കോട്ടയം: വാര്‍ദ്ധക്യത്തിന്റെ അവശതകള്‍ മൂലം ആനികാട്ട് ദ്വാരകയില്‍ വിശ്രമത്തിലാണ് മുരളിസാര്‍. അടിയന്തിരാവസ്ഥ വിരുദ്ധപോരാട്ടത്തിന്റെ കാര്യങ്ങള്‍ വിശദീകരിക്കുമ്പോള്‍ ഇപ്പോഴും ആവേശം. ആര്‍എസ്എസ് ജില്ലാകാര്യവാഹ് ആയിരുന്നു കെ.എന്‍. മുരളീധരന് അന്ന്. ജില്ലയുടെ പ്രധാനകേന്ദ്രങ്ങളില്‍ സത്യാഗ്രഹം സംഘടിപ്പിക്കല്‍ ആയിരുന്നു പ്രധാന ചുമതല. ഗാന്ധിജിയുടെ ചിത്രം ആലേഖനം ചെയ്ത ലഘുലേഖ പോലീസിന്റെ ശ്രദ്ധയില്‍പ്പെടാതെ സത്യാഗ്രഹികള്‍ക്ക് എത്തിച്ചുകൊടുക്കണം.
സത്യാഗ്രഹം ആരംഭിക്കുന്നതിന് മുമ്പ് നോട്ടീസ് വിതരണം ചെയ്യും. ഏറ്റുമാനൂരില്‍ സത്യാഗ്രഹം നിശ്ചയിച്ചദിവസം രാവിലെ കിടങ്ങൂര്‍ എന്‍എസ്എസ് സ്കൂളില്‍ അദ്ധ്യാപകനായിരുന്ന മുരളിസാര്‍ നോട്ടീസുമായി എത്തി. മുരളിസാര്‍ ആര്‍എസ്എസ് പ്രവര്ത്തകനാണെന്നറിയാമായിരുന്ന കോണ്‍ഗ്രസ്സുകള്‍ ഒറ്റുകൊടുത്തു. അതിനെതുടര്‍ന്ന് പോലീസെത്തി അറസ്റ്റ് ചെയ്തു. എന്നാല്‍ തന്റെ കൈയ്യിലുണ്ടായിരുന്ന നോട്ടീസ് അടങ്ങിയ ബാഗ് തന്ത്രപൂര്‍വ്വം അവിടെയുണ്ടായിരുന്ന സത്യാഗ്രഹികളിലൊരാള്ക്ക് കൈമാറി., പോലീസ് മുരളിധരനെ കോട്ടയത്തെത്തിച്ചു.
കോട്ടയത്തുണ്ടായത് ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ രസംതോന്നുന്നുവെന്ന് മുരളിസാര്‍ ജന്മഭൂമിയോട് പറഞ്ഞു. തലേദിവസം താന്‍ പൊന്‍കുന്നത്തിന് പോകുമ്പോള്‍ തന്റെ സീറ്റിലിരുന്നു യാത്രചെയ്യുമ്പോള്‍ സിഐഡി ഉദ്യോഗസ്ഥന് കോട്ടയത്തുണ്ടായിരുന്നു. തന്നെകണ്ട അയാള്‍ അത്ഭുതപ്പെട്ടു. ”നീ ഇന്നലെ തന്റെ കൂടെയാത്രചെയ്തിട്ടും തിരിച്ചറിഞ്ഞില്ലല്ലോടാ” എന്ന് അയാള്‍ ഗര്‍ജ്ജിച്ചു. അവിവാഹിതനായ മുരളിസാര്‍ തന്റെ സ്വത്തിന്റെ വലിയൊരുഭാഗം അരവിന്ദവിദ്യമന്ദിരത്തിന് വിട്ടുകൊടുത്തു. തന്റെ കണ്മുമ്പില് സ്കൂളിന്റെ വളര്‍ച്ച കണ്ട് അതിന്റെ സന്തോഷത്തിലാണ് മുരളിസാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന്റെ നല്പതാം വാര്‍ഷികത്തെ വരവേല്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: