കാക്കനാട്: പൂത്തോട്ട ശ്രീനാരായണ പബ്ലിക് സ്കൂളില്‍ നിന്ന് ഉയര്‍ന്ന മാര്‍ക്ക് നേടി ഒന്‍പതാം ക്ലാസ് വിജയിച്ച വിദ്യാര്‍ഥിക്ക് പത്താം ക്ലാസിലേക്ക് പ്രവേശനം നിഷേധിച്ച പെരുമ്പാവൂര്‍ തണ്ടേക്കാട് ജമാഅത്ത് ഹയര്‍ സെക്കന്ററി സ്കൂള്‍ മാനേജ്മെന്റിന്റെ നടപടിക്കെതിരേ കര്‍ശന നടപടിയുമായി ന്യൂനപക്ഷ കമ്മീഷന്. രണ്ടു ദിവസത്തിനകം കുട്ടിയെ സ്കൂളില്‍ പ്രവേശിപ്പിക്കണമെന്ന് സ്കൂള്‍ ഹെഡ്മാസ്റ്റര്‍ക്ക് കമ്മീഷന് നിര്‍ദേശം നല്കി. കുട്ടിയെ സ്കൂളില്‍ പ്രവേശിപ്പിക്കണമെന്ന ജില്ല കളക്ടറുടെയും വിദ്യാഭ്യാസ ഉപഡയറക്ടറുടെയും കോതമംഗലം ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ നടപടി.
വിദ്യാര്‍ഥിക്ക് തുടര്‍പഠനം നിഷേധിക്കുന്ന സ്ഥിതി അതീവ ഗുരുതരമായി കാണുന്നുവെന്നും സ്കൂള്‍ മാനേജ്മെന്റിനെതിരേ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുമെന്നും കമ്മീഷന് ചെയര്മാന് റിട്ട.ജസ്റ്റിസ് പി.കെ. ഹനീഫ വ്യക്തമാക്കി. ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസത്തിനായി സ്കൂളിന് ലഭിച്ചുവരുന്ന സര്‍ക്കാര്‍ ധനസഹായവും മറ്റും പരിശോധിക്കേണ്ടി വരുമെന്നും കമ്മീഷന് വ്യക്തമാക്കി. കാക്കനാട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ന്യൂനപക്ഷ കമ്മീഷന് സിറ്റിംഗിലാണ് തീരുമാനം.
അംഗവൈകല്യമുള്ള പരാതിക്കാരന് പിഎസ്സി ലിസ്റ്റിലുണ്ടായിട്ടും നിയമനം നല്‍കാത്തതുമായി ബന്ധപ്പെട്ട് ടി.വി. ജോര്‍ജ് സമര്‍പ്പിച്ച പരാതിയില്‍ കമ്മീഷന് തെളിവെടുത്തു. പിഎസ്സി ലിസ്റ്റ് കാലാവധി നാലര വര്‍ഷമായി കൂട്ടിയിട്ടുണ്ടെന്ന വാദം തെളിയിക്കുന്ന രേഖകള്‍ അടുത്ത സിറ്റിംഗില്‍ ഹാജരാക്കാന്‍ പരാതിക്കാരന് കമ്മിഷന് നിര്‍ദേശം നല്കി. രക്ഷാകര്‍ത്താവായ മജീദിന്റെ പേരിലുള്ള ബാങ്ക് ലോണ്‍ തുകയുടെ ബാധ്യത സക്കീന, അഫ്ന, ഫിദ എന്നിവരില്‍ നിന്നും ഈടാക്കിയ ബാങ്ക് നടപടിക്കെതിരേ സമര്‍പ്പിച്ച പരാതിയില്‍ എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സിനെതിരേ ഷോക്കോസ് നോട്ടീസ് അയയ്ക്കാനും കമ്മീഷന് ഉത്തരവിട്ടു.
ആകെ 16 പരാതികളാണ് കമ്മീഷനു മുന്‍പാകെ പരിഗണനയ്ക്കു വന്നത്. ന്യൂനപക്ഷ കമ്മീഷന് ചെയര്മാന് റിട്ടയേര്‍ഡ് ജസ്റ്റിസ് പി.കെ. ഹനീഫ, അംഗങ്ങളായ അഡ്വ. മുഹമ്മദ് ഫൈസല്‍, അഡ്വ. ബിന്ദു തോമസ് എന്നിവര്‍പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: