ആലുവ: സംസ്ഥാനത്തെ ആയുര്‍വേദ ആശുപത്രികളില്‍ ആവശ്യത്തിന് മരുന്നും ജീവനക്കാരെയും ഉറപ്പാക്കണമെന്ന് കേരള ഗവ. ആയുര്‍വേദ മെഡിക്കല്‍ ഓഫീസേഴ്സ് ഫെഡറേഷന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ഭൂരിഭാഗം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴിലും ആയുര്‍വേദ ആശുപത്രികള്‍ ഉണ്ടെങ്കിലും ഇവിടങ്ങളില്‍ ആവശ്യത്തിന് മരുന്നും ജീവനക്കാരും ഇല്ലാത്തത് ബുദ്ധിമുട്ടിക്കുകയാണ്. ഗവ. ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്നവര്‍ മരുന്നുകള്‍ക്കായി സ്വകാര്യ സ്ഥാപനങ്ങളെ സമീപിക്കേണ്ടിവരുന്നത് രോഗികളെ ബുദ്ധിമുട്ടിലാക്കുകയാണ്. ആവശ്യത്തിന് മരുന്നും ജീവനക്കാരെയും ലഭ്യമാക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടിയെടുക്കണം. തദ്ദേശ സ്ഥാപനങ്ങള്‍ ബജറ്റില്‍ മരുന്നുകള്‍ക്കായി നീക്കിവെയ്ക്കുന്ന തുക ഉയര്‍ത്തണമെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു.
സംഘടനയുടെ കീഴിലുള്ള വനിതാ വിംഗിന്റെ സംസ്ഥാന സമ്മേളനം നാളെ രാവിലെ 10ന് ആലുവ തോട്ടുമുഖം വൈഎംസിഎയില്‍ സംസ്ഥാന വനിത കമ്മീഷന് ചെയര്‍പേഴ്സണ്‍ എം.സി. ജോസഫൈന് ഉദ്ഘാടനം ചെയ്യും. വനിതാ വിംഗ് സംസ്ഥാന കണ്‍വീനര്‍ ഡോ. എച്ച്. മുഹ്സീന അദ്ധ്യക്ഷത വഹിക്കും. സ്വാഗതസംഘം കണ്‍വീനര്‍ ഡോ. ലൗലി മാത്യു, ജില്ലാ സെക്രട്ടറി ഡോ. ജിന്‍ഷാദ് സദാശിവന്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഡോ. കെ. സിന്ധു, ഡോ. സിമി ജിന്‍ഷാദ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: