കാസര്‍കോട്: ജില്ലാ ഭരണകൂടത്തിന്റെ ആസ്ഥാനമായ കാസര്‍കോട് കലക്ടറേറ്റിന് മുന്നില്‍ അപകടം പതിവായിരിക്കുന്നു. ഇതിനകം ഒട്ടേറെ ഇരുചക്ര വാഹനങ്ങളിലെ യാത്രക്കാര്‍ ചതിക്കുഴിയില്‍ വീണിട്ടുണ്ടെങ്കിലും ഭാഗ്യത്തിനാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. കലക്ട്രേറ്റിലേക്ക് രണ്ട് മുഖ്യ കവാടങ്ങളാണ് ഉള്ളത്. ഇവയില്‍ ആര്‍ടിഒ ഓഫീസിന് അഭിമുഖമായി വരുന്ന ഗേറ്റിലാണ് അപകട ഭീഷണി നിലനില്‍ക്കുന്നത്. കന്നുകാലികള്‍ കലക്ട്രേറ്റ് വളപ്പിലേക്ക് കടക്കാതിരിക്കുന്നതിന് സ്ഥാപിച്ച ഇരുമ്പ് പൈപ്പുകള്‍ ദ്രവിച്ചു തകര്‍ന്നതാണ് അപകട ഭീഷണി ഉയര്‍ത്തുന്നത്. ഇരുചക്രവാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കുമാണ് ഇത് ഏറെ ഭീഷണിയായി മാറിയിട്ടുള്ളത്. ഇവിടെ പൈപ്പ് തകര്‍ന്ന് വിടവുള്ള കാര്യം ദൂരെ നിന്ന് കാണാനാകില്ല. അടുത്തെത്തി വാഹനം നിര്‍ത്താന്‍ ശ്രമിക്കുമ്പോഴേക്കും കുഴിയില്‍ വീണിരിക്കും. കുഴിയില്‍ വീണതിന് ശേഷമാണ് പലരും പൈപ്പ് ഇളകിയ കാര്യം അറിയുന്നത്. പ്രതിദിനം നിരവധി പേരെത്തുന്ന കവാടത്തിന് മുന്നിലെ അപകടഭീഷണി പരിഹരിക്കാന്‍ സത്വര നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: