അടിയന്തരാവസ്ഥ കാലത്തെ പോലീസ് നരനായാട്ടിനെതിരെയും ഭരണകൂട ഭീകരതയ്ക്കെതിരെയും നടത്തിയ പോരാട്ടങ്ങള്‍ ഇന്നും കെ.ഡി. രാമകൃഷ്ണനെ ആവേശഭരിതനാക്കുന്നു. അടിയന്തരാവസ്ഥയ്ക്കെതിരെ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ലോക സംഘര്‍ഷ സമിതിയുടെ ജില്ലാ ജോയിന്റ് കണ്‍വീനര്‍ കൂടിയായിരുന്നു അദ്ദേഹം.
കണ്‍വീനറായിരുന്ന സുകുമാരപിള്ള ഇന്ന് ജീവിച്ചിരിപ്പില്ല. സഹനസമരം നടത്തിയവരോട് പോലീസ് കാട്ടിയ ക്രൂരമര്‍ദ്ദനങ്ങള്‍, അടിയന്തരാവസ്ഥയ്ക്കെതിരെയുള്ള രഹസ്യമായ പ്രവര്‍ത്തനങ്ങള്‍, വീടുകളില്‍ പോകുവാന്‍ പറ്റാത്ത സാഹചര്യം… ഇതെല്ലാം ഓര്‍ക്കാന്‍ ഭയക്കുന്ന ഓര്‍മ്മകളാണെന്ന് സപ്താഹ ആചാര്യന് കൂടിയായ കെ.ഡി.ആര് ഓര്‍ക്കുന്നു.
ഗാന്ധിജിയുടെ ചിത്രമുള്ള ബാഡ്ജ് കുത്തി, ഗാന്ധി സൂക്തങ്ങള്‍ ചൊല്ലി സഹനസമരം നടത്തിയവരോട് ചത്ത ഗാന്ധിക്ക് ജയ് വിളിക്കുന്നോടാ എന്നും ജീവിച്ചിരിക്കുന്ന ഗാന്ധിക്ക് (ഇന്ധിരാഗാന്ധിക്ക്) ജയ് വിളിക്കെടാ എന്നുമായിരുന്നു പോലീസിന്റെ ആജ്ഞ. പിടിക്കപ്പെടുന്ന പ്രവര്‍ത്തകരെ അഞ്ചു കിലോയുടെ ഇരുമ്പുകട്ടിക്ക് നടുവിന് ഇടിച്ചും പോലീസ് വാഹനത്തില്‍ കയറ്റി പല സ്ഥലങ്ങളില്‍ എത്തിച്ചും മര്‍ദ്ദിച്ചു.
തന്റെ നേതൃത്വത്തിലുള്ള ലോകസംഘര്‍ഷ സമിതിയുടെ തീരുമാന പ്രകാരം 1975 ആഗസ്റ്റ് 15ന് മങ്കൊമ്പ് സദാശിവന്‍പിള്ളയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് സമരം തീരുമാനിച്ചു. അന്ന് സമരത്തിന് എത്തിയവര്‍ ആശുപത്രി കിടക്കയില്‍ കിടക്കുന്ന കമ്മ്യൂണിസ്റ്റ് നേതാവ് എ.കെ. ഗോപാലനെയും സന്ദര്‍ശിച്ചു. അടിയന്തരാവസ്ഥ ഭയന്ന് സമരത്തില്‍ നിന്നും കമ്മ്യൂണിസ്റ്റുകാര്‍ മുങ്ങി നടന്ന കാലമായിരുന്നു അത്. തന്നെ വന്നു കണ്ട സംഘ പ്രവര്‍ത്തകരോട് എ.കെ. ഗോപാലന് പറഞ്ഞത് കിടക്കയില്‍ നിന്നും എഴുന്നേല്ക്കാന് സാധിക്കുമായിരുന്നെങ്കില്‍ ഞാന്‍ നിങ്ങളോടൊപ്പം വരുമായിരുന്നുവെന്നാണ്.
പിന്നീടുള്ള സമരങ്ങള്‍ അന്നത്തെ ആര്‍എസ്എസ് ജില്ലാ പ്രചാരകായിരുന്ന വൈക്കം ഗോപകുമാറിന്റെ നേതൃത്വത്തിലായിരുന്നു. ഇതനുസരിച്ച് ആലപ്പുഴ ബീച്ച്, മുനിസിപ്പല്‍ മൈതാനം, ക്ഷേത്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചുള്ള ഒത്തുകൂടല്‍. ഇതനുസരിച്ച് പുന്നപ്രയില്‍ നടന്ന പരിപാടിയില്‍ ഗോപകുമാറിനെ ഡിവൈഎസ്പി അറസ്റ്റ് ചെയ്തു. അതിക്രൂരമായി മര്‍ദ്ദിച്ചു.
ഇതേസമയം അമ്പലപ്പുഴയില്‍ ടി.ജി. വേലായുധന്, രാമന് നമ്പൂതിരി, ആലപ്പുഴയില്‍ സുകുമാര്പിള്ള സാര്‍ എന്നിവരെയും പോലീസ് പിടികൂടി മര്‍ദ്ദിച്ചു. ഇതോടെ പ്രവര്‍ത്തകര്‍ രോഷാകുലരാകുകയും തന്റെ നേതൃത്വത്തില്‍ അമ്പലപ്പുഴ ക്ഷേത്രത്തില്‍ ഗണപതിക്ക് നാളികേരം ഉടച്ച ശേഷം പ്രകടനമായി കച്ചേരിമുക്കില്‍ എത്തി. ഇവിടെ താന്‍ പ്രസംഗം തുടരവെ പോലീസ് വളഞ്ഞ് ഡി. ഭുവനേശ്വരന്‍, കുറവന്തോട് ശശി, വിശ്വംഭരന്, മങ്കൊമ്പ് കുട്ടപ്പന്, നെടുമുടി പൊന്നപ്പന്, മങ്കൊമ്പ് ശശി എന്നിവരെ പിടികൂടുകയും ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു.
ഗാന്ധിജിയുടെ ബാഡ്ജ് ധരിച്ചായിരുന്നു സമരം. ചത്ത ഗാന്ധിക്കാണോടാ ജയ് വിളിക്കുന്നത് എന്നതായിരുന്നു പോലീസിന്റെ ചോദ്യം. അന്നത്തെ പുതുവര്‍ഷ പുലരി ജയിലറയ്ക്കുള്ളിലായിരുന്നു. ജയില്‍ മോചിതരായി പുറത്തുവന്നപ്പോഴും വീട്ടില്‍ പോകുവാന്‍ കഴിയാത്ത സാഹചര്യം. രാത്രിയില്‍ ഉറങ്ങുവാന്‍ ആലപ്പുഴ ബോട്ട് ജെട്ടിയില്‍ വന്ന് കോട്ടയത്തേക്ക് പോകുന്ന ബോട്ടിന് ടിക്കറ്റ് എടുക്കും. പുലര്‍ച്ചെയാകുമ്പോള്‍ ബോട്ട് കോട്ടയത്ത് എത്തും. ഇതുവരെ ബോട്ടില്‍ ഉറക്കം. ഇതായിരുന്നു അന്നത്തെ ജീവിതം.
സമര രംഗത്തുണ്ടായിരുന്ന സുകുമാരപിള്ള സാര്‍, നടരാജന് വൈദ്യര് എന്നിവര്‍ ഇന്ന് ജീവിച്ചിരിപ്പില്ല. കെ.ഡി. രാമകൃഷ്ണന് അടിയന്തരാവസ്ഥയ്ക്ക് ശേഷം മലബാറില്‍ സംഘപ്രചാരകനായി പ്രവര്‍ത്തിച്ചു. ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘത്തിന്റെ സംസ്ഥാന പ്രചാരകനായി പ്രവര്‍ത്തിച്ച ശേഷം നാട്ടിലെത്തി ആര്‍എസ്എസ് ആലപ്പുഴ ജില്ലാ കാര്യവാഹ്, ബിജെപി ജില്ലാ പ്രസിഡന്റ്, വിഎച്ച്പി ജില്ലാ സെക്രട്ടറി, ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ ജനറല്‍ കണ്‍വീനര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലും അമ്പലപ്പുഴ നിയോജക മണ്ഡലത്തിലും ബിജെപിക്കായി മത്സരിച്ചിട്ടുണ്ട്. 16 വര്‍ഷമായി സപ്താഹ ആചാര്യനെന്ന നിലയില്‍ യജ്ഞങ്ങള്‍ക്ക് ജനകീയ ആവിഷ്ക്കാരം നല്കി പ്രവര്‍ത്തിക്കുന്നു. 18 പുരാണങ്ങള്‍, ഭഗവത്ഗീത, നാരായണീയം തുടങ്ങിയവ മലയാളത്തില്‍ യജ്ഞരൂപത്തില്‍ നടത്തുന്നതിന്റെ പണിപ്പുരയിലാണ് രാമകൃഷ്ണന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: