രാജ്യത്തെ ഏറ്റവും വലിയ അവികസിത സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. 22 കോടി ജനങ്ങള്‍. 75 ജില്ലകള്‍. 403 നിയമസഭാ മണ്ഡലങ്ങളും 80 ലോക്സഭാ സീറ്റുകളും. 67.68ശതമാനം സാക്ഷരത. തൊഴിലില്ലായ്മ നിരക്ക് രാജ്യത്തെ ശരാശരി 50 ആയിരിക്കെ ഉത്തര്‍പ്രദേശില്‍ ഇത് 74 ആണ്. കുറ്റകൃത്യങ്ങളുടെ നിരക്കും വളരെയേറെ കൂടുതല്‍. പ്രതിവര്‍ഷം അഞ്ഞൂറിലേറെ സമുദായ സംഘര്‍ഷങ്ങള്‍ യുപിയില്‍ അരങ്ങേറുന്നു. എന്നാല്‍ ഇതില്‍ നിന്ന് വിഭിന്നമാണ് വടക്കുകിഴക്കന്‍ യുപിയിലെ ഗോരഖ്പൂര്‍.
അഖിലേഷ് യാദവിന്റെ ഭരണത്തിന്റെ കീഴില്‍ സംസ്ഥാനമെങ്ങും സമുദായ അസ്വാരസ്യങ്ങള്‍ ഉടലെടുത്തപ്പോള്‍ അത്തരത്തിലുള്ള ഒരു സംഭവം പോലും ഗോരഖ്പൂരില്‍ നിന്ന് ഉയര്‍ന്ന് കേട്ടില്ല. ഇവിടെ സമാധാനം നിലനിര്‍ത്തുന്നതിന്റെ മുഖ്യപങ്ക് വഹിച്ച സാന്നിധ്യമാണ് ഗോരഖ്പൂര്‍ എംപിയും ഗോരഖ്നാഥ് ക്ഷേത്രത്തിലെ മുഖ്യപുരോഹിതനുമായ യോഗി ആദിത്യനാഥ്. ഒരു വിഭാഗം മാധ്യമങ്ങളും പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളും മനപ്പൂര്‍വ്വം മറച്ചുവെച്ച ആ വ്യക്തിത്വം ഇന്ന് മുഴുവന്‍ ഉത്തര്‍പ്രദേശിന്റെയും ചുമതലക്കാരനായി മാറുമ്പോള്‍ ഗോരഖ്പൂരുകാര്ക്ക് വലിയ പ്രതീക്ഷയാണ്.
ഉത്തര്‍പ്രദേശിന്റെ വികസനത്തിനായി വലിയ ദൗത്യമാണ് മുഖ്യമന്ത്രിയും സംഘവും ഏറ്റെടുത്തിരിക്കുന്നത്. വിവിധ വകുപ്പുകളുമായി ചേര്‍ന്ന് വലിയ ശുദ്ധീകരണത്തിനാണ് യുപിയില്‍ തുടക്കമിട്ടിരിക്കുന്നത്. ക്രമസമാധാന നില പുനസ്ഥാപിക്കുന്നതിനായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ ഡിജിപിക്ക് നിര്‍ദ്ദേശം നല്കിയ മുഖ്യമന്ത്രി, മന്ത്രിമാര്‍ സ്വത്ത് വിവരങ്ങള്‍ പ്രസിദ്ധീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
യുപിയെ നന്നാക്കാന്‍ മുഖ്യമന്ത്രി ആദിത്യനാഥ് തുടക്കമിട്ട ശ്രമങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ പൂര്‍ണ്ണ പിന്തുണയും ലഭിച്ചിട്ടുണ്ട്. ദല്‍ഹിയില്‍ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ യുപിയുടെ ഭരണ നിര്‍വഹണ മേല്‍നോട്ട ചുമതല പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്രമിശ്രയെ ഏല്‍പ്പിച്ചതും ഇതിന്റെ ഭാഗമാണ്. യുപി കേഡര്‍ ഉദ്യോഗസ്ഥനായ നൃപേന്ദ്രമിശ്ര കേന്ദ്രസര്‍ക്കാരും യുപി സര്‍ക്കാരും തമ്മിലുള്ള ഏകോപന ചുമതല നിര്‍വഹിക്കും.
സംസ്ഥാന വികസനത്തിനുള്ള വിവിധ കേന്ദ്രപദ്ധതികള്‍ വലിയ മുന്‍ഗണന നല്കി യുപിയില്‍ നടപ്പാക്കാനാണ് തീരുമാനം. ഭരണ രംഗത്ത് പരിചയക്കുറവുള്ള യോഗി ആദിത്യനാഥിനെ എല്ലാ കാര്യങ്ങളിലും ഇനി നൃപേന്ദ്രമിശ്രയാണ് സഹായിക്കുക. അഴിമതി നിറഞ്ഞ യുപിയിലെ ഉദ്യോഗസ്ഥ രംഗത്തെ ശുദ്ധീകരിക്കുകയെന്ന വലിയ ചുമതല പ്രഖ്യാപിച്ച യോഗി ആദിത്യനാഥിന്റെ ഇക്കാര്യത്തിലുള്ള സംശുദ്ധിയും ചുരുചുറുക്കും യുപിക്കും കേന്ദ്രസര്‍ക്കാരിനും പ്രയോജനകരമാക്കാന്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ യുപി ദൗത്യം വഴി സാധിക്കും.
സ്വച്ഛ് ഭാരത് അഭിയാന്റെ ഭാഗമായി യുപിയിലെ 30 ജില്ലകള്‍ ഡിസംബറിന് മുമ്പായി തുറസ്സായ സ്ഥലങ്ങളിലെ മലമൂത്രവിസര്‍ജ്ജന വിമുക്തമാക്കാനുള്ള യോഗി ആദിത്യനാഥിന്റെ പ്രഖ്യാപനം ഗതിവേഗം കൈവരുത്താന്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായമാണ് ആവശ്യം. അഴിമതിയോട് യാതൊരു തരത്തിലുമുള്ള ഒത്തുതീര്‍പ്പുണ്ടാകില്ലെന്നും ആദിത്യനാഥ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ തന്നെ 1990-92 കാലത്ത് യുപി മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ചുമതല നിര്‍വഹിച്ച ഭരണ പരിചയമുള്ള നൃപേന്ദ്രമിശ്രയുടെ സേവനം യുപിയ്ക്ക് വലിയ മുതല്‍ക്കൂട്ടാകും.
പ്രധാനമന്ത്രിയുടെ ഓഫീസിലെ യുപികാര്യങ്ങള്ക്കായി പ്രത്യേക വിങ് തന്നെ പ്രവര്‍ത്തനം ആരംഭിക്കുന്നുണ്ട്. അഴിമതി രഹിത, അക്രമ രഹിത ഉത്തര്‍പ്രദേശ് എന്ന ബിജെപിയുടെ വാഗ്ദാനം സാക്ഷാത്കരിക്കാനാണ് ഈ ശ്രമങ്ങളെല്ലാം എന്ന് കേന്ദ്രസര്‍ക്കാരും യുപി സര്‍ക്കാരും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: