കാഞ്ഞങ്ങാട്: ഉത്തരമലബാറിലെ ക്ഷേത്രവാദ്യരംഗത്തെ നിറസാന്നിദ്ധ്യമായ കലാചാര്യ ശ്രീ അരമനവളപ്പില്‍ നാരായണമാരാര്‍ക്ക് കീര്‍ത്തിമുദ്ര സമര്‍പ്പണം 6ന് ഉപ്പിലിക്കൈയില്‍ നടക്കും. ക്ഷേത്രവാദ്യങ്ങളായ ചെണ്ട, തിമില എന്നിവയില്‍ മാരാര്‍ക്കുള്ള അസാമാന്യമായ പ്രാഗല്ഭ്യം പരിഗണിച്ചാണ് കീര്ത്തിമുദ്രാ പുരസ്കാരം. കേരളത്തിനകത്തും പുറത്തുമുള്ള ഒട്ടനവധി ക്ഷേത്രങ്ങളില്‍ ഉത്സവങ്ങളോടനുബന്ധിച്ചും മറ്റും നടക്കുന്ന തായമ്പക, പഞ്ചവാദ്യം, കേളി, ചെണ്ടമേളം, പാണ്ടിമേളം തുടങ്ങിയ വാദ്യ പരിപാടികളില്‍ ഏകദേശം അര നൂറ്റാണ്ടുകാലത്തോളം ശോഭിച്ചുനിന്ന മാരാര്‍ 87 വയസ്സിലും സജീവമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നു. അഡയാര്‍ കലാക്ഷത്രത്തിലും പറശ്ശിനിക്കടവ് കഥകളിസംഘത്തിലും കഥകളി ചെണ്ടക്കാരനായി സേവനമനുഷ്ഠിച്ചിട്ടുള്ള ഇദ്ദേഹത്തിന് പ്രശസ്ത കഥകളി ആചാര്യനായിരുന്ന ചന്തുപ്പണിക്കരാശാന് 1958ല്‍ ഡല്‍ഹിയില്‍ വെച്ച് നടന്ന പ്രസിഡണ്ടിന്റെ അവാര്‍ഡുദാന ചടങ്ങില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിച്ചിട്ടുണ്ട്. നാഗസ്വരക്കച്ചേരിയില്‍ തവില്‍ വായിച്ചും മാരാര്‍ തന്റെ പ്രാഗല്ഭ്യം തെളിയിച്ചിട്ടുണ്ട്.
രാവിലെ 9ന് ദീപപ്രോജ്ജ്വലനം. തുടര്‍ന്ന് സോപാന സംഗീതജ്ഞനായ പയ്യന്നൂര്‍ കൃഷ്ണമണി മാരാരുടെയും കലാമണ്ഡലം വൈശാഖിന്റെയും അഷ്ടപതി. 9.30ന് നീലേശ്വരം നാരായണമാരാരും പ്രമോദ് മാരാരും നയിക്കുന്ന ഡബിള്‍ കേളി, 10ന് കാഞ്ഞങ്ങാട് ആനന്ദാശ്രമത്തിലെ മുക്താനന്ദസ്വാമി ഉദ്ഘാടനം നിര്‍വഹിക്കും. സിനിമാതാരം പ്രേംകുമാര്‍ സ്മരണിക പ്രകാശനം ചെയ്യും.
11ന് വാദ്യലയ സമന്വയം, 11.30ന് ചെണ്ടമേളം, ഉച്ചയ്ക്ക് 2ന് മട്ടന്നൂര്‍ ശ്രീരാജും ചിറക്കല്‍ നിധീഷും ചേര്‍ന്നവതരിപ്പിക്കുന്ന ഇരട്ടത്തായമ്പക, 4ന് ഉപചാര വരവേല്പ്. വൈകുന്നേരം 4.30ന് സമാദരണ സമ്മേളനം റവന്യു വകുപ്പു മന്ത്രി ഇ.ചന്ദ്രശേഖരന് ഉദ്ഘാടനം ചെയ്യും. കെ.വി.സരസ്വതി അധ്യക്ഷത വഹിക്കും. പി.കരുണാകരന് എംപി മുഖ്യാതിഥിയായിരിക്കും. നീലേശ്വരം കോവിലകം കെ.സി.മാനവര്‍മ്മരാജ കീര്ത്തിമുദ്രാ സമര്‍പ്പണം നടത്തും. പത്മശ്രീ മട്ടന്നൂര്‍ ശങ്കരന് കുട്ടി മാരാര്‍, കടന്നപ്പള്ളി ശങ്കരന്‍കുട്ടിമാരാര്‍, പ്രൊഫ. വി.വി.പുരുഷോത്തമന്, ജില്ലാ പഞ്ചായത്തംഗം അഡ്വ. കെ. ശ്രീകാന്ത് തുടങ്ങിയവര്‍ സംബന്ധിക്കും. വാര്‍ത്താ സമ്മേളനത്തില്‍ കെ.വി.രാജേഷ്, രവീന്ദ്രന് ചേടീറോഡ്, ഗോപിനാഥന് കെ.വി, മണി.വി.വി, കെ.വി. സരസ്വതി, കിഴക്കിലോട്ട് ബാലകൃഷ്ണന്, രവീന്ദ്രന് മാസ്റ്റര്‍ , പി ഭാസ്കരന്, ശിവശങ്കരന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: