കാസര്‍കോട്: ഈ വര്‍ഷം മേയ് 30ലെ ലെ കേരള നെല്‍ വയല്‍ തണ്ണീര്‍ത്തട സംരക്ഷണ ചട്ടങ്ങളിലെ ഭേദഗതി ഉത്തരവ് പ്രകാരം ഡേറ്റാ ബാങ്കില്‍ തിരുത്തലുകള്‍ ആവശ്യപ്പെട്ട് സംസ്ഥാനത്തൊട്ടാകെ 1,12,896 എണ്ണം അപേക്ഷകള്‍ ലഭിച്ചു. അത് പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുവാനുളള നിര്‍ദ്ദേശം പ്രാദേശിക നിരീക്ഷണ സമിതി കണ്‍വീനര്‍മാര്‍ക്ക് നല്കി. ഇനിയും അപേക്ഷകള്‍ ലഭിക്കുവാനുളളതായി ശ്രദ്ധയില്‍പ്പെട്ടതിനാല്‍ തിരുത്തല്‍ അപേക്ഷകള്‍ സ്വീകരിക്കുവാനുളള സമയ പരിധി നീട്ടുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. ഇതിനാല്‍ പ്രാദേശിക നിരീക്ഷണ സമിതി കണ്‍വീനര്‍മാര്‍ ഉടമസ്ഥന്റെ പേര്, സര്‍വ്വേ നമ്പര്‍, തണ്ടപ്പേര്, ഉദ്ദേശിക്കുന്ന പരിഹാര മാര്‍ഗം എന്നിവ ഉള്‍പ്പെടുത്തി 100 രൂപ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിപ്പിച്ച വെളള പേപ്പറില്‍ അപേക്ഷകള്‍ സ്വീകരിക്കുന്നത് തുടരാമെന്ന് റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി നിര്‍ദ്ദേശം നല്കി.
നെല്‍ വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരമുളള ഡേറ്റാ ബാങ്കുകളുടെ പ്രസിദ്ധീകരണ നടപടികളും, തെറ്റുതിരുത്തല്‍ അപേക്ഷകളുടെ തുടര്‍ നടപടിക്രമങ്ങള്‍ സംബന്ധിച്ച് സംസ്ഥാനത്തെ എല്ലാ ജില്ലകളിലേയും പ്രാദേശിക നിരീക്ഷണ സമിതി കണ്‍വീനര്‍മാരായ കൃഷി ഓഫീസര്‍മാരുടേയും ജില്ലാതല കണ്‍വീനര്‍മാരായ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍മാരുടേയും വീഡിയോകോണ്‍ഫറന്‍സ് അഡീഷണല്‍ ചീഫ് സെക്രട്ടറി (റവന്യൂ), കാര്‍ഷികോത്പാദന കമ്മീഷണര്‍ എന്നിവരുടെ അദ്ധ്യക്ഷതയില്‍ ഗവണ്മെന്റ് സെക്രട്ടറിയേറ്റില്‍ നടത്തിയതിന്റെ നടപടിക്രമമായാണ് ഈ തീരുമാനം.
ഡേറ്റാ ബാങ്ക് പ്രസിദ്ധീകരിക്കുവാനുണ്ടായിരുന്ന 159 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഉപഗ്രഹചിത്രങ്ങളുടെ സഹായത്തോടെ കേരള സ്റ്റേറ്റ് റിമോട്ട് സെന്‍സിംഗ് ആന്റ് എന്‍വയോണ്‍മെനറ് സെന്റര്‍ ന്റെ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കി ഡേറ്റാ ബാങ്ക് കുറ്റമറ്റതാക്കി പ്രസിദ്ധീകരിക്കുവാനുളള മുന്‍ നിര്‍ദ്ദേശം അടിയന്തിരമായി പൂര്‍ത്തീകരിക്കുവാനും പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ദ്ദേശം നല്‍കിയതായി് ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: