ശ്രീനഗര്‍: കാശ്മീരില്‍ വീണ്ടും പാക്കിസ്ഥാന് അതിര്‍ത്തി സംരക്ഷണ സേനയുടെ വെടിവെയ്പ്. തുടര്‍ച്ചയായ രണ്ടാം ദിനമാണ് പാക് സൈന്യം കരാര്‍ ലംഘിച്ച് ഇന്ത്യന്‍ മേഖലയിലേക്ക് വെടിയുതിര്‍ക്കുന്നത്.
ജമ്മുവിലെ കത്വാ ജില്ലയിലെ അതിര്‍ത്തി മേഖലയിലാണ് അര്‍ധരാത്രിക്ക് ശേഷം വെടിവെയ്പുണ്ടായത്. ഹിരാനഗര്‍ സെക്ടറിലെ ബിഎസ്എഫ് ഔട്ട്പോസ്റ്റുകളായിരുന്നു ലക്ഷ്യം വെച്ചത്. അര്‍ദ്ധരാത്രി 12 മണിക്ക് ആരംഭിച്ച വെടിവെയ്പ് 15 മിനിറ്റോളം നീണ്ടു നിന്നതായി ബിഎസ്എഫ് അറിയിച്ചു. വെടിവെയ്പ് ശക്തമായതിനെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യവും തിരിച്ചടിച്ചു.
ഇന്നലെ ഹിരാനഗര്‍ സെക്ടറിലെ ബിഎസ്എഫ് പോസ്റ്റുകള്‍ ലക്ഷ്യമിട്ട് പാക് സൈന്യം നടത്തിയ വെടിവെയ്പില്‍ ഒരു ജവാന് പരിക്കേറ്റിരുന്നു. പൂഞ്ച് ജില്ലയിലെ കൃഷ്ണഗാത്തിയിലും സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാക് സൈന്യം ഇന്നലെ വെടിയുതിര്‍ത്തു. ഏറെ നാളുകള്‍ക്ക് ശേഷമാണ് കാശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക് സൈന്യം പ്രകോപനം സൃഷ്ടിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: