കൊച്ചി: അടിയന്തരാവസ്ഥക്കാലത്തും സിപിഎം ഒത്തു തീര്‍പ്പു സമരങ്ങളിലായിരുന്നുവെന്ന് ജനസംഘപ്രവര് ത്തകനായി അടിയന്തരാവസ്ഥക്കെതിരേ പോരാടിയ കെ. രാമന്‍പിള്ള പറഞ്ഞു. കൊച്ചിയില്‍ ജനാധിപത്യ സംരക്ഷണ സമിതി സംഘടിപ്പിച്ച കേരളവും അടിയന്തരാവസ്ഥയും എന്ന വിഷയത്തിലുള്ള സെമിനാറില്‍ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം.
അടിയന്തരാവസ്ഥക്കാലത്തെക്കുറിച്ച് ഇന്നത്തെ തലമുറയ്ക്കത് അറിയില്ല. അവരെ പക്ഷേ, ചിലര്‍ ഇന്ന് ബോധപൂര്‍വം തെറ്റായ ചരിത്രം പഠിപ്പിക്കുകയാണ്. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മാത്രമാണ് അടിയന്തരാവസ്ഥയ്ക്കെതിരെ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചത്. സിപിഎം നേതാക്കള്‍ ആദ്യത്തെ ആഴ്ചയില്‍ സമരത്തിലു ണ്ടായിരുന്നു. അവര്‍ പിന്നീട് പിന്മാറി. അക്കാലത്ത് ഇഎംഎസിനെ കണ്ട് സമരപരിപാടികള്‍ ചര്‍ച്ചചെയ്യാന്‍ പരിശ്രമിച്ചു. എന്നാല്‍ രാമന്‍പിള്ളയ്ക്ക് എതിരേ അറസ്റ്റു വാറണ്ടുള്ളതിനാല്‍ കാണാനാവില്ലെന്ന് വി. എസ്. അച്യുതാനന്ദന് വഴി എംഎല്‍എ ഹോസ്റ്റലില്‍ വിവരമെത്തിക്കുകയാണ് ഇഎംഎസ് ചെയ്തത്. അടിയന്തരാവസ്ഥയ്ക്കെതിരെ സമരം നടത്താതിരിക്കുകയും ബോണസ് തടഞ്ഞ സര്‍ക്കാര്‍ നടപടിക്കെതിരേ പ്രതിഷേധിക്കുകയും ചെയ്യുന്ന ഒത്തുതീര്‍പ്പു സമരങ്ങളായിരുന്നു സിപിഎം അന്നും നടത്തിയത്, രാമന് പിള്ള പറഞ്ഞു.
കേരളത്തില്‍ അടിയന്തരവസ്ഥക്കെതിരെ അണിയറയില്‍ നിന്ന് സംഘടനാ പ്രവര്‍ത്തനം നടത്തിയ ആര്‍എസ്എസ് പ്രചാരക് ഭാസ്ക്കര്‍ റാവുവിന്റെ പ്രവര്‍ത്തനങ്ങള്‍ ഏതൊരു സഘം പ്രവര്‍ത്തകനും മാര്ഗ്ഗദര്ശകമാണെന്ന് അദ്ദേഹം പറഞ്ഞു. കമ്മ്യുണിസ്റ്റുകളും, നക്സലൈറ്റുകളും അടിയന്തരാവസ്ഥയെ ഭയന്ന് സര്‍ക്കാരുമായി രഹസ്യ കരാറുണ്ടാക്കിയപ്പോള്‍ അഹിംസയിലൂന്നി നിന്നുകൊണ്ട് അടിയന്തരാവസ്ഥക്കെതിരെ പൊരുതാന്‍ ജനങ്ങളെ സമ്പര്‍ക്കം ചെയ്ത് രംഗത്തിറക്കിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഇദ്ദേഹമാണ്.
പുതിയ തലമുറയെ അടിയന്തരാവസ്ഥക്കാര്യത്തേക്കുറിച്ച് മനസ്സിലാക്കിക്കുന്നതിനും ഇത്തരം ഒരവസ്ഥ ഇനി നാട്ടിലുണ്ടാകരുതെന്ന് പറയാന്‍ പഠിപ്പിക്കാനും വേണ്ടിയാണ് രണ്ടാം സ്വാതന്ത്രൃ സമരമായ അടിയന്തരാവസ്ഥയുടെ 40-ാം വര്‍ഷം ആചരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പത്രങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പു വന്നു. കരുതല്‍ തടങ്കലും, മിസ തുടങ്ങിയ കടുത്ത നിയമങ്ങളും ജനങ്ങളുടെ മൗലിക സ്വാതന്ത്രത്തെ ഇല്ലായ്മ ചെയ്തു. സംഘത്തിന്റെ നേതൃത്വത്തില്‍ അന്ന് നടത്തിയ സമ്പര്‍ക്ക പ്രവര്‍ത്തനമാണ് നാട്ടില്‍ എന്ത് നടക്കുന്നു എന്ന് ജനത്തെ അറിയിച്ചത്. എട്ട് കേന്ദ്രങ്ങളില്‍ നിന്ന് അച്ചടിച്ച് വന്നിരുന്ന കുരുക്ഷേത്രം എന്ന പ്രസിദ്ധീകരണം മാത്രമാണ് അടിയന്തരാവസ്ഥയില്‍ എന്തു നടന്നു എന്ന് ജനങ്ങളെ അറിയിച്ചത്. ഈ പ്രവര്‍ത്തനത്തിന് കേരളത്തില്‍ സംഘകുടുംബങ്ങളുടെ സഹനം വളരെ വലുതായിരുന്നു, അദ്ദേഹം ഓര്‍മ്മിച്ചു.
ഏ. കെ. ജി അടിയന്തരാവസ്ഥക്കെതിരെ സമരം ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും നിയമവിധേയമായി പ്രവര്‍ത്തിച്ചാല്‍ മതിയെന്നായിരുന്നു ഇഎംഎസ് തീരുമാനിച്ചതെന്നും രാമന്‍പിള്ള പറഞ്ഞു. മുന്‍ തീരുമാനപ്രകാരം കായണ്ണ പോലീസ് സ്റ്റേഷന് ആക്രമിച്ചത് മാത്രമാണ് നക്സലൈറ്റുകള്‍ ചെയ്ത പ്രവൃത്തി. ഇവയൊന്നും അടിയന്തരാവസ്ഥക്ക് എതിരേയുള്ള പ്രവര്‍ത്തനമല്ലായിരുന്നു. ഒരു വിഭാഗം കമ്മ്യുണിസ്റ്റുകള്‍ അടിയന്തരാവസ്ഥയുടെ സഹായികളായി ദല്‍ഹിയില്‍ ഇന്ദിരയുടെ അടുത്തും, സോവ്യറ്റ് യൂണിയനിലും സന്ദര്‍ശനം നടത്തിയതാണ് ചരിത്രം. അടിയന്തരാവസ്ഥയെന്ന ജനവിരുദ്ധ പ്രവര്‍ത്തനത്തെ സഹനശക്തികൊണ്ട് നേരിട്ട ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊടിയ മര്‍ദ്ദനത്തിനും, ജയില്‍വാസത്തിനും വിധേയരായതിന്റെ ഫലമാണ് ഇപ്പോള്‍ കിട്ടിയ സ്വാതന്ത്രൃമെന്ന് രാമന് പിള്ള പറഞ്ഞു. ബിജെപി നേതാവ് അഡ്വ. പി. എസ്. ശ്രീധരന് പിള്ള, പ്രൊഫ. വിനയാ രാമമൂര്‍ത്തി എന്നിവര്‍ സംസാരിച്ചു.
ചടങ്ങില്‍ പി.കെ. വിജയരാഘവന് സ്വാഗതം പറഞ്ഞു. എം. മോഹന്‍ അദ്ധ്യക്ഷനായിരുന്നു. കെ.കെ. വിജയകുമാര്‍ മരണത്തെ വെല്ലുവിളിച്ചവര്‍ എന്ന പുസ്തകം പ്രകാശനം ചെയ്തു. എം. എ. വിജയന് സ്വീകരിച്ചു. ടി. സതീശന് നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: