തിരുവനന്തപുരം: ബിജെപി അക്രമം നടത്തുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കില്‍ അക്രമം തടയാന്‍ സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചെന്നു കൂടി വ്യക്തമാക്കണമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കെട്ടുകഥയാണ്. തെറ്റിധാരണാജനകമായ വെളിപ്പെടുത്തലുകളാണ് മുഖ്യമന്ത്രി നടത്തിയതെന്നും വാര്‍ത്താസമ്മേളനത്തില്‍ കുമ്മനം പറഞ്ഞു. തിരുവനന്തപുരത്ത് ആര്എസ്എസ്ശ്രീകാര്യം ബസ്തി കാര്യവാഹ് രാജേഷിനെ കൊലപ്പെടുത്തിയപ്പോഴും ബിജെപി ഓഫീസ് അടിച്ചു തകര്‍ത്തത് ഉള്‍പ്പെടെയുള്ള അക്രമ പരമ്പരകള്‍ നടക്കുമ്പോഴും യാതൊരു നടപടിയും കൈകൊള്ളാന്‍ സര്‍ക്കാരിന് സാധിച്ചില്ല. എന്നിട്ടും മുഖ്യമന്ത്രി വസ്തുതകളെ വളച്ചൊടിക്കുകയാണ്. പോലീസിന്റെ നിഷേധാത്മകവും നിഷ്ക്രിയവും ഏകപക്ഷീയവുമായ നടപടികളാണ് അക്രമം നടക്കുന്നതിന് കാരണം. നാട്ടില്‍ സമാധാനമില്ലാത്തതുകൊണ്ടാണ് സമാധാനചര്‍ച്ചകള്‍ വേണ്ടിവരുന്നത്. ഞായറാഴ്ച സര്‍വ്വകക്ഷിയോഗം കഴിഞ്ഞതിന് തൊട്ടുപിന്നാലെ രാത്രിയില്‍ കോട്ടയത്ത് ഉള്‍പ്പെടെ നാലോളം സ്ഥലങ്ങളില്‍ സിപിഎം അക്രമം അഴിച്ചുവിട്ടു. മുഖ്യമന്ത്രി ഈ യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: