കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തില്‍ കൊണ്ടുവന്ന ഗതാഗത പരിഷ്കാരം പൂര്‍ണ്ണ പരാജയത്തിലേക്ക്. ഓണം ബക്രീദ് തിരക്ക് കൂടി ആയപ്പോള്‍ നഗരം വീര്‍പ്പ് മുട്ടുകയാണ്. നടപ്പാതയടക്കം വഴിയോര കച്ചവടക്കാര്‍ കയ്യടക്കിയതോടെ കാല് നടയാത്രയും സുഖമമല്ലാതായി. നഗരസഭയാണ് പൊലീസ് സഹായത്തോടെ പരിഷ്കാരം കൊണ്ടുവന്നത്. ആഗസ്റ്റ് ഒന്നു മുതലാണ് ഗതാഗത സംവിധാനം നവീകരിച്ചത്.
നഗരസഭയാണ് പൊലീസ് സഹായത്തോടെ പരിഷ്കാരം കൊണ്ടുവന്നത്. ആദ്യത്തെ ഒരാഴ്ച മാത്രമാണ് ഗതാഗത സംവിധാനം നല്ല നിലയില്‍ മുന്നോട്ടു പോയത്. പിന്നീട് ആകെ തകിടം മറിഞ്ഞ അവസ്ഥയായി. നോ പാര്‍ക്കിംഗ് ബോര്‍ഡുകളെ നോക്കുകുത്തികളാക്കി വാഹന പാര്‍ക്കിംഗ് നിത്യ കാഴ്ചകളായി. ഗതാഗത സംവിധാനം ആകെ തകര്‍ന്നതിന്റെ സൂചനയായി നഗരത്തില്‍ ഗതാഗതക്കുരുക്ക് വീണ്ടും അനുഭവപ്പെട്ടു തുടങ്ങി. പുതിയ കോട്ടയില്‍ നിന്നും കാഞ്ഞങ്ങാട് ബസ് സ്റ്റാന്റിലേക്ക് ഓട്ടോയിലോ സ്വന്തം വാഹനങ്ങളിലോ സഞ്ചരിക്കുമ്പോള്‍ തന്നെ ഗതാഗതക്കുരുക്കിന്റെ ദുരിതം നേരിട്ടറിയാന്‍ കഴിയുന്നു. പലപ്പോഴും അരമണിക്കൂറിലധികം സമയമെടുത്താണ് പുതിയ കോട്ടയില്‍ നിന്നും ബസ് സ്റ്റാന്റിലേക്കെത്തുന്നത്. നോ പാര്‍ക്കിങ്ങ് മേഖലകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണം. ഇവ നിയന്ത്രിക്കുവാന്‍ പൊലീസ് തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ബസുകള്‍ യാത്രക്കാരെ കയറ്റുന്നതിന് പുതിയതായി ബസ് ബേ കള്‍ ഉണ്ടാക്കിയിരുന്നുവെങ്കിലും ഇത് പാലിക്കാന്‍ ബസ് ഡ്രൈവര്‍മാര്‍ തയ്യാറാകാത്തതും ഗതാഗത പരിഷ്കാരത്തിന് തിരിച്ചടിയായി. പാണത്തൂര്‍ ബസുകള്‍ യാത്രക്കാരനെ കയറ്റാനായി നിര്‍ദ്ദേശിച്ച സ്ഥലം പെട്രോള്‍ പമ്പിന് എതിര്‍വശമാണ്. എന്നാല്‍ പാണത്തൂര്‍ ബസുകള്‍ പഴയ സ്ഥലത്തു നിന്നു തന്നെ യാത്രക്കാരെ കയറ്റുകയാണ്. പിന്നീട് ബസ് സ്റ്റാന്റിന് മുന്‍വശത്തു വെച്ചും ആളുകളെ കയറ്റുന്നു. ഇത് ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നതോടൊപ്പം അധികൃതരുടെ വാക്ക് വിശ്വസിച്ച് പുതിയ പാണത്തൂര്‍ ബസ് ബേയില്‍ മണിക്കൂറുകളോളം ബസ് കാത്തു നില്‍ക്കുന്നവര്‍ക്ക് ഇരിപ്പിടം പോലും ലഭിക്കാതെ നിന്ന് യാത്ര ചെയ്യേണ്ട അവസ്ഥയും ഉണ്ടാക്കുന്നു.
അതേ സമയം പുതിയ പാണത്തൂര്‍ ബസ് ബേയും സ്വകാര്യ വാഹനങ്ങള്‍ കൈയ്യടക്കുന്നതും നിയന്ത്രിക്കാന്‍ പൊലീസിന് കഴിയുന്നില്ല. ഇത് കാരണം ബസുകള്‍ റോഡില്‍ തന്നെ നിര്‍ത്തി യാത്രക്കാരെ കയറ്റുന്നത് കൂടുതല്‍ ഗതാഗത കുരുക്കിന് ഇടയാക്കുന്നു. ഗതാഗത പരിഷ്കാരം കൊണ്ടുവന്നപ്പോള്‍ കാല്‍നടയാത്രക്കാര്‍ക്ക് റോഡ് മുറിച്ച് കടക്കാന്‍ സൗകര്യങ്ങള്‍ നിഷേധിച്ചത് മാത്രമാണ് പരിഷ്കാരത്തില്‍ അവശേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: