ന്യൂദല്‍ഹി: റബര്‍ ബോര്‍ഡിന്റെ മേഖലാ ഓഫീസുകളുടെ പ്രവര്‍ത്തനം നിര്‍ത്തിയത് ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനാണെന്ന് കേന്ദ്രവാണിജ്യമന്ത്രി നിര്‍മ്മല സീതാരാമന് പറഞ്ഞു. റബര്‍ ബോര്‍ഡിന്റെ ആസ്ഥാനം ആസാമിലേക്ക് മാറ്റുമെന്ന വാര്‍ത്തകള്‍ തള്ളിക്കളഞ്ഞ വാണിജ്യമന്ത്രി, ബോര്‍ഡ് ആസ്ഥാനം കോട്ടയത്തു തന്നെ തുടരുമെന്നും വ്യക്തമാക്കി.
സംസ്ഥാനത്തെ റബര്‍ബോര്‍ഡ് മേഖലാ ഓഫീസുകള്‍ നിര്‍ത്തിയത് അടച്ചുപൂട്ടല്‍ നയത്തിന്റെ ഭാഗമല്ല. റബര്‍ ബോര്‍ഡ് അടക്കമുള്ള എല്ലാ ബോര്‍ഡുകളും നല്ല നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. ബോര്ഡുകളുടെയെല്ലാം പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കി വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. റബറിന് മാത്രമായി പ്രത്യേക നയം കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലില്ലെന്നും നിര്‍മ്മല സീതാരാമന് അറിയിച്ചു.
റബര്‍ ബോര്‍ഡ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് മാറ്റില്ല. റബര്‍ കയറ്റുമതി വര്‍ദ്ധിപ്പിക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. മഞ്ഞള്‍ ബോര്‍ഡ് സ്ഥാപിക്കണമെന്ന തെലങ്കാന സംസ്ഥാനത്തിന്റെ ആവശ്യം തല്ക്കാലം കേന്ദ്രപരിഗണനയിലില്ലെന്നും സ്പൈസസ് ബോര്‍ഡിന് കീഴില്‍ കൂടുതല്‍ അവസരങ്ങള്‍ മഞ്ഞളിന് നല്‍കുമെന്നും അവര്‍ അറിയിച്ചു.
ചരക്കു സേവന നികുതി നടപ്പാക്കുന്നതോടെ കയറ്റുമതി രംഗത്ത് വന്‍ വളര്‍ച്ചയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ജിഎസ്ടി വഴി കയറ്റുമതി മേഖലയില്‍ മുന്നേറ്റമുണ്ടാക്കാനും മത്സരക്ഷമത വര്‍ദ്ധിപ്പിക്കാനും സഹായിക്കും.
തൊഴില്‍സാധ്യതയുള്ള പദ്ധതികള്‍ക്ക് ഊന്നല്‍ കൊടുത്തുകൊണ്ടുള്ള നയങ്ങളും തീരുമാനങ്ങളുമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക, ജപ്പാന് തുടങ്ങിയ രാജ്യങ്ങളിലേക്ക് കയറ്റുമതി സാധ്യതകള്‍ വര്‍ദ്ധിപ്പിച്ചതായും നിര്‍മ്മല സീതാരാമന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: