഏഴ് കേന്ദ്രങ്ങളില്‍ കാഞ്ഞങ്ങാട് നഗരസഭയുടെ നേതൃത്വത്തില്‍ പത്തായിരം ഗോളുകള്‍ അടിച്ചു. കോട്ടച്ചേരി, ഉപ്പിലിക്കൈ, എസ്.എന്‍.പോളി, മാന്തോപ്പ്, ദുര്‍ഗ ഹയര്‍സെക്കന്ററി സ്കൂള്‍, പടന്നക്കാട് തോട്ടം എന്നിവിടങ്ങളിലാണ് ഗോളടിക്കാനുള്ള സൗകര്യങ്ങളൊരുക്കിയത്. കാഞ്ഞങ്ങാട് നഗരസഭ ചെയര്മാന് വി.വി.രമേശന് ആദ്യ ഗോളടിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ എല്‍.സുലൈഖ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് മഹമൂദ് മുറിയനാവി, കൗണ്‍സിലര്‍ സന്തോഷ് കുശാല്‍നഗര്‍, ഡിവൈഎസ്പി കെ.ദാമോദരന്‍, സി.ഐ സുനില്കുമാര്മാര് എന്നിവര്‍ ഗോളുകള്‍ അടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: