കൊച്ചി: അന്ന് ഇന്ദിരാവധം നടന്നിരുന്നെങ്കില്‍! ഒരു പക്ഷെ ഭാരത ചരിത്രം മറ്റൊന്നായി മാറിയേനെ. കാരണം, അടിയന്തരാവസ്ഥ അത്രമേല്‍ ജനകീയ പ്രതിഷേധമാണ് വളര്‍ത്തിയിരുന്നത്. ആര്‍ക്കും ഭരണപക്ഷത്തോട്, ഇന്ദിരാഗാന്ധിയോട്, കോണ്‍ഗ്രസ് പാര്‍ട്ടിയോട് കടുത്ത വിയോജിപ്പുണ്ടായിരുന്ന കാലം.
ആ പ്രക്ഷോഭകര്‍ക്ക് ഓരോരുത്തര്‍ക്കും കൃത്യമായ ഉപദേശമോ നേരായ മാര്‍ഗദര്‍ശനമോ തക്കസമയത്ത് നല്കാന് ആര്‍ക്കും കഴിയാഞ്ഞ കാലം. സംഘടനയുടെ ചട്ടക്കൂടില്‍നിന്നു പ്രവര്ത്തിച്ചവര്ക്കല്ലാതെ ആര്‍ക്കും എന്താണ് ചെയ്യേണ്ടതെന്നോ ചെയ്യരുതാത്തതെന്നോ അറിയാഞ്ഞ കാലം. അത്തരം സന്ദര്‍ഭത്തില്‍ ഒരുപക്ഷേ സംഭവിക്കാമായിരുന്നതാണ് ഇന്ദിരാവധം. ഒരുപക്ഷേ പ്രക്ഷോഭകാരികളില്‍ മുതിര്‍ന്നവരും ചിന്താശേഷിയുള്ളവരും അതെക്കുറിച്ച് ഭയന്നിട്ടുമുണ്ടാവണം.
പില്ക്കാലത്ത് പ്രധാനമന്ത്രിയായിരിക്കെത്തന്നെ ഇന്ദിരാഗാന്ധി സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റു കൊല്ലപ്പെട്ടത് ചരിത്രം. അടിയന്തരാവസ്ഥ കഴിഞ്ഞ് ദാശബ്ദം പിന്നിട്ട 1984-ലെ ബ്ലൂസ്റ്റാര്‍ ഓപ്പറേഷനില്‍ സുവര്‍ണ്ണക്ഷേത്രത്തില്‍ സൈന്യത്തെ കയറ്റി യതിനും ചോര വീഴിച്ചതിനുമുള്ള പ്രതികാര നടപടിയായിരുന്നുവല്ലോ അത്.
ഭാരതീയ ജനസംഘ (അന്ന്, പിന്നീട് ബിജെപി)ത്തിന്റെ മുതി ര്‍ന്ന നേതാവ് ലാല്‍കൃഷ്ണ അദ്വാനിയുടെ അടിയന്തരാവസ്ഥാനുഭവത്തില് ഇന്ദിരയെ വധിക്കാന്‍ ഒരുങ്ങിത്തിരിച്ച ‘കൊലയാളി’ മനസ്സിനെ അദ്ദേഹം പിന്തിരിപ്പിച്ച സംഭവം വിവരിക്കുന്നുണ്ട്. മൈ കണ്ട്രി, മൈ ലൈഫ് എന്ന ആത്മകഥയിലാണ് വിവരണം. അടിയന്തരാവസ്ഥ ഒരു വര്‍ഷം പിന്നിട്ടു. അദ്വാനിജി ബംഗളൂരു ജയിലില്‍ കഴിയുന്നു. കൃത്യമായ വാര്‍ത്തകള്‍ അറിയുന്നില്ല. കനത്ത സെന്‍സര്‍ഷിപ്പ്.
ഒരിക്കല്‍ ഭാരതീയ ജനസംഘം പ്രസിഡന്റിനെ കാണണമെന്ന് ആവശ്യപ്പെട്ട് ഒരതിഥിയുണ്ടെന്ന് ജയിലധികൃതര്‍ അറിയിച്ചു.
അദ്വാനിജിയെ കാണാനെത്തിയത് മെലിഞ്ഞ്, നീണ്ട, താടി വളര്‍ത്തിയ ഒരാളായിരുന്നു. വര്‍ത്തമാനത്തിനിടെ പെട്ടെന്ന് അയാള്‍ കാര്യത്തിലേക്ക് കടന്ന് പറഞ്ഞു-‘എനിക്ക് 65 വയസ്സായി. അവര്‍ ചെയ്യുന്നത് എനിക്ക് സഹിക്കാവുന്നതിനുമപ്പുറമായിരിക്കുന്നു. ജീവിതത്തില്‍ ചെയ്യേണ്ടതെല്ലാം ഞാന്‍ ചെയ്തുകഴിഞ്ഞു. പ്രത്യേകിച്ച് ഒന്നും ചെയ്തുതീര്ക്കാനില്ല. ഞാനെന്തു ചെയ്യണമെന്ന് താങ്കള്‍ പറയൂ. സമാധാനമാര്‍ഗം നടക്കില്ല. ഞാന്‍ മരിക്കാനും തയ്യാര്‍. അടുത്ത പാര്‍ലമെന്റ് സമ്മേളനത്തിന് മുമ്പ് എനിക്കവിടെപോയി… എനിക്ക് ലൈസന്‍സുള്ള തോക്കുണ്ട്, പക്ഷേ ന്യൂദല്‍ഹി എനിക്കത്ര പരിചയമല്ല, അവരെ എവിടെ
കണ്ടെത്താനാവുമെന്നുമെനിക്കറിയില്ല.” അദ്വാനിജി തുടരുന്നു. അയാള്‍ വിദ്യാസമ്പന്നനും പക്വമതിയുമായിരുന്നു. അയാള്‍ ഭ്രാന്തചിത്തനല്ലായിരുന്നു. ഭാരത ജനാധിപത്യത്തെ രക്ഷിക്കാന്‍ ആ ഒരൊറ്റവഴിയെ ഉള്ളൂവെന്ന് അയാള്‍ ആത്മാര്‍ത്ഥമായി വിശ്വസിച്ചു. അയാളുടെ ഭാര്യ തെല്ലകലത്ത് ഉത്കണ്ഠയോടെ നോക്കിനില്ക്കുന്നത് ഞാന്‍ കണ്ടു.
ഞാന്‍ പെട്ടെന്നു തന്നെ ‘നോ’ പറഞ്ഞു. താങ്കളത് ചെയ്യരുത്. ഈ ചിന്താഗതിതന്നെ വളഞ്ഞതാണ്. താങ്കളുടെ മനസ്സിലെ ഈ ചിന്ത താങ്കള്‍ എന്തിനേയാണോ സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്, അതിനെ അതികഠിനമായി തകര്‍ത്തു കളയുന്നതാണ്. ഈ പദ്ധതിയില്‍ നിന്നെന്തുഫലമുണ്ടായാലും അത് ജനാധിപത്യപരമായിരിക്കില്ല,’ എന്നു ഞാന്‍ പറഞ്ഞു,” അദ്വാനി എഴുതുന്നു.
സന്ദര്ശകന് അദ്വാനിജിയെ പുറത്തുനടക്കുന്ന കാര്യങ്ങളുടെ രൂക്ഷത വിരിച്ച്, തന്റെ നിലപാട് ന്യായീകരിക്കാന്‍ ശ്രമിച്ചു. പക്ഷേ ഒരു വ്യക്തി നടത്തുന്ന അക്രമപ്രവര്‍ത്തനം ഒരു ഭരണകൂടം നടത്തുന്നതിനേക്കാള്‍ ഗുരുതരമാണെന്നും ജനാധിപത്യം പുനഃസ്ഥാപിക്കാന്‍ ജനാധിപത്യ മാര്‍ഗ്ഗത്തില്‍ സാധാരണക്കാര്‍ ഉണര്‍ന്നുവരികയാണ് വേണ്ടതെന്നും അതിനു കാത്തിരിക്കണമെന്നും അദ്വാനി ഉപദേശിച്ചുവിട്ടു. അല്‍പ്പസമയത്തിനുശേഷം അയാളുടെ ഭാര്യ വന്ന്, തന്റെ ഉപദേശത്തെ തുടര്‍ന്ന് ഭര്‍ത്താവ് സമാധാന മനസ്കനായെന്നറിയിച്ചതായും അദ്ദേഹം എഴുതുന്നു.
അടിയന്തരാവസ്ഥക്കാലത്ത് ഒരുപക്ഷേ രാജ്യമെമ്പാടും ഈ ഉന്മൂലന മനസ്സുള്ളവര്‍ ഏറെയുണ്ടായിരുന്നു; എതിര്‍ത്തതിന് പീഡനം സഹിച്ചവരും അവരുടെ ബന്ധുക്കളും രാജ്യസ്നേഹികളും മറ്റും മറ്റും. എങ്കിലും അത്, ഇന്ദിരാവധം, സംഭവിച്ചില്ലെന്നത് ചരിത്രത്തിന്റെ ഭാഗ്യം കൂടിയാണ്. മറിച്ചായിരുന്നെങ്കില്‍! ഒരു വലിയ മഹത്തായ ജനകീയ പ്രസ്ഥാനത്തിന്റെ ഉദ്ദേശ്യംതന്നെ അടിപതറിപ്പോയേനെ. അതിനുപരി, അടിയന്തരാവസ്ഥക്കെതിരെ പോരാട്ടം നടത്തിയതിന് ഇന്ന് അവകാശം പറയുന്നവരെല്ലാം ആരോപണവും ആക്ഷേപവും ഉന്നയിക്കുമായിരുന്നത് ആര്ക്കുനേരെയായിരുന്നേനെ എന്ന് ഊഹിക്കാവുന്നതേയുള്ളൂ, ഗാന്ധിജി വധത്തിലെപ്പോലെ!
പ്രതികരിക്കാൻ ഇവിടെ എഴുതുക: