പുല്ലൂര്‍: വിഭാഗീയ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണ സമിതി രാജിവെച്ചൊഴിയാനുളള ഡിസിസി യുടെ നിര്‍ദ്ദേശം രണ്ടാമതും തളളി. കോണ്‍ഗ്രസിന്റെ ഏഴ് അംഗങ്ങളും ഇന്നലെ രാജി നല്‍കണമെന്നാണ് ഡിസിസി കര്‍ശന നിര്‍ദ്ദേശം നല്‍കിയത്.
പതിനൊന്നംഗ ഡയറക്ടര്‍ ബോര്‍ഡില്‍ നാലുപേരെ നേരത്തെ ഡിസിസി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. എന്നാല്‍ രാജിവെക്കില്ലെന്ന നിലപാടില്‍ പ്രസിഡണ്ടുള്പ്പെടെയുളള ഒരു വിഭാഗം ഉറച്ചു നില്‍ക്കുകയാണ്. എന്നാല്‍ ഡിസിസി സെക്രട്ടറിയും മുന്‍ ബാങ്ക് പ്രസിഡണ്ടുമായ വിനോദ്കുമാര്‍ പളളയില്‍ വീടിനെ അനുകൂലിക്കുന്നവര്‍ ഡിസിസി തീരുമാനം അംഗീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ഇതിനിടയില്‍ കഴിഞ്ഞ ദിവസം വിനോദ്കുമാറിനെ അനുകൂലിക്കുന്ന എക്കാല്‍ ബാബുവിന്റെ ഡയറക്ടര്‍ സ്ഥാനം സഹകരണ സംഘം അസിസ്റ്റന്റ് രജിസ്റ്റാര്‍ റദ്ദാക്കി.
ഹൊസ്ദുര്‍ഗ് മോട്ടോര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ ഒരു ലക്ഷം രൂപയുടെ വായ്പ കുടിശിക വരുത്തിയെന്ന പരാതിയെ തുടര്‍ന്നാണ് ബാബുവിനെ അയോഗ്യനാക്കിയത്. ബാങ്കില്‍ ആകെ പതിനൊന്ന് ഡയറക്ടര്മാരാണുളളത്. ഇതില്‍ ഔദ്യോഗിക പക്ഷത്തെ അനുകൂലിക്കുന്ന ശ്രീകലയെ നേരത്തെ അയോഗ്യയാക്കിയിരുന്നു.
തുടര്‍ന്ന് രണ്ടുപക്ഷത്തും അഞ്ച് വീതം അംഗങ്ങളുടെ പിന്തുണയായി. വിമതപക്ഷത്തെ ബാബുവിനെ കൂടി അയോഗ്യനാക്കിയതോടെ നിലവില്‍ ഔദ്യോഗിക പക്ഷത്ത് അഞ്ചും, വിമതപക്ഷത്ത് നാലും അംഗങ്ങളുടെ പിന്‍ബലമാണ് ഉളളത്. നിലവില്‍ തങ്ങള്‍ക്ക് ഭൂരിപക്ഷമുളളതിനാല്‍ രാജിവെക്കേണ്ടതില്ലെന്നാണ് ഔദ്യോഗിക പക്ഷം പറയുന്നത്.
കടുത്ത വിഭാഗീയതയെ തുടര്‍ന്ന് പ്രസിഡണ്ടായിരുന്ന വിനോദ്കുമാര്‍ പളളയില്‍ വീടിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുവാന്‍ മറുപക്ഷം തീരുമാനിച്ചപ്പോള്‍ വിനോദ് സ്ഥാനം രാജിവെച്ചൊഴിയുകയായിരുന്നു. അന്നു മുതല്‍ ബാങ്കില്‍ ഭരണ പ്രതിസന്ധി നിലനില്ക്കുകയായണ്. ഇതിനിടയില്‍ പ്രശ്നം പരിഹരിക്കാന്‍ ഡിസിസി പലവട്ടം ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.
തുടര്‍ന്ന് പ്രശ്നം പരിഹരിക്കാന്‍ കെപിസിസി പ്രസിഡണ്ട് എം.എം. ഹസ്സന്, ജനറല്‍ സെക്രട്ടറി വി. എ. നാരായണനെ ചുമതലപ്പെടുത്തി. അദ്ദേഹം നടത്തിയ ചര്‍ച്ചയില്‍ നേരത്തെ രാജിവെക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും ഇരുപക്ഷവും വഴങ്ങിയില്ല.
എന്നാല്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഡിസിസി യോഗം പുല്ലൂര്‍ ബാങ്ക് ഭരണസമിതി അംഗങ്ങള്‍ ഇന്നലെ രാജിവെക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഔദ്യോഗിക പക്ഷം രാജിവെക്കാന്‍ തയ്യാറാവാത്ത സാഹചര്യത്തില്‍ ഇവര്‍ക്കെതിരെ പാര്‍ട്ടിതലത്തില്‍ അച്ചടക്ക നടപടി ഉണ്ടാകുമെന്ന ഭീഷണിയുമായി ഡിസിസി നേതൃത്വ രംഗത്തെത്തിയിട്ടുണ്ട്. പ്രശ്നം രൂക്ഷമാകുന്നതോടെ പാര്‍ട്ടിയില്‍ രാജിഭീഷണിയും കൊഴുക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: