നീലേശ്വരം: പള്ളിക്കര റെയില്‍വേ മേല്‍പാല നിര്‍മാണം ജനകീയ സമരമെന്ന പേരില്‍ സിപിഎമ്മും എംപിയും നടത്തുന്നത് ജനങ്ങളെ കബളിപ്പിക്കലാണെന്നും, സംസ്ഥാന സര്‍ക്കാരിന്റെ പോരായ്മ മറച്ചുവെക്കാനാണ് ഈ സമരമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു. പാലത്തിന് ആവശ്യമായ പണത്തിന്റെ 40 കോടി കേന്ദ്രം അനുവദിച്ചിട്ടും നിര്‍മ്മാണം തുടങ്ങാത്തതിന്റെ സാങ്കേതിക തടസ്സം എന്താണെന്ന് പറയാന്‍ എംപി തയ്യാറാകണമെന്നും ശ്രീകാന്ത് പറഞ്ഞു. പള്ളിക്കര മേല്‍പ്പാലം സ്ഥലം എംപി പി.കരുണാകരന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും അനാസ്ഥക്കെതിരെ ബിജെപി തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം കമ്മറ്റി നീലേശ്വരത്ത് സംഘടിപ്പിച്ച പ്രഭാതധര്ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ കഴിവുകേടും, കേരള സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും മറച്ചുവെക്കാനാണ് ഇപ്പോള്‍ രാപ്പകല്‍ സമരത്തിന് എംപി മുതിരുന്നതെന്നും ജനകീയ കമ്മറ്റിയെ പോക്കറ്റ് സമിതിയാക്കി കേന്ദ്രസര്‍ക്കാരിനെതിരെ സമരം സംഘടിപ്പിക്കുന്നത് രാഷ്ട്രീയ മുതലെടുപ്പിനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിയോജക മണ്ഡലം പ്രസിഡന്റ് എം.ഭാസ്കരന് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ബളാല്‍ കുഞ്ഞിക്കണ്ണന്, സംസ്ഥാന കൗണ്‍സില്‍ അംഗം ടി.കുഞ്ഞിരാമന്, എസ്.കെ.ചന്ദ്രന്, കെ.ശശീന്ദ്രന് എന്നിവര്‍ സംസാരിച്ചു. വെങ്ങാട്ട് കുഞ്ഞിരാമന് സ്വാഗതവും, പി.യു.വിജയകുമാര്‍ നന്ദിയും പറഞ്ഞു. ടി.രാധാകൃഷ്ണന്, എം.എന്‍.ഗോപി, സി.വി.സുരേഷ്, എ.കെ.ചന്ദ്രന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: