കൊച്ചി : വൈറ്റില ഫ്ളൈ ഓവര്‍ നിര്‍മ്മാണം 2019 ല്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നു സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. കേരളത്തിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷനായ വൈറ്റിലയിലെ ഫ്ളൈ ഓവര്‍ നിര്‍മ്മാണം വേഗത്തിലാക്കാന്‍ ഹൈക്കോടതി ഇടപെടണമെന്നാവശ്യപ്പെട്ട് വൈറ്റില സ്വദേശി ഫ്രാന്‍സിസ് മാഞ്ഞൂരാന് നല്കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം നല്‍കിയത്.
ഫ്ളൈ ഓവര്‍ നിര്‍മ്മാണത്തിന് 95.75 കോടി രൂപ ചെലവ് വരുമെന്നു സത്യവാങ്മൂലം പറയുന്നു. ഫ്ളൈ ഓവര്‍ നിര്‍മ്മാണത്തിന് സര്‍ക്കാരിന്റെ തത്ത്വത്തിലുള്ള അംഗീകാരം കഴിഞ്ഞ മേയ് പത്തിന് ലഭിച്ചതോടെ സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളായി (എസ്പിവി) കേരള റോഡ് ഫണ്ട് ബോര്‍ഡിനെ ചുമതലപ്പെടുത്തിയെന്നും പൊതുമരാമത്ത് വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ടി.ആര്. ജയപാല്‍ നല്കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
ഇതേത്തുടര്‍ന്ന് 95.75 കോടി രൂപയുടെ ചെലവു കണക്കാക്കി കേരള റോഡ് ഫണ്ട് ബോര്‍ഡ് വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡി.പി.ആര്) സര്‍ക്കാരിന്റെ ഭരണാനുമതിക്ക് നല്കി. ഇതോടൊപ്പം കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡിന്റെ (കിഫ് ബി) അംഗീകാരത്തിനും പദ്ധതി രേഖ സമര്‍പ്പിച്ചിരുന്നു. പാതയുടെ അലൈന്മെന്റ് ഉറപ്പാക്കാനും കിഫ് ബി ആവശ്യപ്പെട്ട് ചെലവു കണക്കുകളുടെ വിശകലനം നല്‍കാനും ദേശീയപാത വിഭാഗം ചീഫ് എന്‍ജിനീയര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് മറുപടി ലഭിച്ചതോടെ ജൂണ്‍ 17 ന് വൈറ്റില ഫ്ളൈ ഓവറിന്റെ നിര്‍മ്മാണത്തിന് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയെന്നും തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടത് കിഫ് ബിയും കേരള റോഡ് ഫണ്ട് ബോര്‍ഡുമാണ് സ്വീകരിക്കേണ്ടതെന്നും സത്യവാങ്മൂലത്തില്‍ വിശദീകരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: