കരിന്തളം: സിപിഎം നേതൃത്വം വര്‍ഷങ്ങളായി ഭരണം നടത്തുന്ന കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ ആറ്, പതിനൊന്ന് വാര്‍ഡുകളിലെ മൂന്നു റോഡുകള്‍ ഗതാഗത യോഗ്യമല്ലാതായിട്ടും അധികൃതര്‍ക്ക് കണ്ടഭാവമില്ല.
ബിരിക്കുളം കൊട്ടമടല്‍, കോളംകുളം ഓമനങ്ങാനം, കൂടോല് ചേമ്പേന റോഡുകളാണ് ഗതാഗത യോഗ്യമല്ലാതായത്. ബിരിക്കുളം-കൊട്ടമടല്‍ റോഡിന്റെ മിക്ക ഭാഗങ്ങളും ടാറിങ് ഇളകി കുണ്ടും കുഴിയും നിറഞ്ഞിരിക്കുകയാണ്. കൊട്ടമടല്‍, പാമ്പങ്ങാനം, കരിയാര്‍പ്പ്, നായിക്കുന്നു പ്രദേശങ്ങളിലെ ജനങ്ങളുടെ യാത്രാദുരിതം ഇതോടെ ഇരട്ടിയായിരിക്കുകയാണ്. റോഡ് റീ ടാര്‍ ചെയ്തു ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യമുയരുന്നുണ്ടെങ്കിലും ഇതുവരെയായും അധികൃതര്‍ കനിഞ്ഞിട്ടില്ല. അധികൃതര്‍ തിരിഞ്ഞു നോക്കാത്തകാരണം കഴിഞ്ഞ വര്‍ഷങ്ങളില്‍ നാട്ടുകാര്‍ കല്ലിട്ട് കുഴികള്‍ മൂടിയിരുന്നു. മഴക്കാലമായതോടെ റോഡുകല്‍ വീണ്ടും തകര്‍ന്ന് വന്‍ കുഴികല്‍ രൂപ്പെടുത്തിയിരിക്കുകയാണ്.
കോളംകുളം-ഓമനങ്ങാനം റോഡിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. പത്തു വര്‍ഷം മുന്‍പ് ഈ റോഡിന്റെ 200 മീറ്റര്‍ ഭാഗം ടാര്‍ ചെയ്തിരുന്നു. എന്നാല്‍ ഇന്നു ടാര്‍ പൂര്‍ണമായും പൊട്ടിപ്പൊളിഞ്ഞു റോഡ് ഗതാഗതയോഗ്യമല്ലാതായി. 200 മീറ്ററോളം ഭാഗം ടാര്‍ ചെയ്യാന്‍ ശേഷിക്കുന്നുമുണ്ട്. ഓമനങ്ങാനം പ്രദേശത്തെ നൂറോളം കുടുംബങ്ങള്‍ക്ക് ഉപകാരപ്രദമായ റോഡിനാണ് ഈ ദുരവസ്ഥ. 2000ത്തില്‍ നാട്ടുകാര്‍ ശ്രമദാനത്തിലൂടെ നിര്‍മിച്ച റോഡാണ് കൂടോല്ചേമ്പേന റോഡ്. അഞ്ചു വര്‍ഷം മുന്‍പു നാട്ടുകാര്‍ പിരിച്ചെടുത്ത ഒരു ലക്ഷം രൂപ ഉപയോഗിച്ച് ഇതിന്റെ അറ്റകുറ്റപ്പണിയും നടത്തിയിരുന്നു. റോഡ് പഞ്ചായത്തിനു വിട്ടു നല്കി വര്‍ഷങ്ങളായിട്ടും ടാര്‍ ചെയ്തു ഗതാഗതയോഗ്യമാക്കിയില്ലെന്നാണു നാട്ടുകാരുടെ പരാതി. അതേ സമയം മാസങ്ങള്‍ക്കു മുന്‍പ് ഈ റോഡിന്റെ കുറച്ചു ഭാഗം സ്വകാര്യവ്യക്തി കൈയ്യടക്കുകയും ചെയ്തു. പഞ്ചായത്തില്‍ പരാതി നല്‍കിയെങ്കിലും അതിനും പരിഹാരമായില്ല.
മഴക്കാലമായതോടെ ഇതുവഴി വാഹനങ്ങളൊന്നും പോകാനാകാത്ത സ്ഥിതിയായി. നൂറോളം കുടുംബങ്ങള്‍ ഈ റോഡിന്റെ ഗുണഭോക്താതാക്കളാണ്. ഈ മൂന്നു റോഡുകള്‍ വഴിയും സര്‍വിസ് നടത്താന്‍ കഴിയാത്ത സ്ഥിതിയാണുള്ളതെന്നും വാഹനത്തിനു പെട്ടെന്നു തന്നെ കേടുപാടുകള്‍ സംഭവിക്കുന്ന സ്ഥിതിയാണുള്ളതെന്നും ഓട്ടോഡ്രൈവര്‍മാര്‍ പറയുന്നു. റോഡുകള്‍ ഗതാഗതയോഗ്യമാക്കാത്തതില്‍ പഞ്ചായത്ത് വര്‍ഷങ്ങളായി ഭരിക്കുന്ന സിപിഎമ്മിനെതിരെ പ്രകിഷേധം ശക്തമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: