തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ പഞ്ചായത്തിന്റെ അതിര്‍ത്തി കടന്നെത്തുന്ന മോഷ്ടാക്കളെയും മാലിന്യം കൊണ്ട് തള്ളുന്നവരെയും കുടുക്കാന്‍ ക്യാമറ കണ്ണുകള്‍ സ്ഥാപിക്കുന്നതിന് അന്തിമരൂപമായി. ഈ മാസം അവസാനത്തോടെ നഗരത്തിലും പരിസരങ്ങളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നതിന് ഇന്നലെ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പോലീസ്, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരുടെ യോഗം തീരുമാനം കൈക്കൊണ്ടു.
തൃക്കരിപ്പൂര്‍ ബസ്സ്റ്റാന്‍ഡ്, വെള്ളാപ്പ് റോഡ് ജംഗ്ഷന്, സെന്റ്പോള്‍സ് സ്കൂള്‍ റോഡ്, തങ്കയം, നടക്കാവ് തുടങ്ങി പത്തോളം കേന്ദ്രങ്ങളില്‍ സി സി ടി വി സ്ഥാപിക്കും. ആഗസ്ത് ഏഴിന് എസ്റ്റിമേറ്റ് തയ്യാറാക്കി സമര്‍പ്പിക്കും. തുടര്‍ന്നുള്ള തീരുമാനങ്ങള്‍ എടുക്കാന്‍ പഞ്ചായത്ത് പ്രസിഡണ്ട് വി പി ഫൗസിയയെ യോഗം ചുമതലപ്പെടുത്തി. ക്യാമറകള്‍ വാഗ്ദാനം ചെയ്തവരുമായി ബന്ധപ്പെട്ട് ഈ മാസം അവസാനം തന്നെ ക്യാമറകള്‍ സജ്ജമാക്കി ഉദ്ഘാടനം നടത്താനുമാണ് ധാരണയായത്. ബൈക്കും മൊബൈലും ഉപയോഗിച്ചാണ് നാട്ടിലെ മുഴുവന്‍ കുറ്റകൃത്യവും നടക്കുന്നതെന്നും ഇത് തടയാന്‍ നിലവാരമുള്ള ക്യാമറകള്‍ കൊണ്ട് നഗരം വലയം ചെയ്യണമെന്നും പദ്ധതി വിശദീകരിച്ച നീലേശ്വരം സിഐ വി. ഉണ്ണികൃഷ്ണന് വ്യക്തമാക്കി. കൂടുതല്‍ ക്യാമറകള്‍ സ്ഥാപിക്കാന്‍ സ്പോണ്സര്മാരെയും കണ്ടെത്തും പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍. സുകുമാരന്‍, ടി.ഗംഗാധരന് വി കെ ബാവ, എ എസ് ഐ ഉണ്ണികൃഷ്ണന്, ടി.വി. ബാലകൃഷ്ണന്, ടി. വി. കുഞ്ഞികൃഷ്ണന്, കെ. വി മുകുന്ദന്, എം. രജീഷ്ബാബു, വി ടി ശാഹുല്‍ ഹമീദ്, ഉദിനൂര്‍ സുകുമാരന്‍, ഇ വി ദാമോദരന്‍, എ.ജി നൂറുല്‍ അമീന്, ടി. വി. ഗോപാലന്, പ്രഭാകരന് തരംഗിണി, വി. നാരായണന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: