കാസര്‍കോട്: ശ്രീകൃഷ്ണ നാമങ്ങള്‍ ഉരുവിട്ട് മഞ്ഞ പട്ടുടുത്ത നീലക്കാര്വര്ണ്ണന്മാര് പിച്ചവെച്ചപ്പോള്‍ നാടും നഗരവും അമ്പാടിയായി. പിഞ്ചു ബാലികാ ബാലകന്മാര് നിരനിരയായി ശ്രീകൃഷ്ണ നാമജപങ്ങളുടെ അകമ്പടിയോടെ കൈകളില്‍ ഓടക്കുഴലുമായി നഗര വീഥികളില്‍ ഓടിക്കളിച്ചപ്പോള്‍ കാഴ്ചക്കാരുടെ മനസ്സില്‍ കുളിര്‍മഴയായി കൃഷ്ണാവതാര കഥകള്‍ പെയ്തിറങ്ങി. ചിങ്ങമാസത്തില്‍ അഷ്ടമിയും രോഹിണിയും ഒന്നിച്ച് വരുന്ന ദിനത്തിലാണ് വെണ്ണകട്ട് തിന്നും, കൊച്ചു കുസൃതികള്‍ കാട്ടിയും അമ്പാടിയില്‍ ഓടിക്കളിച്ച കൃഷ്ണ ഭഗവാന്റെ ജന്മദിനം ശ്രീകൃഷ്ണ ജയന്തിയായി ആഘോഷിച്ചു. തെരുവ് വീഥികള്‍ അമ്പാടിയാക്കി അവര്‍ ഓടിക്കളിച്ചു. ഉണ്ണിക്കണ്ണന്മാരും നിശ്ചല ദൃശ്യങ്ങളും അണിനിരക്കുന്ന ശോഭായാത്രകള്‍ ഗ്രാമങ്ങളെയും പട്ടണങ്ങളെയും കൃഷ്ണശോഭയില്‍ അറാടിച്ചു.ദുഷ്ടരെ നിഗ്രഹിച്ച് ശിഷ്ടരെ രക്ഷിക്കുന്നതിനായി അവതാരം പൂണ്ട ഉണ്ണിക്കണ്ണന്റെ മഹത്വം വിളിച്ചറിയിച്ചായിരുന്നു ജില്ലയിലെങ്ങും ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷിച്ചത്. ജനങ്ങളുടെ കണ്ണിനും മനസിനും കളിര്‍മയേകി ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 2000 ത്തോളം ഉണ്ണിക്കണ്ണന്മാര് ശോഭായാത്രയില്‍ അണിനിരന്നു. നിശ്ചലചലന ദൃശ്യങ്ങള്‍ ശോഭായാത്രയ്ക്ക് ഭംഗിയേകി. ബോവിക്കാനം, ഉദുമ, കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം തുടങ്ങിയ പ്രധാന സ്ഥലങ്ങളില്‍ മഹാശോഭായാത്ര നടന്നു. ആയിരക്കണക്കിന് പ്രവര്‍ത്തകരും അമ്മമാരുമാണ് ശോഭായാത്രയില്‍ അണിനിരന്നത്. നിരവധി നിശ്ചല ദൃശ്യങ്ങളും, വിവിധ ചലന ദൃശ്യങ്ങളും കാണികളെ ആകര്‍ഷിച്ചു. നഗരത്തിന്റെ ഇരുഭാഗവും ആയിരക്കണക്കിനാള്‍ക്കാരാണ് ഉച്ചകഴിഞ്ഞ് മൂന്നു മണിമുതല്‍ ശോഭായാത്ര കാണാന്‍ കാത്തുനിന്നത്. ശ്രീകൃഷ്ണ ജന്മാഷ്ടമിയോടനുബന്ധിച്ച് നിരവധി സ്ഥലങ്ങളില്‍ രാവിലെ മുതല്‍ സാംസ്കാരിക സമ്മേളനങ്ങളും, കലാ-കായിക മത്സരങ്ങളും നടന്നു. ശ്രീകൃഷ്ണ ജന്മാഷ്ടമിയുടെ വരവറിയിച്ചുകൊണ്ട് അഞ്ഞൂറോളം സ്ഥലങ്ങളില്‍ പതാക ദിനം നടന്നിരുന്നു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വന്‍ ജനാവലിയാണ് ഓരോ സ്ഥലങ്ങളിലും പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്.കാസര്‍കോട് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട് മല്ലികാര്‍ജ്ജുന ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച ശോഭയാത്ര ബാങ്ക് റോഡ്, കറന്തക്കാട്, പുതിയ ബസ്റ്റാന്റ് വഴി നഗരം ചുറ്റി പഴയ ബസ്റ്റാന്റിലൂടെ മല്ലികാര്‍ജ്ജുന ക്ഷേത്രത്തില്‍ സമാപിച്ചു.കാഞ്ഞങ്ങാട് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ജന്മാഷ്ടമി ആഘോഷത്തിന്റെ ഭാഗമായി തുളസി ലക്ഷാര്‍ച്ചന നടന്നു. തന്ത്രിമാരായ വാസുദേവ പട്ടേരിയും, പത്മനാഭ പട്ടേരിയും കാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് ശ്രീകൃഷ്ണ ഭക്തിഗാന ഓഡിയോ സി.ഡി.കേന്ദ്ര സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.ഗോപകുമാര്‍ പ്രകാശനം ചെയ്തു.നീലേശ്വരം: ശ്രീകൃഷ്ണ ജന്മാഷ്ടമിയോടനുബന്ധിച്ച് നീലേശ്വരത്ത് ഏഴ് ശോഭായാത്രകള്‍ നടന്നു. പാലക്കാട്ട് ചീര്‍മ്മക്കാവ്, വട്ടപ്പൊയില്‍, ഇടുവിന്കാല്, കിഴക്കന്‍ കൊഴുവല്‍, പടിഞ്ഞാറ്റം കൊഴുവല്‍, പള്ളിക്കര, തൈക്കടപ്പുറം എന്നിവിടങ്ങളില്‍ നിന്നും പുറപ്പെട്ട ശോഭയാത്രകള്‍ മാര്‍ക്കറ്റ് ജംഗ്ഷനില്‍ സംഗമിച്ച് ഒറ്റശോഭായാത്രയായി തളിയില്‍ ക്ഷേത്ര പരിസരത്ത് സമാപിച്ചു.പൊയിനാച്ചി: പൊയിനാച്ചിയില്‍ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീകൃഷ്ണ ജയന്തി വിപുലമായി ആഘോഷിച്ചു. രാവിലെ ശിവജി വായനശാല ആന്റ് ഗ്രന്ഥാലയത്തില്‍ 15 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പുരാണ പ്രശ്നോത്തരി, ഗീതാ പാരായണം, ചിത്രരചനാ മത്സരം, ഉറിയടിമത്സരം തുടങ്ങിയ വിവിധയിനം മത്സരങ്ങള്‍ സംഘടിപ്പിച്ചു, ശോഭായാത്രയ്ക്ക് മുന്നോടിയായി സാംസ്ക്കാരിക സമ്മേളനം സംഘടിപ്പിച്ചു, ആഘോഷ കമ്മറ്റി പ്രസിഡന്റ് വി.ഭാസ്ക്കരന്‍ ആടിയം അദ്ധ്യക്ഷത വഹിച്ചു, എം.വിശ്വനാഥ ഭട്ട് മുഖ്യ പ്രഭാഷണം നടത്തി, എന്‍.സീ. ടി.ഗോപിനാഥന്, ദീപാജ്യാതി, ഹരീഷ് കുമാര്‍ പുതിയ വീട് എന്നിവര്‍ സംസാരിച്ചു. സുരേഷ് വളപ്പിന്കുണ്ട് സ്വാഗതവും, അശോകന് ചെറുകര നന്ദിയും പറഞ്ഞു. തുടര്‍ന്ന് ശോഭായാത്ര പറമ്പ് കാല്ചാന് ദൈവസന്നിധിയില്‍ നിന്നും ആരംഭിച്ച് പൊയിനാച്ചി വഴി പൂക്കുന്നത്ത് ശ്രീശാസ്താ ഭഗവതി ക്ഷേത്രത്തില്‍ ഭജനയോടുക്കുടി സമാപിച്ചു. തുടര്‍ന്ന് മുഴുവന്‍ ഭക്തജനങ്ങള്‍ക്കും പ്രസാധവിതരണം നടന്നു.തൃക്കരിപ്പൂര്‍: പേക്കടം ശ്രീ കുറുവാപ്പള്ളിയറ പരിസരം മീലിയാട്ട് ശ്രീ സുബ്രഹ്മണ്യസ്വാമി കോവില്‍ പരിസരം, (കൊയോംങ്കര ശ്രീ പൂമാല ഭഗവതി ക്ഷേത്രം, ഉദിനൂര്‍ ശ്രീ ക്ഷേത്രപാലക ക്ഷേത്ര പരിസരം, ഇടയിലക്കാട് ശ്രീ വേണുഗോപാല ക്ഷേത്ര പരിസരം വയലോടി ശ്രീ സുബ്രഹ്മണ്യ കോവില്‍ പരിസരം, തെക്കുമ്പാട് ശ്രീ തിരുവമ്പാടി ക്ഷേത്രം, (തങ്കയം നരിയാലിന്‍കീഴില്‍ ശ്രീ വിഷ്ണുമൂര്‍ത്തി ക്ഷേത്രം, ചെറുകാനം ശ്രീ മാപ്പിടച്ചേരി അങ്കകുളങ്ങര ഭഗവതി ദൈവസ്ഥാനം) നടക്കാവ് കോളനി ശ്രീ അയ്യപ്പമഠം എന്നി സ്ഥലങ്ങളിന്‍ നിന്നും ആരംഭിച്ച ശോഭയാത്രകള്‍ തൃക്കരിപ്പൂര്‍ തങ്കയം മുക്കില്‍ സംഗമിച്ച് മഹാശോഭയാത്രയായി വിവേകാനന്ദ നഗറില്‍ (തൃക്കരിപ്പൂര്‍ മിനി സ്റ്റേഡിയം പരിസരം) സമാപിച്ചു. പിലിക്കോട് രെയരമംഗലം കോതോളി ഭഗവതി ക്ഷേത്ര പരിസരത്തു നിന്നും ആരംഭിച്ച ശോഭയാത്ര പിലിക്കോട് വഴി എച്ചികുളങ്ങര ശ്രീ കൃഷ്ണ ക്ഷേത്രത്തില്‍ സമാപിച്ചു . വലിയപറമ്പ കൊട്ടിമുറി ക്ഷേത്രത്തിന് നിന്നും രാവിലെ പത്തുമണിക്ക് ആരംഭിച്ച ശോഭയാത്ര എടയിലക്കാട് ശ്രീ വേണുഗോപാല ക്ഷേത്രത്തില്‍ ക്ഷേത്രത്തില്‍ സമാപിച്ചു. കെ.കുഞ്ഞിരാമന്, എം.വി.പ്രകാശന്, ടി.കുഞ്ഞിരാമന്, കെ.വി.ബാലകൃഷണന്, കെ. വി.ലക്ഷ്മണന്, സി.അമ്പു, ഷിബിന്‍.ടി, വി.കെ.ഭവിത്ത്, എം.വി.ജയന് കെ.രാജന് നേതൃത്വം നല്കി.വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ ശോഭയാത്രകളില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് കുടിവെള്ളവും ലഘുഭക്ഷണങ്ങളും നല്കി. ഹരേനാമ, ഹരേ കൃഷ്ണ തുടങ്ങിയ നാമജപങ്ങളോടെ മനസ്സും ശരീരവും ഭക്തിയുടെ പാരമ്യത്തിലെത്തിച്ച് ജാതിമത ഭേദമന്യേ ആയിരങ്ങള്‍ ശ്രീകൃഷ്ണ ജന്മാ ഷ്ട മിയാഘോഷങ്ങളില് പങ്കുചേര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: