കാസര്‍കോട്: നെല്ലിക്കുന്നിലെ ലക്ഷ്മീശയുടെ പേര് പോലെ തന്നെ ഈശ്വരാനുഗ്രഹം ലഭിച്ചതാണ് ജീവിതവും. വിനായക ചതുര്‍ത്ഥി ആഘോഷത്തിനുള്ള നിരവധി ഗണേശ വിഗ്രഹങ്ങള്‍ ലക്ഷ്മീശയുടെ കരവിരുതില്‍ ഒരുങ്ങി. വിഗ്രഹ നിര്‍മ്മാണത്തില്‍ 24 വര്‍ഷം തികച്ച ലക്ഷ്മീശ വലുതും ചെറുതുമായ നിരവധി ഗണേശ വിഗ്രഹങ്ങളാണ് കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ ക്ഷേത്രങ്ങളിലേക്കായി നിര്‍മ്മിച്ചിട്ടുള്ളത്. കാസര്‍കോട് മല്ലികാര്‍ജ്ജുന ക്ഷേത്രം, ബദിയടുക്ക, മുളിഞ്ച, ഉപ്പള, പള്ളിപ്പുറം തുടങ്ങിയ സ്ഥലങ്ങലില്‍ നടക്കുന്ന ആഘോഷങ്ങള്‍ക്ക് ലക്ഷമീശയുടെ കരവിരുതിലാണ് വിഗ്രഹങ്ങള്‍ ജനിക്കുന്നത്. വിഘ്നേശ്വര രൂപം ഉണ്ടാക്കുന്നത് തപസ്യയായി സ്വീകരിച്ചിട്ടുള്ള ലക്ഷ്മീശ വര്‍ഷങ്ങളായി നിരവധി ക്ഷേത്രങ്ങളില്‍ ഗണേശോത്സവത്തിന് പ്രതിഷ്ഠിക്കാനുള്ള വിഗ്രഹങ്ങള്‍ അനുഷ്ഠാനം പോലെ പണിതു തീര്‍ക്കുന്നു. ഇത്തവണ 26 ക്ഷേത്രങ്ങളിലേക്ക് വലുതും കാസര്‍കോട് നഗരത്തിലും ചുറ്റുവട്ടത്തിലുമായി പൂജിക്കാനുള്ള ചെറു വിഗ്രഹങ്ങളും നിര്‍മ്മിക്കുന്നുണ്ട്.
ലക്ഷ്മീശയുടെ കരവിരുതില്‍ പിറവിയെടുക്കുന്ന ഗണപതി വിഗ്രഹങ്ങളുടെ ഉണ്ണിക്കുടവയറും തുമ്പിക്കൈയും കൊമ്പുമൊക്കെ ഭക്തമാനസങ്ങളില്‍ വിസ്മയം ജനിപ്പിക്കുന്നു. വിഗ്രഹ നിര്‍മ്മാണത്തിന് ലക്ഷ്മീശയെ സഹായിക്കാന്‍ സഹോദരന് യോഗീഷ്, സഹോദരീ ഭര്‍ത്താവ് വിശ്വനാഥ് മഹേഷ്, കിരണ്‍ ഒഡിയൂര്‍ എന്നിവരും ഉണ്ട്. കര്‍ണ്ണാടക കല്ലടുക്കയിലെ ടൈല്‍ ഫാക്ടറിയില്‍ നിന്ന് കളിമണ്ണെത്തിച്ചാണ് മാസങ്ങള്‍ക്ക് മുമ്പ് വിഗ്രഹ നിര്‍മ്മാണം തുടങ്ങുന്നത്. അച്ചുകളൊന്നും ഉപയോഗിക്കാതെ തന്റെ മനസ്സില്‍ പതിഞ്ഞ ഗണേശ ഭഗവാന്റെ രൂപം കരവിരുതിലൂടെ രൂപപ്പെടുത്തുകയാണ് ചെയ്യുന്നത്. ആറടി ഉയരമുള്ള ഗണേശ വിഗ്രഹങ്ങള്‍ വരെ ലക്ഷ്മീശ നിര്‍മ്മിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: