കാഞ്ഞങ്ങാട്: വിദ്യാര്‍ത്ഥികളുടെ യാത്ര നിരക്ക് ഉള്‍പ്പെടെ ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുക, തേര്‍ഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് പ്രീമിയം വര്‍ദ്ധനവ് പിന്‍വലിക്കുക, പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജി.എസ്.ടി.യില്‍ ഉള്‍പ്പെടുത്തുക, 140 കിലോമീറ്ററിന് മുകളിലുള്ള പെര്‍മ്മിറ്റ് റദ്ദ്ചെയ്ത നടപടി പിന്‍വലിക്കുക. തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരളത്തിലെ ബസ്സ് ഉടമകള്‍ 14 മുതല്‍ അനിശ്ചിതകാലത്തേക്ക് സര്‍വ്വീസ് നിര്‍ത്തിവയ്ക്കുന്നു. ഹൊസ്ദുര്‍ഗ്ഗ് താലൂക്കിലെ ബസ്സ് ഓപ്പറേറ്റര്‍മാരുടെ ഒരു അടിയന്തിര യോഗം 12ന് രാവിലെ 10ന് കാഞ്ഞങ്ങാട് ശ്രമിക് ഭവനില്‍ ചേരുമെന്ന് ബസ്സ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന് ഹൊസ്ദുര്‍ഗ്ഗ് താലൂക്ക് കമ്മറ്റി സെക്രട്ടറി അറിയിച്ചു. കാസര്‍കോട് താലൂക്കിലെ ബസ് ഓപ്പറേറ്റര്‍മാരുടെ ജനറല്‍ ബോഡി യോഗം 12 ന് രാവിലെ 10.30 ന് അണങ്കൂരിലുള്ള അസോസിയേഷന് ഹാലില്‍ ചേരും.
കോണ്‍ഫെഡറേഷന്റെ നേതൃത്വത്തില്‍ നടക്കുന്ന അനിശ്ചിതകാല സര്‍വ്വീസ് നിര്‍ത്തി വെക്കല്‍ സമരം വിജയമാക്കാന്‍ ദി കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ്സ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന് കാസര്‍കോട് ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. 13ന് വടക്ക് തെക്ക് മേഖലകള്‍ കേന്ദ്രീകരിച്ച് കൊണ്ട് വാഹന പ്രചരണ ജാഥകളും നടത്തും. ജില്ലാ പ്രസിഡന്റ് കെ.ഗിരീഷിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി സത്യന് പൂച്ചക്കാട്, വൈസ് പ്രസിഡന്റുമാരായ തിമ്മപ്പ ഭട്ട്, എം.ഹസൈനാര്‍, ട്രഷറര്‍ പി.എ.മുഹമ്മദ്കുഞ്ഞി, ജോയിന്റ് സെക്രട്ടറി ശങ്കര്നായക്, സി.എ.മുഹമ്മദ്കുഞ്ഞി, സി.രവി, എന്‍.എം.ഹസൈനാര്‍, വി.എം.ശ്രീപതി, രാജേഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: