കൊച്ചി: കേരളത്തിന് അനുവദിച്ച എറണാകുളം-രാമേശ്വരം പ്രതിവാര സ്പെഷ്യല്‍ സര്‍വീസ് പുനരാരംഭിക്കണമെന്ന് വിവിധ പാസഞ്ചര്‍ അസോസിയേഷനുകള്‍ ആവശ്യപ്പെട്ടു. ആള് കേരള റെയില്‍വേ പാസഞ്ചര്‍ അസോസിയേഷന്, തൃശൂര്‍ റെയില്‍വേ പാസഞ്ചര്‍ അസോസിയേഷന് എന്നീ സംഘടനകള്‍ വിഷയത്തില്‍ നിവേദനം നല്‍കിയിരുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ ഏപ്രിലില്‍ ആരംഭിച്ച സര്‍വീസ് യാത്രകാര്‍ക്ക് ഏറെ പ്രയോജനകരമായിരുന്നു. തുടര്‍ന്ന് ട്രെയിന്‍ സ്ഥിരമാകണമെന്ന യാത്രകാരുടെ ആവശ്യത്തിനിടെയാണ് കഴിഞ്ഞ ഞായറാഴ്ചയോടെ സര്‍വീസ് പൂര്‍ണമായും നിര്‍ത്തലാക്കിയത്. എറണാകുളത്തു നിന്ന് ഞായറാഴ്ചകളില്‍ വൈകിട്ട് 4ന് പുറപ്പെടുന്ന ട്രെയിന്‍ പൊള്ളാച്ചി, പഴനി, മധുര വഴി രാവിലെ 4ന് രാമേശ്വരത്തെത്തും. അന്ന് രാത്രി 10ന് മടങ്ങി ചൊവ്വാഴ്ച രാവിലെ 10ന് എറണാകുളത്ത് തിരിച്ചെത്തുന്ന വിധമായിരുന്നു സര്‍വീസ്. റെയില്‍വേയ്ക്ക് മികച്ച വരുമാനം നേടികൊടുത്തിരുന്ന സര്‍വീസ് നിര്‍ത്തലാക്കിയതില്‍ യാത്രകാരും നിരാശരാണെന്ന് തൃശൂര്‍ റെയില്‍വേ പാസഞ്ചര്‍ അസോസിയേഷന് ഭാരവാഹിയായ മണികണ്ഠന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: