ഉദുമ: വീട്ടില്‍ ഒറ്റയ്ക്കു താമസിക്കുന്ന വീട്ടമ്മയെ കഴുത്തു മുറുക്കിയും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചെറ്റെടുത്തിട്ടും തുമ്പായില്ല. നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധം ഉയരുന്നു. ബേക്കല്‍ പോലീസ് സ്റ്റേഷന് പരിധിയിലെ പനയാല്‍, കാട്ടിയടുക്കത്തെ ദേവകി (68)യെ ഇക്കഴിഞ്ഞ ജനുവരി 13ന് ആണ് സ്വന്തം വീട്ടിനകത്ത് കിടക്കപ്പായയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ ഒരു മണിക്കും രണ്ടിനും ഇടയില്‍ നടന്ന കൊലപാതകത്തെ കുറിച്ച് വൈകുന്നേരത്തോടെയാണ് പുറത്തറിഞ്ഞത്. ലോക്കല്‍ പോലീസിന്റെ പ്രത്യേക സംഘം മാസങ്ങളോളം അന്വേഷിച്ചിട്ടും കൊലയാളിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടെ ബിജെപിയും യുവമോര്‍ച്ചയും കുടുംബാംഗങ്ങളും പ്രക്ഷോഭം നടത്തുകയും ചെയ്തു.
കൊലപാതകവുമായി ബന്ധം ഉണ്ടെന്നു സംശയിക്കുന്നവരെയെല്ലാം ശാസ്ത്രീയ രീതിയില്‍ ചോദ്യം ചെയ്യലിനു വിധേയമാക്കിയെങ്കിലും തുമ്പൊന്നും ലഭിച്ചില്ല. തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ചിനു വിട്ടത്. കണ്ണൂര്‍ ക്രൈംബ്രാഞ്ച് മേധാവിയും നിരവധി കേസുകള്‍ക്കു തുമ്പുണ്ടാക്കിയ ക്രൈംബ്രാഞ്ച് എസ് പിയുമായ ഡോ.ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല കൈമാറിയത്.
അന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ സംഘത്തെ നിയോഗിച്ചു. എന്നാല്‍ അന്വേഷണം ആരംഭിച്ചതിനു തൊട്ടു പിന്നാലെ ഡിവൈഎസ്പിയെ സ്ഥലം മാറ്റി. ഇതെന്തിനാണെന്ന കാര്യത്തില്‍ വ്യക്തതയുണ്ടായിട്ടില്ല. ഭരണ രാഷ്ട്രീയ പാര്‍ട്ടിയുടെ തീരുമാന പ്രകാരമാണ് മാറ്റിയതെന്ന് പറയപ്പെടുന്നു. പിന്നീട് മറ്റൊരു ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങുകയും കൊലപാതകം നടന്ന വീടിനു വിളിപ്പാടകലെ ക്യാമ്പ് ഓഫീസ് തുറക്കുകയും ചെയ്തിരുന്നു. നിരവധി പേരെ വിളിച്ചു വരുത്തി ചോദ്യം ചെയ്തുവെങ്കിലും കൊലയാളിയിലേയ്ക്കു വിരല്‍ ചൂണ്ടുന്ന ഒരു തെളിവും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതേസമയം കൊലയാളികളെ കണ്ടെത്താന്‍ കഴിയാത്തത് നാട്ടുകാരെ അസംതൃപ്തരാക്കിയിട്ടുണ്ട്. പ്രദേശത്തെ സിപിഎമ്മില്‍ തന്നെ ചേരിതിരിവിന് ദേവകി വധം കാരണായതായി പ്രാദേശിക നേതാക്ള്‍ തന്നെ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: