കാസര്‍കോട്: മഞ്ചേശ്വരം ചെക്ക്പോസ്റ്റ് വിപുലീകരണത്തിനു വേണ്ടി ഏറ്റെടുത്ത സ്ഥലത്തിന്റെ പണം നല്കാത്തതിനാല് കാസര്‍കോട് സര്‍ക്കാര്‍ അതിഥി മന്ദിരം കാസര്‍കോട് സബ് കോടതി ജപ്തി ചെയ്തു. ബങ്കര മഞ്ചേശ്വരം കാളികാ പരമേശ്വരി ക്ഷേത്ര കമ്മറ്റിയുടെ ഹരജിയെ തുടര്‍ന്നാണ് സര്‍ക്കാര്‍ അതിഥി മന്ദിരം ജപ്തി ചെയ്തുകൊണ്ട് കോടതി ഉത്തരവിട്ടത്.
2014ല്‍ കേരള കര്‍ണാടക അതിര്‍ത്തിയിലെ മഞ്ചേശ്വരം ചെക്ക്പോസ്റ്റ് വിപുലീകരിക്കാന്‍ ക്ഷേത്രത്തിന്റെ 1.80 ഏക്കര്‍ സ്ഥലം ഉള്‍പ്പെടെ എട്ടേക്കറോളം സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. സ്ഥലത്തിന്റെ 60 ശതമാനം പണം അഡ്വാന്‍സായി നല്‍കിയെങ്കിലും ബാക്കി വരുന്ന തുക മൂന്നു വര്‍ഷമായിട്ടും നല്‍കാത്തതിനെ തുടര്‍ന്നാണ് ക്ഷേത്രം ഭാരവാഹികള്‍ കോടതിയെ സമീപിച്ചത്.
സ്ഥലര്വറ്റെടുക്കുമ്പോള് സെന്റിന് 19,000 രൂപയായിരുന്നു അന്ന് തഹസില്‍ദാര്‍ നിശ്ചിയിച്ചിരുന്നത്. എന്നാല്‍ ഇതിനെതിരെ ക്ഷേത്രം ഹൈക്കോടതിയെ സമീപിച്ചു. ദേശീയപാതക്കരികിലെ സ്ഥലത്തിന് സെന്റിന് നാലുലക്ഷം രൂപ ലഭിക്കണമെന്നായിരുന്നു ക്ഷേത്രം ആവശ്യപ്പെട്ടത്. എന്നാല്‍ രണ്ടരലക്ഷം രൂപ നല്കാന് ഹൈക്കോടതി ഉത്തരവിട്ടു. കോടതി ഉത്തരവിന് ശേഷവും പണം നല്‍കാത്തതിനെ തുടര്‍ന്നാണ് ക്ഷേത്രം ഭാരവാഹികള്‍ സബ് കോടതിയെ സമീപിച്ചത്.
ജില്ലാ കലക്ടര്‍, സ്പെഷല്‍ തഹസില്‍ദാര്‍, വാണിജ്യനികുതി ഡപ്യൂട്ടി കമ്മീഷണര്‍ എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് കേസ് ഫയല്‍ ചെയ്തത്. ഇതിന്മേലാണ് കാസര്‍കോട് സര്‍ക്കാര്‍ അതിഥി മന്ദിരം ജപ്തി ചെയ്യാന്‍ കോടതി ഉത്തരവിട്ടത്. ഇതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയെങ്കിലും പണം കോടതിയില്‍ കെട്ടിവെക്കാതെ അപ്പീല്‍ അനുവദിക്കില്ലെന്നാണ് കോടതിയുടെ നിലപാട്. ഒക്ടോബര്‍ 29നകം സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ രേഖകള്‍ കോടതിയില്‍ ഹാജരാക്കാനും ഉത്തരവിട്ടിട്ടുണ്ട്.
അതേ സമയം അതിഥി മന്ദിരം ലേലം ചെയ്യാനുള്ള നടപടികളുമായി മുന്നോട്ടുപോകാനാണ് ക്ഷേത്ര കമ്മറ്റിയുടെ തീരുമാനം. അതേ സമയം അതിഥി മന്ദിരം നഷ്ടപ്പെടാതെ ലേല നടപടികള്‍ ഒഴിവാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ജിഎസ്ടി നിലവില്‍ വന്നതോടെ ചെക്ക് പോസ്റ്റുകള്‍ ആവശ്യമില്ലാത്തതിനാല്‍ സ്ഥലം എന്തിനെന്ന നിലപാടിലാണ് സര്‍ക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: