കാസര്‍കോട്: പൊതുസമൂഹത്തില്‍ വെച്ച് അപമാനിച്ച സിപിഎം അനുകൂല സംഘടനാ നേതാവിനെതിരെ യുവതി വനിതാ കമ്മീഷന് മുമ്പാകെ മൊഴി നല്കി. പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിലെ ഡയറക്ടറായിരുന്ന പുല്ലൂരിലെ ശ്രീകലയാണ് ഇന്നലെ കാസര്‍കോട് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമ്മീഷന് സിറ്റിംഗില്‍ കാഞ്ഞങ്ങാട് സഹകരണ സംഘം രജിസ്ട്രാര്‍ ഓഫീസിലെ ഇന്‍സ്പെക്ടറും എന്‍ജിഒ യൂണിയന് ഹൊസ്ദുര്‍ഗ് ഏരിയാ സെക്രട്ടറിയുമായ കെ.രാജഗോപാലനെതിരെ മൊഴി നല്‍കിയത്. ഹൊസ്ദുര്‍ഗ് ഹൗസിംഗ് സഹകരണ സംഘത്തില്‍ ഭര്‍ത്താവിന്റെ ലോണ്‍ കുടിശിക അടച്ചു തീര്‍ക്കാനെത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന സഹകരണ സംഘം ഇന്‍സ്പെക്ടര്‍ ആളുകള്‍ക്ക് മുന്നില്‍ വെച്ച് തന്നെ പരസ്യമായി അപമാനിക്കാന്‍ ശ്രമിച്ചുവെന്നാണ് ശ്രീകലയുടെ പരാതി. ഇതു സംബന്ധിച്ച് സഹകരണ സംഘം രജിസ്ട്രാര്‍ക്ക് അടുത്ത ദിവസം തന്നെ പരാതി നല്‍കിയിരുന്നുവെങ്കിലും നടപടിയെടുത്തിരുന്നില്ല.
ഭരണപക്ഷ യൂണിയന്റെ നേതാവിനെതിരെയുള്ള പരാതി ഒതുക്കി തീര്‍ത്തുവെന്നാണ് ശ്രീകലയുടെ ആക്ഷേപം. ഇതേ തുടര്‍ന്ന് ശ്രീകല മുഖ്യമന്ത്രിക്കും സഹകരണ വകുപ്പ് മന്ത്രിക്കും വനിതാ കമ്മീഷനും പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ അന്വേഷണം ആരംഭിക്കുകയും ശ്രീകലയില്‍ നിന്നും മൊഴിയെടുക്കുകയും ചെയ്തിരുന്നു. വനിതാ കമ്മീഷനില്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് ഇന്നത്തെ സിറ്റിംഗില്‍ ഇവരുടെ മൊഴിയെടുത്തത്. കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണസമിതിയില്‍ ഉടലെടുത്ത വിഭാഗീയതയുമായി ബന്ധപ്പെട്ടാണ് ഹൗസിംഗ് സൊസൈറ്റിയിലെത്തിയ ശ്രീകലയോട് കോപ്പറേറ്റീവ് ഇന്‍സ്പെക്ടര്‍ മോശമായി പെരുമാറിയതത്രെ.
അതേ സമയം കോണ്‍ഗ്രസുകാര്‍ തമ്മിലുള്ള വിഭാഗീയതയില്‍ എന്‍ജിഒ യൂണിയന് നേതാവ് കൂടിയായ സഹകരണ സംഘം ഇന്‍സ്പെക്ടര്‍ പക്ഷം പിടിച്ച നടപടി ശരിയായില്ലെന്നും ഇത് സംഘടനാ ചട്ടങ്ങളുടെ ലംഘനമാണെന്നും ആരോപിച്ചു കൊണ്ട് സംഘടനക്കകത്തും ഒരു വിഭാഗം രംഗത്ത് വന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: