കാസര്‍കോട്: പിണറായി സര്‍ക്കാറിന്റെ സ്വപ്ന പദ്ധതിയെന്ന് കൊട്ടിഘോഷിച്ച് നടപ്പാക്കി വരുന്ന ലൈഫ് പദ്ധതിക്കെതിരെ സിപിഎം ബ്രാഞ്ച് സമ്മേളനങ്ങളില്‍ രൂക്ഷവിമര്‍ശനമുയരുന്നു.
വാസയോഗ്യമായ വീടില്ലാത്ത അര്‍ഹതപ്പെട്ടവരെ തഴയുകയും അതേ സമയം നല്ല വീടുള്ളവര്‍ക്ക് തന്നെ വീണ്ടും വീടുകള്‍ അനുവദിക്കുകയും ചെയ്യുന്ന മറിമായമാണ് ലൈഫ് പദ്ധതിയില്‍ സംഭവിക്കുന്നതെന്ന ആരോപണമാണ് സമ്മേളനങ്ങളില്‍ അംഗങ്ങളുയര്ത്തുന്നത്.
വീടില്ലാത്ത എല്ലാവര്ക്കും വീട് എന്ന ആശയവുമായി സര്‍ക്കാര്‍ ആരംഭിച്ച ലൈഫ് പദ്ധതിയുടെ ഉദ്ദേശശുദ്ധി തന്നെ ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുകയാണെന്ന് പാര്‍ട്ടി അംഗങ്ങള്‍ കുറ്റപ്പെടുത്തുന്നു. കുമ്പള ഏരിയയിലെ നീര്ച്ചാല്, ബദിയടുക്ക, എന്മകജെ, കാട്ടുകുക്കെ ലോക്കല്‍ കമ്മിറ്റികളുടെ പരിധികളിലുള്ള ബ്രാഞ്ച് സമ്മേളനങ്ങളിലാണ് ലൈഫ് പദ്ധതിക്കെതിരെ അംഗങ്ങള്‍ ആഞ്ഞടിച്ചത്. 25 സെന്റില്‍ കുറവ് ഭൂമിയും സ്വന്തമായി റേഷന്‍കാര്‍ഡും ഉള്ളവര്‍ക്ക് മാത്രമേ ലൈഫ് പദ്ധതി പ്രകാരം വീടിന് അര്‍ഹതയുള്ളൂവെന്ന വ്യവസ്ഥയോടെയാണ് സംസ്ഥാനസര്‍ക്കാര്‍ ലൈഫ് പദ്ധതിക്ക് തുടക്കം കുറിച്ചത്.
ഇതുപ്രകാരം പഞ്ചായത്ത് അധികൃതര്‍ പരിശോധന നടത്തി ഗുണഭോക്താക്കളായി തെരഞ്ഞെടുത്തവരുടെ രണ്ടാംഘട്ട കരടുപട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ അര്‍ഹതപ്പെട്ട പല കുടുംബങ്ങളെയും സിപിഎം പ്രാദേശിക നേതാക്കളുടെ സമ്മര്‍ദ്ദഫലമായി തഴയുകയായിരുന്ന് അംഗങ്ങള്‍ പറയുന്നു.
ജീവിത പ്രയാസങ്ങള്‍ മൂലം ഒരുവീട്ടില്‍ തന്നെ നാലുകുടുംബങ്ങള്വരെ ഇവിടെ താമസിക്കുന്നുണ്ട്. ഇതില്‍ മിക്ക വീട്ടുകാര്‍ക്കും മുഴുവന്‍ അംഗങ്ങളും ഉള്‍പ്പെട്ട ഒരു റേഷന്‍കാര്‍ഡ് മാത്രമാണുള്ളത്. നിര്‍ധനരായ ഇത്തരം കുടുംബങ്ങളെ പദ്ധതിയില്‍ നിന്നും ഒഴിവാക്കുന്നത് അനീതിയാണെന്ന അഭിപ്രായം വ്യാപകമാണ്. ഒരുവീട്ടില്‍ താമസിക്കുന്ന മുഴുവന്‍ ആളുകളെയും ഒരു കുടുംബമായി മാത്രമേ കണക്കാക്കാനാവുകയുള്ളൂവെന്നാണ് പദ്ധതിയുടെ രണ്ടാംകരട് പട്ടികയില്‍ പറയുന്നത്.
ഇതിനിടെ ലൈഫ് പദ്ധതിയില്‍ മാറ്റം വരുത്തിയെന്നും 10 സെന്റിന് താഴെ സ്ഥലമുള്ളവര്‍ക്ക് മാത്രമേ വീട് ലഭിക്കുകയുള്ളൂവെന്നാണ് പുതിയ വ്യവസ്ഥയെന്നും ഇതേക്കുറിച്ച് അന്വേഷിക്കുന്നവര്ക്ക്് ബന്ധപ്പെട്ടവര്‍ മറുപടി നല്‍കുന്നുണ്ട്. ഇത് പദ്ധതി അട്ടിമറിക്കുന്ന സ്ഥിതി തന്നെ ഉണ്ടാക്കുകയാണ്.
കുമ്പഡാജെ ലോക്കല്‍ കമ്മറ്റിയുടെ കീഴിലെ ബ്രാഞ്ചുകളിലെ യോഗങ്ങളിലാണ് അംഗങ്ങള്‍ രൂക്ഷ വമര്‍ശനവുമായി രംഗത്ത് വന്നത്. പ്രധാനമന്ത്രി സമ്പൂര്‍ണ്ണ ഭവന പദ്ധതിയാണ് കേരളത്തില്‍ അട്ടിമറിച്ച് ലൈഫ് എന്ന പേരില്‍ ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: