കാസര്‍കോട്: പനിബാധിച്ച് ആശുപത്രിയിലായ പിഞ്ചുകുഞ്ഞിന് മരുന്ന് മാറി കുത്തിവെച്ചതിനെ തുടര്‍ന്ന് ഭിന്നശേഷിക്കാരിയായി മാറി. കാസര്‍കോട് ചൗക്കിയിലെ തന്‍ഷിക എന്ന പെണ്‍കുഞ്ഞാണ് ഡോക്ടറുടെ ചികിത്സാ പിഴവിന് ഇരയായത്. അഞ്ചുവര്‍ഷം മുമ്പാണ് തന്‍ഷികയെ കടുത്ത പനി ബാധിച്ചതിനെ തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്ന് തന്ഷികക്ക് ഒമ്പതുമാസമായിരുന്നു പ്രായം. ഡോക്ടറുടെ നിര്‍ദേശപ്രകാരം ട്രെയിനിയായ നഴ്സാണ് കുഞ്ഞിന്റെ ശരീരത്തില്‍ മരുന്ന് കുത്തിവെച്ചത്.
എന്നാല്‍ കുത്തിവെച്ച മരുന്ന് മാറുകയും കുഞ്ഞ് അബോധാവസ്ഥയിലാവുകയും ചെയ്തു. ഒന്നരമാസക്കാലം തന്‍ഷിക ഇതേ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ കഴിഞ്ഞു. തന്‍ഷിക അപകടനില തരണം ചെയ്തുവെങ്കിലും കുഞ്ഞിന്റെ മാനസിക നിലയില്‍ തകരാര്‍ സംഭവിച്ചതായി കണ്ടെത്തി. പിന്നീട് മറ്റൊരു ആശുപത്രിയില്‍ കുഞ്ഞിനെ പരിശോധനക്ക് വിധേയമാക്കിയപ്പോള്‍ മരുന്ന് മാറി കുത്തിവെച്ചതു കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് വ്യക്തമായി. ചികിത്സ കഴിഞ്ഞ് ഇപ്പോള്‍ അഞ്ചുവര്‍ഷം പിന്നിടുമ്പോഴും കുഞ്ഞിന്റെ അവസ്ഥയില്‍ മാറ്റമൊന്നുമില്ല. മംഗളൂരുവിലെയും കാസര്‍കോട്ടെയും വിവിധ ആശുപത്രികളില്‍ തന്‍ഷികയെ വിദഗ്ദ്ധ ചികിത്സക്ക് വിധേയയാക്കിയെങ്കിലും നിലയില്‍ മാറ്റമുണ്ടായില്ല. മാനസികവൈകല്യം സംഭവിച്ച കുഞ്ഞിന്റെ ശാരീരിക ചലനങ്ങളിലും അപാകതകളുണ്ട്. കുഞ്ഞിന്റെ ദയനീയാവസ്ഥ മാതാപിതാക്കളെ ആകെ തളര്‍ത്തിയിരിക്കുകയാണ്. തന്ഷികയുടെ ഇത്തരമൊരവസ്ഥക്ക് കാരണക്കാരനായ ഡോക്ടര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് കുടുംബം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: