കാഞ്ഞങ്ങാട്: മാവുങ്കാലിനെ സംഘര്‍ഷ ഭൂമിയാക്കിയത് പോലീസാണെന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമായതോടെ സിപിഎം പോലീസ് വാദങ്ങള്‍ പൊളിയുന്നു. സ്വാതന്ത്ര്യദിനത്തില്‍ ഡിവൈഎഫ്ഐ നീലേശ്വരം ബ്ലോക്ക് കമ്മറ്റി കോട്ടപ്പാറയില്‍ സംഘടിപ്പിച്ച യുവജന പ്രതിരോധ പരിപാടിക്കു ശേഷം മടങ്ങുകയായിരുന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ മാവുങ്കാലില്‍ വെച്ചു തടയുകയും സ്ഥാപനങ്ങളും വാഹനങ്ങളും അടിച്ചു തകര്‍ക്കുകയും ചെയ്ത് പോലീസ് പ്രകോപനം സൃഷ്ടിക്കുകയായിരുന്നുവെന്ന ബിജെപി-ആര്‍എസ്എസ് വാദം ശരിവെക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു.
വഴിയോരക്കച്ചവടക്കാരെയും കാല്‍നടയാത്രക്കാരെയും അതിക്രൂരമായി മര്‍ദ്ദിക്കുകയും ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളും, മാധ്യമ പ്രവര്‍ത്തകരുടേതുള്‍പ്പെടെ ഇരുപതോളം ബൈക്കുകളും കാറുകളും പോലീസ് അടിച്ചു തകര്‍ക്കുകയുമായിരുന്നു. ഹോട്ടല്‍ കൃഷ്ണഭവന്‍ അടിച്ചു തകര്‍ക്കുന്ന ദൃശ്യങ്ങള്‍ നേരത്തെ ബിജെപി പുറത്തു വിട്ടിരുന്നു. തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പോലീസ് തന്നെ വ്യാപാര സ്ഥാപനങ്ങളും വാഹനങ്ങളും തകര്‍ക്കുന്നത് കണ്ട് പൊതുജനങ്ങള്‍ സംഘടിക്കുകയായിരുന്നു. ഗ്രനേഡും ടിയര്ഗ്യാസുമെറിഞ്ഞ് ഗതാഗതം പൂര്‍ണ്ണമായും സ്തംഭിപ്പിച്ച പോലീസ് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയായിരുന്നു. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് 16ന് വ്യാപാരി വ്യവസായി ഏകോപന സമിതി മാവുങ്കാലില്‍ ഹര്‍ത്താല്‍ ആചരിക്കുകയും സ്ത്രീകള്‍ റോഡുപരോധിക്കുകയും ചെയ്തു.
മാവുങ്കാല്‍-കോട്ടപ്പാറ പ്രദേശത്തെ പള്ളോട്ട്, രാംനഗര്‍, വിഷ്ണുമംഗലം, പറക്കളായി, വാഴക്കോട് എന്നിങ്ങനെ വിവിധ പഞ്ചായത്തുകളിലെ 6 വാര്‍ഡുകള്‍ കാലങ്ങളായി ബിജെപിയാണു പ്രതിനിധീകരിക്കുന്നത്. ഇതിലുള്ള അസഹിഷ്ണുതയാണ് ഈ പ്രദേശത്തെ സംഘര്‍ഷമേഖലയാക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെയും പോലീസിനെയും പ്രേരിപ്പിക്കുന്നത്.
തിരുവനന്തപുരത്തെ ബിജെപി സംസ്ഥാന കാര്യാലയം സിപിഎം പ്രവര്‍ത്തകര്‍ അക്രമിച്ച സമയത്ത് നിഷ്ക്രിയത്വം പാലിച്ച പോലീസ് കാസര്‍കോട് ജില്ലയില്‍ അക്രമികളുടെ വേഷമെടുത്തണിയുകയായിരുന്നു. വാഹനങ്ങള്‍ തകര്‍ത്തു ജനവികാരം ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ തിരിച്ചു വിടാനുള്ള പോലീസിന്റെ നീക്കമാണ് വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നതിലൂടെ പൊളിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: