തൃശൂര്‍: അടിയന്തരാവസ്ഥയുടെ നാല്പതാം വര്‍ഷത്തില്‍ ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പീഡിതരുടെ കുടുംബ സംഗമം വേറിട്ട അനുഭവമായി. അടിയന്തരാവസ്ഥ കാലത്ത് കൊടിയ മര്‍ദ്ദനത്തിന് ഇരയായവര്‍ക്ക് എന്നും താങ്ങും തണലുമായി നിന്നത് അവരുടെ കുടുംബങ്ങളായിരുന്നുവെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത ജന്മഭൂമി മുന്‍ പത്രാധിപര്‍ പി. നാരായണന് പറഞ്ഞു. അക്കാലത്ത് സംഘപരിവാര്‍ പ്രസ്ഥാനങ്ങളിലെ പ്രവര്‍ത്തകര്‍ നടത്തിയ പ്രവര്‍ത്തനം എന്നും സ്മരിക്കപ്പെടും.
കേരള രാഷ്ട്രീയത്തില്‍ അവസരവാദത്തിന്റെ നാറുന്ന മുഖമാണ് ആര്. ബാലകൃഷ്ണപിള്ളയുടേതെന്ന് അദ്ദേഹം പറഞ്ഞു. അടിയന്തരാവസ്ഥക്കാലത്ത് ജയിലിലടക്കപ്പെട്ട ബാലകൃഷ്ണപിള്ള മാപ്പെഴുതിക്കൊടുത്ത് പുറത്തുവന്നതിന് ശേഷം ജയില്‍ മന്ത്രിയായി അവിടെ എത്തിയപ്പോഴാണ് തനിനിറം മനസ്സിലായത്. ജനസംഘം മുന്‍ സംസ്ഥാന അദ്ധ്യക്ഷ പി.ദേവകിയമ്മയും മറ്റും ജയിലില്‍ അനുഭവിച്ച ദുരിതം കണ്ടില്ലെന്ന് നടിക്കുകയാണ് ബാലകൃഷ്ണപിള്ള ചെയ്തത്.
അതിന് ശേഷവും ബാലകൃഷ്ണപിള്ള സ്വീകരിച്ച നിലപാടുകള്‍ കേരള രാഷ്ട്രീയം കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. മതേതരത്വം ഇത്രയേറെ വ്യഭിചരിക്കപ്പെട്ട ഒരു രാഷ്ട്രം ഭാരതമല്ലാതെ മറ്റൊന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ നാരായണനെയും പത്നി രാജേശ്വരിയേയും മഹാനഗര്‍ സംഘചാലക് വി.ശ്രീനിവാസന് ആദരിച്ചു. ബിജെപി ജില്ലാ പ്രസിഡണ്ട് എ.നാഗേഷ് അദ്ധ്യക്ഷത വഹിച്ചു. മുന്‍ സംസ്ഥാന പ്രസിഡണ്ട് കെ. വി.ശ്രീധരന്മാസ്റ്റര്, ആര്‍എസ്എസ് മഹാനഗര്‍ മുന്‍ സംഘചാലക് ജി. മഹാദേവന്, ബിജെപി മധ്യമേഖല അദ്ധ്യക്ഷന്‍ ടി. ചന്ദ്രശേഖരന്, ആര്‍എസ്എസ് മഹാനഗര്‍ സംഘചാലക് വി. ശ്രീനിവാസന്, മുന്‍ ജില്ലാപ്രസിഡണ്ട് പി. എസ്. ശ്രീരാമന് എന്നിവര്‍ സംസാരിച്ചു. ജില്ലാജനറല്‍ സെക്രട്ടറിമാരായ അഡ്വ. രവികുമാര്‍ ഉപ്പത്ത് സ്വാഗതവും എ. ഉണ്ണികൃഷ്ണന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: