കാസര്‍കോട്: ജില്ലയിലെ പ്രകൃതി വിഭവങ്ങളെ സംബന്ധിച്ച് ലഭ്യമായിട്ടുളള വിവരങ്ങളെ ഭൂവിവര സംവിധാനത്തിന്റെ സഹായത്തോടെ സ്ഥലപരമായ ചട്ടക്കൂട്ടില്‍ ഇന്റര്‍നെറ്റിലൂടെ ലഭ്യമാകുന്ന പദ്ധതിയാണ് ഭൂവിഭവ വിവര സംവിധാനം. ഈ വിവര സംവിധാനത്തിലൂടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും വികസന വകുപ്പുകള്‍ക്കും ആസൂത്രകര്‍ക്കും ഗവേഷകര്‍ക്കും പ്രകൃതിവിഭവങ്ങളെക്കുറിച്ച് അറിയുന്നതിനും വിശകലനം നടത്തുന്നതിനും, സ്ഥിതിവിവര കണക്ക് ലഭ്യമാക്കുന്നതിനും, ഭൂപടങ്ങള്‍ തയ്യാറാക്കി കോപ്പിയെടുക്കുന്നതിനും കഴിയും. ഈ സംവിധാനം പ്രധാനമായും ശാസ്ത്രീയ അന്വേഷണങ്ങള്‍, വിഭവപരിപാലനം, പാരിസ്ഥിതിക അവലോകനം, നഗരാസൂത്രണം, ഗതാഗതം, വാര്‍ത്താവിനിമയം തുടങ്ങി എല്ലാ മേഖലകളിലും ഉപയോഗിക്കാം. ഭൂവിനിയോഗ ബോര്‍ഡ് തയ്യാറാക്കിയ ഈ നൂതന സംവിധാനം നിലവില്‍ വരുന്നതോടെ ജില്ലയുടെ ഭൂവിഭവ വിജ്ഞാനം വിരല്‍തുമ്പില്‍ ലഭിക്കും. തദ്ദേശഭരണ സ്ഥാപന അടിസ്ഥാന ത്തില്‍ കൃഷി, ഭൂപ്രകൃതി, പ്രകൃതിവിഭവങ്ങള്‍, മണ്‍തരങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാകും.ഭക്ഷ്യസുരക്ഷയ്ക്കും, പാരിസ്ഥിതിക പ്രശ്ന പരിഹാരത്തിനും, കൃഷി, വനപരിപാലനം, നഗരാസൂത്രണം, വ്യവസായം തുടങ്ങിയവയ്ക്കായി ഭൂമിയെ ശരിയായി ഉപയോഗിക്കുക എന്നതാണ് ഭൂവിനിയോഗാസൂത്രണം കൊണ്ടുദ്ദേശിക്കുന്നത്. സ്ഥലമാന സാങ്കേതങ്ങളിലെ സമീപകാല പുരോഗതിയും വിദൂരസംവേദനം, ഗ്ലോബല്‍ പൊസിഷന്‍ സിസ്റ്റം, ജിയോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം എന്നീ മേഖലകളിലെ മുന്നേറ്റങ്ങളും കാര്‍ഷിക – കാര്‍ഷികേതര ഭൂവിനിയോഗാസൂത്രണത്തിന് ഒട്ടേറെ സഹായകരമായിട്ടുണ്ട്.പ്രകൃതിവിഭവ പരിപാലനം, ഭൂദുരന്ത പരിപാലനം, പാരിസ്ഥിതിക പ്രശ്നാവലോകനം എന്നിവയ്ക്കും ഈ സാങ്കേതികവിദ്യ ഉപയോഗിക്കുവാനാകും. കേരള സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് കാസര്‍കോട് ജില്ലയ്ക്കു വേണ്ടി തയ്യാറാക്കിയ വെബ് അധിഷ്ഠിത ഭൂവിഭവ വിവര സംവിധാനത്തിന്റെ ഉദ്ഘാടനം 26ന് രാവിലെ 10ന് കാസര്‍കോട് സിപിസിആര്‍ഐ ഹാളില്‍ റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന് നിര്‍വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: