കരിന്തളം: അണ്ടോള്‍ ശ്രീ കുന്നുമ്മല്‍ പുതിയറക്കാല്‍ ഭഗവതിക്ഷേത്രത്തില്‍ പൂരക്കളി പണിക്കര്‍ക്ക് പട്ടും വളയും നല്‍കാനുള്ള തീരുമാനത്തെച്ചൊല്ലിയുള്ള വിവാദം പുതിയ വഴിത്തിരിവില്‍. സംഭവത്തെ വിമര്‍ശിച്ചു കൊണ്ട് ഡിവൈഎഫ്ഐ ജില്ലാ കമ്മറ്റി അംഗത്തിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് വിവാദമായത്.
ജില്ലാ കമ്മറ്റി അംഗവും പൂരക്കളി പണിക്കരുമായ പി.ശാര്ങിയുടെ സഹോദരനും പൂരക്കളി പണിക്കറുമായ രാജേഷ് പണിക്കരാണ് മാധ്യമ വാര്‍ത്തക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടത്. വാര്‍ത്ത തികച്ചും വസ്തുതാ വിരുദ്ധമാണെന്നും പണിക്കര്‍ക്ക് പട്ടുംവളയും നല്കാന് തീരുമാനിച്ചിട്ടില്ലെന്നുമാണ് രാജേഷ് പണിക്കറുടെ പോസ്റ്റ്. എന്നാല്‍ 17 അംഗ കമ്മറ്റി പണിക്കര്‍ക്ക് പട്ടും വളയും നല്കാന് തീരുമാനമെടുക്കുകയും ഇതു സംബന്ധിച്ച് തുടര്‍ നടപടികളെടുക്കാന്‍ ‘മോഹന്‍ദാസ് പണിക്കര്‍ക്ക് പട്ടും വളയും നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കല്‍’ എന്ന പ്രത്യേക അജണ്ട വെച്ച് ജനറല്‍ബോഡിയോഗം വിളിച്ചു ചേര്‍ക്കുകയും ചെയ്തിരുന്നു. ഇക്കാര്യം രാജേഷ് പണിക്കര്‍ മനപൂര്‍വ്വം മറച്ചുവെച്ചു. ഈ ജനറല്‍ബോഡി യോഗത്തില്‍ ക്ഷേത്രാശാന്മാരുള്പ്പെടെ ബഹുഭൂരിപക്ഷവും പട്ടും വളയും നല്‍കുന്നതിനെ അനുകൂലിക്കുകയും ചെയ്തു. പിന്നീടാണ് ഇക്കാര്യത്തില്‍ തീര്‍പ്പു കല്പ്പിക്കാന് തുരുത്തി കഴകത്തില്‍ അപേക്ഷ നല്‍കുകയും കഴകം അത് അംഗീകരിക്കുകയും ചെയ്തത്. പട്ടും വളയും നല്കാന് തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ വള പണിയാന്‍ മോഹന്‍ദാസ് പണിക്കരുടെ കൈ അളവ് പോലുമെടുത്തതിന് ശേഷമാണ് പട്ടും വളയും നല്കാന് പാടില്ലായെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടത്.
എന്നാല്‍ കയ്യൂര്‍ മുണ്ട്യക്കാവില്‍ നിന്നും, കൊഴുമ്മല്‍ മാക്കി മുണ്ട്യക്കാവില്‍ നിന്നും പട്ടും വളയും വാങ്ങിയ രാജേഷ് പണിക്കരാണ് മറ്റൊരു പൂരക്കളി പണിക്കര്‍ക്ക് പട്ടും വളയും നല്കുന്നതിനെതിരെയെതിര്പ്പുമായി രംഗത്തു വന്നതെന്ന് ഈ ഫേസ്ബുക്ക് പോസ്റ്റോടെ പൊതുജനങ്ങള്‍ക്ക് വ്യക്തമായി. മൂന്ന് പണിക്കന്മാരടങ്ങുന്ന കുടുംബാംഗമായ രാജേഷ് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നു വന്നിട്ടുള്ളത്.
മോഹന്‍ദാസ് പണിക്കരെ ഉപചാരപൂര്‍വ്വം കൂട്ടിക്കൊണ്ടുപോകല്‍ ചടങ്ങ് നടത്താതിരിക്കാന്‍ കാരണം, മോഹന്‍ദാസ് പണിക്കര്‍ വരാന്‍ തയ്യാറാവാത്തതു കൊണ്ടാണെന്നും രാജേഷ് പണിക്കരുടെ പോസ്റ്റില്‍ പറയുന്നുണ്ട്. എന്നാല്‍ ക്ഷേത്രം ഭാരവാഹികള്‍ മോഹന്‍ദാസ് പണിക്കരെ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്ന് ഉപചാരപൂര്‍വ്വം ക്ഷേത്രത്തിലേക്ക് ആദരിച്ച് കൊണ്ടു വരികയാണ് ചെയ്തത്. ബ്രാഞ്ച് സമ്മേളനങ്ങള്‍ ആരംഭിച്ചതോടെ യോഗങ്ങളില്‍ സംഭവം വിവാദമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: