കാസര്‍കോട്: കടലാടിപ്പാറ ഖനനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നടക്കുന്ന കേസുകളില്‍ തോറ്റ് കൊടുക്കാനായി കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ വിചിത്രമായ ഉത്തരവ് പുറപ്പെടുവിച്ചു. റവന്യൂ വകുപ്പ് അറിയാതെയാണ് ആശപുര കമ്പനിക്ക് ഖനനാനുമതി നല്‍കിയതെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്. പക്ഷെ കമ്പനി നല്കിയ ആദ്യത്തെ അപേക്ഷ അന്നത്തെ ഹോസ്ദുര്‍ഗ് താഹസില്‍ദാര്‍, ജില്ലാ കളക്ടര്‍ എന്നിവരുടെ പരിശോധന റിപ്പോര്‍ട്ട് സഹിതമാണ് വ്യവസായ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജോണ്‍ മത്തായി കേന്ദ്ര സര്‍ക്കാറിന് അയച്ചു കൊടുത്തത്.
അതിനാല്‍ തന്നെ ഉത്തരവിലെ ഈ ഭാഗം കമ്പനിയെ സഹായിക്കാനായിട്ടുള്ളതാണെന്ന വാദം ശക്തമാകുകയാണ്. സിപിഎമ്മും കമ്പനിയുമായി ഒത്തു കളിച്ചതിന്റെ ഭാഗമായിട്ടാണ് 2017 നവംബര്‍ 11 വരെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ടി.ഒ.ആര് നിലനില്‍ക്കുന്ന സമയത്ത് ഇത്തരത്തില്‍ ഉത്തരവ് പുറപ്പെടുവിച്ചത്. അതിനാല്‍ തന്നെ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ഉത്തരവിന് നിയമസാധുതയില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഖനനാനുമതി റദ്ദ് ചെയ്യാതെയാണ് ആ ഭൂമി മറ്റ് ആവശ്യങ്ങള്‍ക്കായി അനുവദിച്ച സ്ഥലമാണെന്ന് പറയുന്നത്. കേസ് വാദത്തിന് വന്ന സമയങ്ങളില്‍ നിരത്താത്ത വാദങ്ങളുമായാണ് ഉത്തരവ് ഇറങ്ങിയത് തന്നെ കമ്പനിയെ സഹായിക്കാനാണെന്നതിന്റെ തെളിവാണ്.
എല്ലാ അനുമതികളൊടെയും ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കിനാനൂര്‍ വില്ലേജിലെ 80.937 ഹെക്ടര്‍ ഭൂമി 30 വര്‍ഷത്തേക്കാണ് ഖനനത്തിനായി കമ്പനിക്ക് പാട്ടത്തിന് നല്‍കിയിരിക്കുന്നത്. സിപിഎം പാര്‍ട്ടി സമ്മേളനങ്ങള്‍ ആരംഭിച്ച ഘട്ടത്തില്‍ കിനാനൂരിലെ ചില നേതാക്കളുടെ സ്ഥാനങ്ങള്‍ ഉറപ്പിക്കാനായിട്ടാണ് ഈ ഉത്തരവ് ഇറക്കിയിരിക്കുന്നത്. പ്രത്യക്ഷത്തില്‍ ജനങ്ങള്‍ക്ക് അനുകൂല ഉത്തരവാണെന്ന് തോന്നുമെങ്കിലും കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടാല്‍ കമ്പനിയുടെ വാദങ്ങള്‍ക്ക് അനുകൂലമായ ബലപ്പെടുത്തുന്ന രേഖയായി ഇത് മാറുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: