കാഞ്ഞങ്ങാട്: തെങ്ങുകൃഷി വ്യാപകമാക്കുകയെന്ന ലക്ഷ്യത്തോടെ ഒരു സംഘം തെങ്ങുകൃഷിക്കാര്‍ മുന്നിട്ടിറങ്ങുന്നു. അത്യുല്പാദനശേഷിയുള്ള മലേഷ്യന്‍ പച്ച കുള്ളന്‍ തൈകള്‍ പാകപ്പെടുത്തിയാണ് തെങ്ങുകൃഷി പുനരുദ്ധാരണം ലക്ഷ്യമിടുന്നത്. അജാനൂര്‍ ഗ്രാമപഞ്ചായത്തിലെ കേര ശ്രീ ഫെഡറേഷനാണ് സ്വന്തമായി തെങ്ങ് നഴ്സറി ആരംഭിച്ച് തൈകള്‍ കര്‍ഷകര്‍ക്ക് നല്‍കുന്നത്. ചിത്താരി സഹകരണ ബാങ്കിന് സമീപം തെക്കെപ്പള്ളത്താണ് നഴ്സറി പ്രവര്‍ത്തിക്കുന്നത്. തമിഴ്നാട് മേട്ടുപ്പാളയത്തെ നാളികേര വികസന ബോര്‍ഡിന്റെ അംഗീകൃത കുള്ളന്‍ തൈ തോട്ടത്തില്‍ നിന്നും വിത്തു തേങ്ങ ശേഖരിച്ചാണ് രാവണേശ്വരത്തെ നഴ്സറിയില്‍ തൈകള്‍ ഉല്പാദിപ്പിക്കുന്നത്. ശാസ്ത്രീയ പരിചരണമുണ്ടെങ്കില്‍ മൂന്ന് വര്‍ഷം കൊണ്ട് കായ്ക്കുമെന്നതാണ് കര്‍ഷകരെ കുള്ളന്‍ തെങ്ങ് കൃഷിയിലേക്ക് തിരിച്ചത്. രോഗബാധ ചെറുക്കാനുള്ള കഴിവും ഇവയ്ക്കുണ്ട്. ഉയരം തീരെ കുറവായതിനാല്‍ ആദ്യ കാലം കൈ കൊണ്ട് തന്നെ തേങ്ങ ശേഖരിക്കുവാന്‍ കഴിയും. നാളികേര വികസന ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത കേരശ്രീ ഫെഡറേഷനില്‍ 1500 കര്‍ഷകര്‍ അംഗങ്ങളാണെന്ന് ഭാരവാഹികളായ സി.ബാലകൃഷ്ണന്, ചെറാക്കോട്ട് കുഞ്ഞിക്കണ്ണന്, എ.മുത്തു, കെ.ചന്ദ്രന്, ബി.മാധവന് എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: