ബദിയടുക്ക: അംഗന്‍വാടികളില്‍ ജൈവവളം നിര്‍മ്മിക്കാനായി സ്ഥാപിച്ച സേഫ്റ്റി പൈപ്പുകള്‍ കൊതുക് വളര്‍ത്ത് കേന്ദ്രങ്ങളാകുന്നു. സാമൂഹ്യ ക്ഷേമ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജില്ലയിലെ അംഗന്‍വാടികളിലെ മാലിന്യങ്ങള്‍ കംമ്പോസ്റ്റ് സേഫ്റ്റിപൈപ്പില് നിക്ഷേപിച്ച് ജൈവ വളമുണ്ടാക്കി അംഗന്‍വാടി പരിസരങ്ങളില്‍ പച്ചക്കറി തോട്ടമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ 2013ലാണ് പദ്ധതി നടപ്പിലാക്കിയത്. ഇതിനായി മൂന്ന് അടി നീളത്തില്‍ രണ്ടടി വ്യാസത്തിലുള്ള രണ്ട് തരം പി.വി.സി. സ്ഥാപിച്ചിരുന്നു. ഒരു അംഗന്‍വാടിയില്‍ ഇത് സ്ഥാപിച്ച പൈപ്പുകള്‍ക്ക് 800 രൂപയായിരുന്നു ചെലവ്. ഇതിന്റെ കരാര്‍ നല്‍കേണ്ട ചുമതല സാമൂഹ്യ ക്ഷേമവകുപ്പിനാണ്. ദീര്‍ഘവീക്ഷണമില്ലാതെയാണ് പദ്ധതി നടപ്പിലാക്കിയതെന്ന ആക്ഷേപം നിലനില്ക്കുന്നു. ഗുണ നിലവാരമില്ലാത്ത പൈപ്പുകള്‍ സ്ഥാപിച്ചതല്ലാതെ മാലിന്യങ്ങള്‍ നിക്ഷേപിച്ച പൈപ്പുകളുടെ മുകള്‍ ഭാഗത്ത് അടപ്പ് വെക്കാതെയും കരാറുകാര്‍ പാതിവഴിയില്‍ പദ്ധതി പ്രവര്‍ത്തനം ഉപേക്ഷിക്കുകയുമാണുണ്ടായത്. ഇതു മൂലം ഐ.സി.ഡി.എസ്. അധികൃതരും കരാറുകാരും ലക്ഷങ്ങള്‍ തട്ടിയെടുത്തതായും പരാതിയുണ്ട്.
അംഗന്‍വാടികളില്‍ സ്ഥാപിച്ച പൈപ്പുകളില്‍ പലതും മാലിന്യങ്ങള്‍ നിറഞ്ഞും വെള്ളം കെട്ടിക്കിടന്നും കൊതുക് വളര്‍ത്ത് കേന്ദ്രമാകുമ്പോള്‍ ചുരുക്കം ചില സെന്ററുകളില്‍ ജീവനക്കാര്‍ തന്നെ കാശ് മുടക്കി പൈപ്പുകള്‍ക്ക് മുകളില്‍ പ്ലാസ്റ്റിക് അടപ്പ് ഘടിപ്പിച്ച് സുരക്ഷിതത്വം ഉറപ്പാക്കിയിട്ടുണ്ട്. ഇത് കാരണം പനി, മഞ്ഞപ്പിത്തം പോലുള്ള പകര്‍ച്ച വ്യാധി പടര്‍ന്ന് പിടിക്കുമ്പോള്‍ പിഞ്ചു കുരുന്നുകളെ അംഗന്‍വാടികളിലേക്ക് പറഞ്ഞ് വിടാന്‍ അമ്മമാര്‍ മടികാണിക്കുന്നതായി ജീവനക്കാര്‍ തന്നെ പറയുന്നു. കൊതുക് ശല്യം സഹിക്ക വയ്യാതെ പല അംഗന്‍വാടികളിലും സ്ഥാപിച്ച പൈപ്പുകള്‍ നീക്കം ചെയ്തിരിക്കുകയാണ്. പിഞ്ചു കുഞ്ഞുങ്ങളുടെ ആരോഗ്യ സുരക്ഷിതം ഉറപ്പ് വരുത്തുന്നതിനായി പൈപ്പുകളുടെ മുകള്‍ ഭാഗത്ത് അടപ്പ് ഘടിപ്പിച്ച് കൊതുക് ശല്യത്തില്‍ നിന്ന് രക്ഷിക്കണമെന്നും അല്ലാത്ത പക്ഷം അധികൃതര്‍ സ്ഥാപിച്ച പൈപ്പ് നീക്കം ചെയ്യണമെന്ന് ജീവനക്കാരും നാട്ടുകാരും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: