കൊല്ലം :കറുത്തദിനത്തെ പറ്റി ഓര്‍മ്മപെടുത്തുമ്പോള്‍ ഓര്മ്മശക്തികുറഞ്ഞ അശോകന്റ സിരകളിലൂടെ ഇന്നും ഒരു കൊള്ളിമീന്‍ പായുന്ന അനുഭവമാണ്.കറുത്ത ദിവസത്തിന്റെ നാല്പതാം വാര്‍ഷികത്തിലും ഓര്‍മ്മകളില്‍ നിന്നും ഒരിക്കലും മറയാതെ സൂക്ഷിക്കുകയാണ് ജയിലറയിലെ മര്‍ദ്ദനവും ലോക്കപ്പ് വാസവും.കൊല്ലം രണ്ടാംകുറ്റി കന്നിമേല്‍ രമണി മന്ദിരത്തില്‍ ബി. അശോകന് ജീവിതത്തിന്റെ യുവത്വം അടിയന്തിരാവസ്ഥയക്കെതിരെ ഉപയോഗിച്ചതിന്റെ അഭിമാനം കൈവിടാതെ ആ കറുത്ത രാത്രികളിലൂടെ ഒരു തിരിഞ്ഞ് നോട്ടം നടത്തുകയാണ്.
അതേ ജൂണ്‍ 25 ന് രാവിലെ 7 മണിക്കാണ് രാജ്യത്ത് അടിയന്തിരവസ്ഥ പ്രഖ്യാപിച്ചത്.ഏകാധിപതിയായ ഇന്ദിരാ ഗാന്ധിയുടെ നിര്‍ദ്ദേശാനുസരണം രാഷ്ട്രപതി ഫക്രൂദീന് അലി അഹമ്മദ് അടിയന്തിരവസ്ഥ രേഖയില്‍ ഒപ്പു വച്ചു. രാജ്യത്ത് ഇത് മുതലാക്കി ഇന്ദിര അടിച്ചമര്‍ത്തല്‍‘ഭരണത്തിന് നേതൃത്വം നല്കി. അത് കേരളത്തിലും നടമാടി. അടിയന്തിരവസ്ഥയ്ക്കെതിരെ ശക്തമായി പോരാടണം എന്ന സംഘ നിര്‍ദ്ദേശം ഈ സ്വയം സേവകന് അക്ഷരം പ്രതി അനുസരിച്ചു. അന്ന് കൊല്ലം താലൂക്ക് ശാരീരിക് ശിക്ഷണ്‍ പ്രമുഖായിരുന്നു അശോകന്.
സംഘത്തിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിരോധിച്ചിരുന്ന കാലഘട്ടം കൊല്ലത്ത് ആര്‍എസ്എസിന്റെ ശാഖകള്‍ തേടി പോലീസ് പരക്കം പാഞ്ഞ നിമിഷങ്ങള്‍.സമരത്തിന്റെ നീക്കങ്ങള്‍ എങ്ങനെയൊക്കെ വേണം, എന്തൊക്കെ മുന്‍കരുതലുകള്‍ വേണം എന്നി രഹസ്യ നിര്‍ദ്ദേശങ്ങള്‍ സംഘ പ്രചാരകന്മാരില് നിന്ന് ഞങ്ങളിലേക്ക് എത്തുമായിരുന്നു. ശാഖയ്ക്ക് നിരോധനമുണ്ടെങ്കിലും അടുത്തുള്ള ക്ഷേത്രമൈതാനങ്ങളില്‍ ‘ഭജന പാടിയും മൈതാനങ്ങളില്‍ കളികളില്‍ ഏര്‍പ്പെട്ടും ഞങ്ങള്‍ ഒത്തുചേര്‍ന്ന് പ്രാര്‍ത്ഥന പാടി പിരിയുമായിരുന്നു. അടിയന്തിരവാസ്ഥയ്ക്ക് എതിരായുള്ള ചുവരെഴുത്ത് ജില്ലയില്‍ ആദ്യം പ്രത്യക്ഷപ്പെട്ടത് ഇന്നത്തെ ചിന്നക്കട റൗണ്ടിന് മുന്നിലായിരുന്നു.
ചുവരെഴുത്ത് ശ്രദ്ധയില്‍പ്പെട്ട പോലീസ് അത് ഉടന്‍ മായിക്കുക തന്നെ ചെയ്തു പിന്നെ എഴുത്തുകാരെ അന്വഷിച്ച് നഗരത്തില്‍ പരക്കം പാഞ്ഞു. പക്ഷേ രഹസ്യമായിരുന്നു നീക്കങ്ങള്‍ എല്ലാം. എതിരിടുന്നത് ഒരു വന്‍ ശക്തിയെ തന്നെയാണെന്നുള്ള ഉത്തമ ബോധം സ്വയംസേവകര്‍ക്ക് ഉണ്ടായിരുന്നുവെന്ന് ഈ അറുപത്തി മൂന്ന്കാരന് പറയുന്നു. രഹസ്യമായി ലഘുലേഘകള്‍ സംഘത്തിന്റെ നിര്‍ദ്ദേശാനുസരണം എത്തുമായിരുന്നു കൊണ്ടു വരുന്ന ആളിന്റെ വസ്ത്രത്തിന്റെ നിറം മുന്‍കൂട്ടി പറയും അതാണ് അടയാളം. രാജ്യത്ത് ആകമാനം അടിയന്തരവസ്ഥ മൂലമുണ്ടായ അക്രമം ജനം അതിലൂടെ അറിഞ്ഞു.
കൈ എഴുത്ത് പോസ്റ്ററുകള്‍ നഗരത്തിന്റെ മുഴുവന്‍ കോണുകളിലും പതിച്ചു. അടിയന്തിരവസ്ഥ പിന് വലിക്കുക, ഇന്ദിര ഗാന്ധി രാജി വയ്ക്കുക എന്നതായിരുന്നു പോസ്റ്ററിലെ ഉള്ളടക്കം മെന്നും അശോകന് ഓര്‍ക്കുന്നു.സമരത്തിന്റെ ശക്തി വര്‍ദ്ധിച്ചതോടെ പരസ്യമായി ചിന്നക്കടയില്‍ പ്രകടനം നടത്തിയതാണ് മറക്കാത്ത ഓര്‍മ്മകളായി ഇന്നും മനസ്സില്‍ നില്‍ക്കുന്നത് . അന്നു തങ്ങള്‍ 10 പേര് ഉണ്ടായിരുന്നു അവര്‍. എല്ലാം തന്നെ ജില്ലയിലെ പല പ്രദേശങ്ങളില്‍ നിന്നും എത്തിയവര്‍.ചിന്നക്കടയില്‍ നിന്നും പ്രകടനം ആരംഭിച്ചപ്പോള്‍ തന്നെ പോലീസ് എത്തി ഞങ്ങളെ അറസ്റ്റ് ചെയ്തു വാനില്‍ കയറ്റി .
ഞങ്ങള്‍ ഉച്ചത്തില്‍ ഭാരത് മാതാകി ജയ് വിളിച്ചു. അപ്പൊഴെക്കും പോലീസുകാരുടെ ബൂട്ടിന്റെ ചവിട്ട് ഞങ്ങളുടെ ശരീരമാസകലം വീണു. വണ്ടിയില്‍ കയറ്റി ഞങ്ങളെ ഇസ്റ്റ് പോലീസ സ്റ്റേഷനില്‍ എത്തിച്ചു. പിന്നിട് പോലീസിന്റെ മൂന്നാംമുറ പ്രയോഗം ഞങ്ങള്‍ കേട്ടുകേള്‍വിയുള്ള മൂന്നാം മുറ എന്ത് എന്ന് ഞങ്ങള്‍ അന്ന് അനുഭവിച്ചു. പിറ്റേ ദിവസം ഡിഐആര്‍ മുഖേനെ ഞങ്ങളെ കുറ്റം ചുമത്തി ജയിലിലടച്ചു. ജയിലില്‍ ഞങ്ങളൊടൊപ്പം മറ്റ് സ്ഥലങ്ങളില്‍ സമരം ചെയ്തസ്വയം സേവകരുമുണ്ടായിരുന്നു.
ജയിലില്‍ എടുത്ത് പറയേണ്ടത് അന്നത്തെ സംഘ പ്രചാരകനായ കൃഷ്ണേട്ടന്റെ സാനിദ്ധ്യമായിരുന്നു.സമരം ചെയ്തതിന് അദ്ദേഹത്തെയും ഞങ്ങളൊടൊപ്പം കൊല്ലം ജയിലില്‍ എത്തിച്ചു.അവിടെയിരുന്നും ഞങ്ങള്‍ ഏകാധി പതിയായ ഇന്ദിരയുടെ അടിച്ചമര്‍ത്തല്‍ ഭരണത്തിനെതിരെ പോരാടി.ഇന്നും കിരാതമായ നിയമത്തിനെതിരെ പോരാടാന്‍ ദേശീയ ശക്തിയുടെ ഭാഗമാകാന്‍ കഴിഞ്ഞതിന്റ അഭിമാനത്തിലാണ് അശോകന്.ജയിലിലെ സഹതടവുകാരെ കാണാന്‍ കഴിഞ്ഞെങ്കില്‍ എന്ന് അശോകന് ആഗ്രഹമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: