കൊച്ചി: ആയുര്‍വേദ ഉല്‍പ്പന്നങ്ങളുടെ വിപണിയില്‍ വന്‍ മത്സരം. വന്‍തോതില്‍ ആയുര്‍വേദ മരുന്നുകളുല്പ്പാദിപ്പിക്കുന്ന കമ്പനികള്‍ വിപണി പിടിക്കാനുള്ള തന്ത്രങ്ങളില്‍ പുതിയ സാമ്പത്തിക വര്‍ഷം കടുത്ത മത്സരത്തിലാണ്. ആയുര്‍വേദ ചികിത്സക്ക് കേള്‍വികേട്ട കേരളംതന്നെയാണ് വന്‍ ആയുര്‍വേദ മരുന്നുല്പ്പാദകരുടെ മുഖ്യ വിപണി.
പതഞ്ജലി ഉല്‍പ്പന്നങ്ങളുടെ സാന്നിദ്ധ്യം കാര്യമായി ബാധിക്കാത്തത് കേരളത്തിന്റെ സ്വന്തം ആയുര്‍വേദ സ്ഥാപനങ്ങള്‍ക്കാണ്. പാരമ്പര്യ രീതിയില്‍ തയ്യാര്‍ ചെയ്യുന്ന മരുന്നുകളും ഉല്‍പ്പന്നങ്ങളും വാങ്ങുന്നവര്‍ കേരള ഉല്‍പ്പന്നങ്ങള്‍തന്നെ ആശ്രയിക്കുന്നു. അതേസമയം ആയുര്‍വേദ ഉല്‍പ്പന്നങ്ങളായ സൗന്ദര്യ വര്‍ദ്ധക വസ്തുക്കളുടെ വിപണിയായാണ് കേരളത്തെ ഉത്തരേന്ത്യന്‍ കമ്പനികള്‍ കാണുന്നത്. അവര്‍ക്ക് പതഞ്ജലിയുടെ ഉല്‍പ്പന്നങ്ങള്‍ കേരളത്തിലെ മാര്‍ക്കറ്റ് നേട്ടം കുറച്ചിട്ടുണ്ട്.
ഹിമാലയ ആയുര്‍വേദ ഉല്‍പ്പന്ന കമ്പനി കേരള വിപണിയിലെ വലിയ വിഹിതം നേടിയിരുന്നു. ഇപ്പോള്‍ മത്സരം കനത്തതോടെ പുതിയ വിപണി തന്ത്രങ്ങള്‍ അവതരിപ്പിക്കുകയാണ്. കേരളം എന്നും മികച്ച മാര്‍ക്കറ്റാണ്, കൂടുതല്‍ ശക്തിപ്പെടുത്തി ഉല്‍പ്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കാന്‍ ശ്രമങ്ങള്‍ തുടങ്ങിയതായി ഹിമാലയ ബേബി കെയര്‍ ജനറല്‍ മാനേജര്‍ ചക്രവര്‍ത്തി പറഞ്ഞു.
നിലവില്‍ കേരള വിപണിയില്‍ 40% ബേബി കെയര്‍ ഉല്‍പ്പന്നങ്ങള്‍ ഹിമാലയയുടേതാണ്. കൊച്ചി, മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളാണ് മുന്നില്‍. നിലവില്‍ ഡോക്ടര്‍മാരിലൂടെയാണ് ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കല്‍ പ്രചാരണം നടത്തുന്നത്. പുതുതായി 100 കമ്പനി പ്രതിനധികളെക്കൂടി നിയോഗിച്ച് ഈ സാമ്പത്തിക വര്‍ഷം വില്‍പ്പന ഇരട്ടിയാക്കാനാണ് ശ്രമമെന്ന് ചക്രവര്‍ത്തി പറഞ്ഞു. പുറമേ ഓണ്‍ലൈന്‍ വ്യാപാരവും കൂടുതല്‍ ശക്തിപ്പെടുത്താനാണ് പദ്ധതി.
പാരമ്പര്യ ആയുര്‍വേദ ഉല്‍പ്പാദന ശാലകള്‍ക്ക് ഈ മത്സര ഭയമില്ല. ഉപയോക്താക്കളുടെ വിശ്വാസമാണ് പ്രധാനം, ആയുര്‍വേദ ഉല്‍പ്പന്നമല്ല, ആയുര്‍വേദ മരുന്നുകളാണ് വില്‍ക്കുന്നത് എന്നതിനാല്‍ ഭയക്കേണ്ടതില്ലെന്നും പ്രധാന മരുന്നുല്‍പ്പാദകര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: