കാസര്‍കോട്: ലൈഫ് പദ്ധതി പ്രകാരം സര്‍ക്കാര്‍ പതിച്ചു നല്കിയ ഭൂമിയില്‍ സ്വകാര്യ വ്യക്തി വീട് നിര്‍മ്മിച്ചതായി പരാതിയുയര്‍ന്നു. എന്മകജെ വില്ലേജില്‍ പെര്‍ള ചെക്ക്പോസ്റ്റിന് സമീപമാണ് ലൈഫ് പദ്ധതി പ്രകാരം 22 പേര്‍ക്ക് സര്‍ക്കാര്‍ മൂന്നു സെന്റ് വീതം ഭൂമി അനുവദിച്ചത്. ഈ ഭൂമിയില്‍ ഒമ്പത് സെന്റ് സ്ഥലം കൈയ്യടക്കിയാണ് സ്വകാര്യ വ്യക്തി വീടു നിര്‍മ്മിച്ചിരിക്കുന്നത്.
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനായ ബി. അബ്ദുര്‍ റഹ്മാന്, ജനാര്‍ദ്ദന റൈ, മിസ്രിയ എന്നിവര്‍ക്ക് അനുവദിച്ച സ്ഥലങ്ങളാണ് സ്വകാര്യവ്യക്തി കൈയ്യടക്കി വെച്ചിരിക്കുന്നത്. ഇതുസംബനധിച്ച് വില്ലേജ് അധികൃതര്‍ക്കും കലക്ടര്‍ക്കും പരാതി നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് ഇവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഭൂമിയില്ലാത്തവര്‍ക്ക് മൂന്ന് സെന്റ് ഭൂമി നല്കുന്ന പദ്ധതിയില്‍പെടുത്തിയാണ് ഇവര്‍ക്ക് ഭൂമി ലഭിച്ചത്.
എന്‍ഡോസള്‍ഫാന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട അബ്ദുര്‍ റഹ്മാന് സ്നേഹ സാന്ത്വനം കാര്‍ഡ് ലഭിച്ച വ്യക്തിയാണ്. മിസ്രിയ ഉള്‍പ്പെടെ 22 പേര്‍ക്ക് പെര്‍ള ചെക്ക് പോസ്റ്റിനടുത്ത് സ്ഥലം അനുവദിച്ചിരുന്നു. ചിലര്‍ക്ക് ഭൂമി അതിര് കാണിച്ച് നല്‍കിയതായി ഇവര്‍ പറയുന്നു. മറ്റുള്ളവര്‍ക്ക് കൃത്യമായ സ്ഥലം കാണിച്ചു കൊടുത്തിട്ടില്ല. ഈ ഭൂമിയിലേക്ക് കയറുന്നതിന് സ്വകാര്യ വ്യക്തിയുടെ ഭീഷണി ഉണ്ടെന്നും ഇവര്‍ക്ക് മണല്‍ മാഫിയയുമായി ബന്ധമുണ്ടെന്നും കുടുംബാംഗങ്ങള്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: