ന്യൂദല്‍ഹി : കാവസാക്കിയുടെ ഏറ്റവും പുതിയ മോഡല്‍ Z250 ഈ മാസം 22 ന് കാവസാക്കി ഇന്ത്യന്‍ വിപണിയിലെത്തിക്കും. 3.25 ലക്ഷം രൂപ വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുന്‍ഗാമിയേക്കാള്‍ 2017 മോഡല്‍ കൂടുതല്‍ പ്രീമിയം നിലവാരം പുലര്‍ത്തും. പഴയ Z250 ന് 3.11 ലക്ഷം രൂപയായിരുന്നു ദല്‍ഹി എക്സ്-ഷോറൂം വില.
പുതിയ ബോഡി നിറങ്ങള്‍ക്കൊപ്പം എബിഎസ് (ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം) സ്റ്റാന്‍ഡേഡായി പുതിയ Z250 ല്‍ ലഭിക്കും. നിലവിലെ 249 സിസി, ലിക്വിഡ് കൂള്‍ഡ്, ഫോര്‍-സ്ട്രോക്, പാരലല്‍-ട്വിന്‍ എന്ജിന് ഈ സബ്-500 സിസി മോട്ടോര്‍സൈക്കിളിന് 32 എച്ച്പി കരുത്തും പരമാവധി 21 എന്‍എം ടോര്‍ക്കും നല്‍കും. 6-സ്പീഡാണ് ഗിയര്‍ബോക്സ്.
Z900 നോട് സാദൃശ്യം തോന്നുന്ന രൂപകല്‍പ്പനാ ശൈലിയിലാണ് Z250 വിപണിയിലെത്തുന്നത്. ഓട്ടോമാറ്റിക് ഹെഡ്ലാമ്പ് ഓണ്‍ (എഎച്ച്ഒ) സവിശേഷതയും Z250 ന് ഉണ്ടാകും. വാഹനം ഓണ്‍ ആക്കിയാല്‍ ഹെഡ്ലാമ്പ് പ്രകാശിക്കുന്നതാണ് എഎച്ച്ഒ. ഇതിന് പ്രത്യേകം സ്വിച്ച് ഉണ്ടാകില്ല. സബ്-500 സിസി സെഗ്മെന്റിലെ കെടിഎം 200 ഡ്യൂക്, ഹോണ്ട CBR250, ബെനേലി TNT 25 എന്നിവരാണ് കാവസാക്കി Z250 ന്റെ എതിരാളികള്‍.
ബജാജ് ഓട്ടോയുമായുള്ള റീട്ടെയ്ല്‍, ആഫ്റ്റര്‍സെയ്ല്‍സ് ബന്ധം കാവസാക്കി ഈയിടെ അവസാനിപ്പിച്ചിരുന്നു. ജാപ്പനീസ് മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കള്‍ ഇപ്പോള്‍ സ്വന്തം നിലയിലാണ് ഡീലര്‍ഷിപ്പുകള്‍ നടത്തുന്നത്. ആദ്യ ഡീലര്‍ഷിപ്പ് മുംബൈയില്‍ തുറന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: