കാസര്‍കോട്: ഓയില്‍ കമ്പനികള്‍ ഫയര്‍ഫോഴ്സിന് നല്‍കാമെന്ന് പറഞ്ഞ സേഫ്റ്റി ടൂള്‍ കിറ്റുകള്‍ ഇത് വരെ ലഭിച്ചില്ലെന്ന പരാതി വ്യാപകമാകുന്നു. രാത്രി സമയങ്ങളില്‍ വീടുകളില്‍ പാചകവാതക ചോര്‍ച്ചപോലെയുള്ള അപകടരമായ സാഹചര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ ഓയില്‍ കമ്പനികളില്‍ നിന്നോ ഏജന്‍സികളില്‍ നിന്നോ ജനങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ലഭിക്കുന്നില്ലെന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു. വീടുകളില്‍ ഉണ്ടാകുന്ന അപകടങ്ങളില്‍ ഭൂരിഭാഗവും സിലിണ്ടര്‍ വാല്‍വിലെ തകരാര്‍മൂലമാണ്. ജില്ലയിലെ അഞ്ച് ഫയര്‍ഫോഴ്സ് യുണിറ്റുകള്‍ക്ക് ഓയില്‍ കമ്പനികള്‍ വാഗ്ദാനം ചെയ്തിരുന്ന സേഫ്റ്റി ടൂള്‍ കിറ്റുകള്‍ ഇതുവരെയും നല്‍കിയിട്ടില്ലെന്ന പരാതിയില്‍ ഓയില്‍ കമ്പനികളോട് വിശദീകരണം തേടുമെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി.
ബുള്ളറ്റ് ടാങ്കര്‍ പോലെയുള്ള വലിയ വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടാല്‍ വാഹനങ്ങള്‍ ഉയര്‍ത്തുന്നതിനും മറ്റും വലിയ റെസ്ക്യു വാഹനം ഉള്‍പ്പെടെയുള്ളവ ജില്ലയില്‍ ഇല്ല. പാചകവാതകവുമായി വരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാരില്‍ പലര്‍ക്കും അവര്‍ കൈകാര്യം ചെയ്യുന്ന വസ്തുക്കളെ കുറിച്ച് ബോധവാന്മാരല്ലെന്ന് #ാരോപണം ശക്തമാകുന്നു. പലപ്പോഴും ഡ്രൈവര്‍ക്ക് തങ്ങളുടെ വാഹനത്തില്‍ കൊണ്ടുപോകുന്നത് എന്താണെന്നുപോലും ധാരണയുണ്ടാകില്ല. മാത്രമല്ല അപകടം ഉണ്ടായാല്‍ എന്തു ചെയ്യണമെന്നും അറിയാത്തവരാകും. റിഫൈനറികളിലെ പരിശോധനകള്‍ക്ക് ശേഷം പ്രധാനപാതകളിലെത്തുമ്പോള്‍ ഭൂരിഭാഗം വാഹനങ്ങളിലും രണ്ടു ഡ്രൈവര്‍മാര്‍ ഉണ്ടാകാറില്ല. രണ്ടുവര്‍ഷത്തിലൊരിക്കല്‍ ഗ്യാസ് ഏജന്‍സികളില്‍ നിന്ന് വിദഗ്ധരായവര്‍ പാചകവാകത ഉപയോക്താക്കളുടെ വീടുകളില്‍ നടത്തുന്ന സുരക്ഷ പരിശോധനകള്‍ ജില്ലയില്‍ കൃത്യമായി നടക്കുന്നില്ലെന്ന് ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: