കാസര്‍കോട്: വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കണമെന്നും പെര്‍മിറ്റ് റദ്ദാക്കിയ നടപടി പിന്‍വലിക്കണമെന്നും ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് 18ന് സൂചനാ ബസ് സമരം നടത്തുമെന്ന് ബസ് ഓണേഴ്സ് അസോസിയേഷന് ബാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്തെ സ്വകാര്യ ബസ് വ്യവസായം കടുത്ത പ്രതിസന്ധിയിലാണ്. ട്രാന്‍സ്പോര്‍ട്ട് വകുപ്പ് മന്ത്രിക്ക് നിവേദനം നല്കിയ ശേഷം വിഷയം പഠിച്ച് ചര്‍ച്ചയ്ക്ക് വിളിക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നെങ്കിലും നാളിതുവരെയും നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്നാണ് ബസുടമകളുടെ പരാതി.
ഡീസല്‍, സ്പെയര്‍പാര്‍ട്ട്സ്, ഇന്‍ഷൂറന്‍സ് പ്രീമിയം, ജീവനക്കാരുടെ വേതനം, ചേസിസ്, ലൂബ്രിക്കന്റ്, ബോഡി നിര്‍മ്മാണം, ടയര്‍, വര്‍ക്ക്ഷോപ്പ് കൂലി എന്നിവയിലെല്ലാം ഉണ്ടായ ഭീമമായ വര്‍ദ്ധനവ് ബസ് വ്യവസായത്തെ തകര്ച്ചയിലെത്തിച്ചിരിക്കുകയാണ്. ജില്ലാ അതിര്‍ത്തിയായ തലപ്പാടിയില്‍ ഡീസല്‍ ലിറ്ററിന് 56 രൂപ 12 പൈസയാണ്. എന്നാല്‍ കേരളത്തിലെത്തുമ്പോള്‍ 61 രൂപയലധികമാണ്. അഞ്ച് രൂപയുടെ വ്യത്യാസമാണ് ഒരു ലിറ്റര്‍ ഡീസലിന് വരുന്നത്. ജി എസ് ടി വന്നതിന് ശേഷം കര്‍ണാടക ഗവണ്മെന്റ് നികുതി ഇളവ് അനുവദിച്ചതാണ് വില കുറയാന്‍ കാരണം. മാഹിയെകാള് വിലക്കുറവാണ് ഇപ്പോള്‍ കര്‍ണാടക അതിര്‍ത്തിയിലുള്ളത്.
യാത്രക്കാരുടെ എണ്ണത്തില്‍ ഇപ്പോള്‍ ഗണ്യമായ കുറവ് സംഭവിക്കുകയും ബസുകളുടെ വരുമാനം 40 ശതമാനത്തോളം കുറഞ്ഞ് വ്യവസായത്തെ കടുത്ത പ്രതിസന്ധിയിലാക്കി. ഇതിന് അടിയന്തിര പരിഹാരം കാണാന്‍ സര്‍ക്കാര്‍ മുന്നോട്ട് വരണം. വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് ഉള്‍പ്പെടെ ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുക, 140 കി മീറ്ററില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള സ്വകാര്യ ബസ് പെര്‍മിറ്റുകള്‍ റദ്ദ് ചെയ്ത നടപടി പിന്‍വലിക്കുക, സ്റ്റേജ് കാര്യേജുകള്‍ക്ക് വര്‍ദ്ധിപ്പിച്ച റോഡ് ടാക്സ് പിന്‍വലിക്കുക, പെട്രോളിയം ഉല്‍പ്പന്നങ്ങളെ ചരക്ക് സേവനനികുതിയുടെ പരിധിയില്‍ കൊണ്ടുവരിക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കഴിഞ്ഞ ജനുവരി 24ന് നടത്തിയ സര്‍വ്വീസ് നിര്‍ത്തിവെക്കല്‍ സമരത്തെ തുടര്‍ന്ന് 27ന് ട്രാന്‍സ്പോര്‍ട്ട് വകുപ്പ് മന്ത്രി വിളിച്ചു ചേര്‍ത്ത അനുരഞ്ജന യോഗത്തില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാമെന്നുള്ള ഉറപ്പ് പാലിക്കപ്പെട്ടിട്ടില്ല.
സംസ്ഥാനത്തെ 90 ശതമാനത്തിലധികം സാധാരണ യാത്രക്കാര്‍ക്കും പ്രത്യേകിച്ച് വിദ്യാര്‍ത്ഥികള്‍ക്കും യാത്രാസൗകര്യം ഒരുക്കിക്കൊടുക്കുന്ന സ്വകാര്യബസ് മേഖല നിലനിര്‍ത്തേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ്. ഈ ആവശ്യങ്ങളുന്നയിച്ച് 14ന് കലക്ട്രേറ്റ് പടിക്കല്‍ നടത്തുന്ന ധര്‍ണ്ണ ജില്ലാ പഞ്ചായത്ത് എ.ജി.സി.ബഷീര്‍ ഉദ്ഘാടനം ചെയ്യും. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ അടുത്ത മാസം മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട് കെ.ഗിരീഷ്, ജനറല്‍ സെക്രട്ടറി സത്യന് പൂച്ചക്കാട്, ട്രഷറര്‍ പി.മുഹമ്മദ് കുഞ്ഞി, ജോയിന്റ് സെക്രട്ടറി ശങ്കരനായക്, കാസര്‍കോട് താലൂക്ക് പ്രസിഡണ്ട് എന്‍.എം. ഹസൈനാര്‍, സെക്രട്ടറി സി.എ.മുഹമ്മദ്കുഞ്ഞി എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: