കാഞ്ഞങ്ങാട്: പാര്‍ട്ടി പുറത്താക്കിയതിനെ തുടര്‍ന്ന് കണ്ട്രോള് കമ്മീഷന് ഇടപെട്ട് അംഗത്വം പുതുക്കിയ സിപിഎം പ്രവര്‍ത്തകനെ ബ്രാഞ്ച് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് വിലക്ക്. സിപിഎം കോടോത്ത് ലോക്കലിലെ ഉദയപുരം ബ്രാഞ്ച് കമ്മറ്റി അംഗമായ ഉണ്ണികൃഷ്ണനെയാണ് മാറ്റിനിര്‍ത്തിയത്.
ചൊവ്വാഴ്ചയാണ് സമ്മേളനം നടന്നത്. ജില്ല സെക്രട്ടറി കെ.പി.സതീഷ് ചന്ദ്രന് ആവശ്യപ്പെട്ടിട്ടാണ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. ബിജെപി പ്രവര്‍ത്തകരെ അക്രമിച്ച കേസില്‍ പ്രതിയായി റിമാന്റില്‍ കഴിഞ്ഞിരുന്നു.
രണ്ട് വര്‍ഷം മുമ്പ് ചാത്തന്‍പൂജ നടത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് ഉണ്ണികൃഷ്ണനെ പാര്‍ട്ടി പുറത്താക്കിയത്. സ്വന്തം സ്ഥലത്ത് കെട്ടി ഉയര്‍ത്തിയ ഷെഡ്ഡ് ഒരു സംഘം തകര്‍ക്കുകയും ചെയ്തു. ചില കേന്ദ്രങ്ങള്‍ തനിക്കെതിരെ പ്രചാരണം നടത്തിയതിനെ തുടര്‍ന്നാണ് പാര്‍ട്ടി പുറത്താക്കിയതെന്ന് ഉണ്ണികൃഷ്ണന് പറഞ്ഞു.
എന്നാല്‍ രണ്ട് വര്‍ഷവും അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനായി കഴിഞ്ഞ ഉണ്ണികൃഷ്ണന്, നീതി തേടിയാണ് കണ്ട്രോള് കമ്മീഷനെ സമീപിച്ചത്. കണ്ട്രോള് കമ്മീഷന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടും പ്രാദേശിക നേതൃത്വം ഇത് അംഗീകരിക്കാന്‍ തയ്യാറായിട്ടില്ലെന്നാണ് ഉണ്ണികൃഷ്ണന് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: