ബദിയഡുക്ക: ദിവസവും ആയിരക്കണക്കിനു വാഹനങ്ങള്‍ സര്‍വ്വീസ് നടത്തുന്ന ചെര്‍ക്കള-അഡ്ക്കസ്ഥല അന്തര്‍ സംസ്ഥാന പാതയില്‍ വാഹന ഗതാഗതം നിലയ്ക്കുന്നു. കുണ്ടുംകുഴിയുമായി വാഹനഗതാഗതം ദുസ്സഹമായതിനെ തുടര്‍ന്നാണ് സര്‍വ്വീസ് നിറുത്തി വയ്ക്കാന്‍ മോട്ടോര്‍ തൊഴിലാളികള്‍ നീക്കമാരംഭിച്ചിട്ടുള്ളത്.
റോഡ് തകര്‍ച്ചയില്‍ പ്രതിഷേധിച്ച് ബസ് സര്‍വ്വീസ് അനിശ്ചിതകാലത്തേക്കു നിറുത്തിവയ്ക്കാനാണ് നീക്കം. ചെര്‍ക്കള മുതല്‍ അടുക്കസ്ഥല വരെ സര്‍വ്വീസ് നടത്തുന്ന മുഴുവന്‍ സ്വകാര്യ ബസ്സുകളെയും പണിമുടക്കില്‍ പങ്കെടുപ്പിക്കാനുള്ള ശ്രമങ്ങള്‍ പ്രതിഷേധക്കാരുടെ ഭാഗത്ത് നിന്നുമുണ്ട്.
ബദിയഡുക്ക പ്രൈവറ്റ് ബസ് തൊഴിലാളികളാണ് റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ രംഗത്തെത്തിയിട്ടുള്ളത്. റോഡ് യാത്ര സുഗമമാക്കണമെന്നു ദീര്‍ഘകാലമായി നടത്തുന്ന മുറവിളിക്കു പരിഹാരമുണ്ടാവാത്തതാണ് തൊഴിലാളികളെ പ്രകോപിപ്പിച്ചത്. കാസര്‍കോട് മഞ്ചേശ്വരം നിയമ സഭാ മണ്ഡലങ്ങളിലൂടെ കടന്നു പോവുന്ന റോഡിന്റെ മഞ്ചേശ്വരം മണ്ഡലം ഭാഗത്തെ കുഴികള്‍ കുറച്ച് അടച്ചിരുന്നു. അതേ സമയം കാസര്‍കോടു മണ്ഡലത്തില്‍ വരുന്ന റോഡുകള്‍ വ്യാപകമായി വന്‍ കുഴികളായിരിക്കുന്നു.
ഈ റോഡില്‍ വാഹന ഗതാഗതം നിലച്ചാല്‍ അതു രൂക്ഷമായി ബാധിക്കുമെന്ന ആശങ്കയിലാണ് ജനങ്ങള്‍. വിദ്യാര്‍ത്ഥികള്‍ക്കു പരീക്ഷാ കാലവും, ഓണമൊരുക്കവും നടക്കേണ്ട സമയത്തു വാഹനഗതാഗതം സ്തംഭിച്ചാലുണ്ടായേക്കാവുന്ന പ്രതിസന്ധി വലുതായിരിക്കുമെന്ന് പ്രദേശവാസികള്‍ പറയുന്നു. എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ക്ക് റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മോട്ടോര്‍ തൊഴിലാളികളും ജനങ്ങള്‍ നിവേദനങ്ങള്‍ നല്‍കിയിരുന്നു. പക്ഷെ ഇത് വരെ യാതൊരു നടപടിയും സ്വീകരിക്കാത്തതാണ് കടുത്ത സമരത്തിന് ജനങ്ങളെ പ്രേരിപ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: