മാവുങ്കാല്‍: സ്വാതന്ത്രദിനത്തില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരും പോലീസും ചേര്‍ന്ന് വ്യാപക അക്രമം അഴിച്ചുവിട്ടു. മടിക്കൈ പഞ്ചായത്തിലെ കോട്ടപ്പാറയില്‍ ഡിവൈഎഫ്ഐ സംഘടിപ്പിച്ച യുവജനപ്രതിരോധ സംഗമത്തിനെത്തിയ പ്രവര്‍ത്തകരാണ് പോലീസുമായി ചേര്‍ന്ന് മാവുങ്കാലില്‍ അക്രമണം നടത്തിയത്. 5.30ന് പരിപാടി സമാപിച്ചതിനു ശേഷം വാഹനങ്ങളില്‍ മാവുങ്കാലിലേക്ക് നീങ്ങിയ സിപിഎം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മാവുങ്കാല്‍ പാണത്തൂര്‍ റോഡില്‍ സംഘടിക്കുകയും വ്യാപക അക്രമം അഴിച്ചു വിടുകയുമായിരുന്നു. സഞ്ജീവനി ഹോസ്പിറ്റലിനു സമീപത്തുള്ള വിറകു വില്‍പ്പനശാലയില്‍ നിന്നും വിറകുകൊള്ളികളുമായി പുറത്തിറങ്ങിയ സിപിഎം അക്രമികള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പോലീസിനോടൊപ്പം ചേര്‍ന്ന് വാഹനങ്ങള്‍ തല്ലിതകര്‍ക്കുകയും ചെയ്യുകയായിരുന്നു. സിപിഎമ്മിന്റേയും പോലീസിന്റേയും നരനായാട്ടില്‍ രണ്ട് ഹോട്ടലുകളുമാണ് ഇരുപതിലേറെ വാഹനങ്ങളുമാണ് തല്ലി തകര്‍ത്തത്. സഞ്ജീവനി ഹോസ്പിറ്റലിലെ ഐസിയുവില്‍ അതിക്രമിച്ചു കയറിയ പോലീസ് ആശുപത്രിയിലും പ്രകോപനം സൃഷ്ടിച്ചു. പോലീസ് നടപടിക്കെതിരെ ജില്ലാ കളക്ടര്‍ക്കു പരാതി നല്‍കുമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
മാവുങ്കാലില്‍ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെയും വഴിയാത്രക്കാരെയും പോലീസ് അക്രമിക്കുന്ന വിവരമറിഞ്ഞെത്തിയ ആര്‍എസ്എസ് ജില്ലാകാര്യവാഹ് കെ. ശ്രീജിത്തിനെ ഹോസ്ദുര്‍ഗ് സി.ഐ.സുനില്‍കുമാറും സംഘവും അതിക്രൂരമായി മര്‍ദ്ദിച്ചു. തലയ്ക്ക് സാരമായ പരിക്കുകളോടെ മംഗലാപുരത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചന്ദ്രന് കല്ല്യാണ്‍ റോഡ്(37) ബിജെപി അജാനൂര്‍ പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി പി.പ്രസാദ്(40), രാജന് പൂച്ചക്കാട് (43), ബിഎംഎസ് നേതാവ് ദാമോദരന്‍ എണ്ണപ്പാറ, വിജയന് പുതിയകണ്ടം(55), എം.ബാലകൃഷ്ണന് ചെമ്മട്ടം വയല്‍(48) എന്നിവര്‍ക്ക് പോലീസ് അതിക്രമത്തില്‍ സാരമായ പരുക്കേറ്റു. ഇവരെ മാവുങ്കാല്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന സുധാകരന് ചെമ്മട്ടംവയലിനെ വിപിന്‍, ബ്രിജേഷ്, ജോണി, സോണി എന്നിവരടങ്ങിയ സിപിഎം ക്രിമിനല്‍ സംഘമാണ് ആക്രമിച്ചത്. സിപിഎമ്മിനു യാതൊരു വിധത്തിലുള്ള പ്രവര്‍ത്തനവുമില്ലാത്ത മാവുങ്കാല്‍ കോട്ടപ്പാറ മേഖലയില്‍ ഡിവൈഎഫ്ഐ പരിപാടി സംഘടിപ്പിക്കുന്നത് സംഘര്‍ഷം ലക്ഷ്യമാക്കിയാണെന്ന് സംഘപരിവാര്‍ നേതാക്കള്‍ സര്‍വ്വകക്ഷി യോഗത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ പരിപാടി നടത്തുവാന്‍ ജില്ലാ ഭരണകൂടം അനുമതി നല്‍കുകയായിരുന്നു. ഭരണകക്ഷിയെ പ്രീണിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഏതാനും പോലീസ് ഉദ്യോഗസ്ഥര്‍ സിപിഎമ്മിനോടൊപ്പം ചേര്‍ന്ന് അക്രമം അഴിച്ചു വിടുകയാണുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: