കണ്ണൂര്‍: അടിയന്തരാവസ്ഥയുടേയും അതിനെതിരായ പോരാട്ടത്തിന്റെയും ഓര്‍മ്മകള്‍ക്ക് 40 വര്‍ഷം തികയുമ്പോള്‍ ആ ഇന്നലെകളുടെ നടുക്കുന്ന ഓര്‍മ്മകളുമായി തളിപ്പറമ്പുകാരുടേയും കേരളത്തിലെ, പ്രത്യേകിച്ച് മലബാറുകാരുടെ കടച്ചി കണ്ണേട്ടനെന്ന കെ.സി.കണ്ണേട്ടന് 85 ന്റെ നിറവില്‍. തന്റെ അടിയന്തിരാവസ്ഥാ അനുഭവങ്ങള്‍ കഴിഞ്ഞദിവസം ജന്മഭൂമിയുമായി അദ്ദേഹം പങ്കുവെച്ചു.
അന്ന് ജനസംഘത്തിന്റെ കണ്ണൂര്‍ ജില്ലാ സംഘടനാ സെക്രട്ടറിയായിരുന്ന കണ്ണേട്ടന് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച 1975 ജൂണ്‍ 25 ന് സംസ്ഥാന നേതൃത്വത്തിന്റെ അജ്ഞാനുസരണം ജില്ലയുടെ വിവിധഭാഗങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്കി. ജൂലൈ 2ന് കോഴിക്കോട് പാളയം റോഡിലെ ജനസംഘം ഓഫീസില്‍ നടന്ന സംസ്ഥാന സമിതിയോഗത്തില്‍ പങ്കെടുക്കാനായി കോഴിക്കോട്ടെത്തി. രാത്രി കിടന്നുറങ്ങുകയായിരുന്ന കണ്ണേട്ടനുള്പ്പെടെയുളള കണ്ണൂരുകാരെ അന്ന് അര്‍ധരാത്രിക്ക് ശേഷം 2 മണിയോടെ ഓഫീസിലെത്തിയ പോലീസ് സംഘം അറസ്റ്റു ചെയ്ത് കൊണ്ടു പോവുകയായിരുന്നു.
ഭീകരമായ രീതിയിലാണ് താനുള്പ്പെടെയുളളവരെ പോലീസ് അറസ്റ്റുചെയ്തു കൊണ്ടുപോയതെന്ന് കണ്ണേട്ടന് ഓര്‍ക്കുന്നു. അറസ്റ്റു ചെയ്തയുടന്‍ തുണി ഉപയോഗിച്ച് കണ്ണൂകള്‍ മൂടിക്കെട്ടുകയും കൈകള്‍ രണ്ടും പിന്‍ഭാഗത്ത് കെട്ടിയിടുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. ഡിഎസ്പി ലക്ഷ്മണയുടെ നേതൃത്വത്തിലായിരുന്നു പോലീസിന്റെ കിരാതനടപടികള്‍. പ്രാഥമിക ആവശ്യങ്ങള്‍ പോലും നിര്‍വ്വഹിക്കാന്‍ അനുവദിച്ചില്ലെന്നു മാത്രമല്ല കുടിവെള്ളം പോലും അന്ന് പോലീസ് ഇവര്‍ക്ക് നല്‍കിയില്ല. കീറിപ്പറിഞ്ഞ പുല്പ്പായയില് ചപ്പാത്തിയും ചോറും പച്ചവെളളവും മാത്രം കഴിച്ച് ആറുമാസം താനടക്കമുളളവര്‍ അനുഭവിച്ച ദുരിത യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് അദ്ദേഹം വാചാലനായി.
എന്നാല്‍ പുസ്തക വായനയും അക്ഷരശ്ലോക പാരായണവും പുണ്യ-പുരാണ ഗ്രന്ഥങ്ങളെക്കുറിച്ചുളള ചര്‍ച്ചകളും കഥപറച്ചിലുമെല്ലാം ജയില്‍ ജീവിതത്തെ സാമൂഹ്യ ജീവിതത്തെപ്പോലെ ബൗദ്ധികതലത്തില്‍ സജീവമാക്കി നിര്‍ത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു.
അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ശേഷം നടന്ന കേരളത്തിലെ ആദ്യ അറസ്റ്റായിരുന്നു കണ്ണേട്ടനുള്പ്പെടെയുളളവരുടേത്. ബിജെപി മുന്‍ കണ്ണൂര്‍-കാസര്‍ഗോഡ് മേഖലാ പ്രസിഡണ്ട് വി.രവീന്ദ്രന്, ജന്മഭൂമി മുന്‍ റസിഡന്റ് എഡിറ്റര്‍ എ.ദാമോദരന്‍, തലശ്ശേരിയിലെ എം.പി.ലക്ഷ്മണന് തുടങ്ങിയവരായിരുന്നു അന്ന് അദ്ദേഹത്തോടൊപ്പം കോഴിക്കോട്ടെ യോഗത്തില്‍ പങ്കെടുക്കാന്‍ പോയതും പോലീസിന്റെ പിടിയിലായവരുമായ കണ്ണൂര്‍ ജില്ലക്കാരായ ജനസംഘം പ്രവര്‍ത്തകര്‍.
കൂടാതെ വിവിധ സ്ഥലങ്ങളില്‍ നിന്ന് പിടികൂടിയ നാരയണ്‍ജി, യു.ദത്താത്രേയറാവുജി, ഈയിടെ അന്തരിച്ച ആര്‍എസ്എസിന്റെ മുതിര്‍ന്ന പ്രചാരകന്മാരില് ഒരാളായിരുന്ന കെ.പേരച്ചന്‍, പരേതനായ പി.പി.ദാമോദരന്‍, പരേതനായ കടലുണ്ടി സ്വദേശി നളരാജന് തുടങ്ങിയ ആര്‍എസ്എസ് നേതാക്കളുള്പ്പെടെയുളളവരും അദ്ദേഹത്തോടൊപ്പം ജയില്‍വാസം അനുഷ്ഠിച്ചിരുന്നു. ജന്മഭൂമിയിലെ പി.വി.കെ.നെടുങ്ങാടി, കേസരിയിലെ രാജശേഖര്‍ജി എന്നിവരും അന്ന് ഇവര്‍ക്കൊപ്പം അറസ്റ്റിലായിരുന്നു.
അറസ്റ്റിനു ശേഷം രണ്ടു ദിവസം എല്ലാവരേയും സമീപത്തുളള ക്യാമ്പില്‍ പാര്‍പ്പിച്ചു. നെടുങ്ങാടിയെ പിന്നീട് വിട്ടയച്ചു. ആര്‍എസ്എസ് ഉള്‍പ്പെടെയുളള സംഘടനകളെ സര്‍ക്കാര്‍ നിരോധിച്ചു. നിരോധിക്കപ്പെട്ട സംഘടനയുടെ യോഗം നടത്തി, നിയമ വിരുദ്ധമായി പോസ്റ്റര്‍ പതിച്ചു എന്നീ കേസുകള്‍ ചുമത്തി അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കിയവരെയെല്ലാം രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്യുകയായിരുന്നു.
ഇവരെ പിന്നീട് കോഴിക്കോട് ജയിലിലേക്ക് മാറ്റി. ആറുമാസത്തെ ജയില്‍വാസത്തിനുശേഷം കുറ്റക്കാരെല്ലെന്ന് കണ്ടെത്തി നവംബര്‍ മാസം 26 ന് കണ്ണേട്ടന് ഉള്‍പ്പെടെയുളളവരെ കോടതി വെറുതെ വിടുകയായിരുന്നു. അറസ്റ്റു ചെയ്ത് ജയിലിലടച്ചിട്ടും കണ്ണൂരിലെ പോലീസ് ‘മിസ’ (മെയിന്റെനന്‍സ് ഇന്റേണല്‍ സെക്യൂരിറ്റി ആക്ട് പ്രകാരം ) ചുമത്തി പല തവണ കണ്ണേട്ടനെ തേടി വീട്ടിലെത്തുകയും പരിശോധന നടത്തുകയും ഭാര്യയുള്പ്പെടെയുളള കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുകയും ചെയ്യുകയുണ്ടായി. കോടതി വിട്ടയച്ച ശേഷവും മാസങ്ങളോളം പോലീസും സ്പെഷ്യല്‍ ബ്രാഞ്ചും മിസ നിയമത്തിന്റെ പേരില്‍ തന്നെ പിന്തുടര്ന്നതായും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
1952 ല്‍ തന്റെ 21-ാമത്തെ വയസ്സില്‍ ആര്‍എസ്എസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനമാരംഭിച്ച കണ്ണേട്ടന് സംഘപ്രവര്‍ത്തനത്തിനായി തന്റെ നെയ്ത്തുജോലി ഉപേക്ഷിച്ച് മുഴുവന്‍ സമയ പ്രവര്‍ത്തകനായി. ആര്‍എസ്എസിന്റെ വിവിധ ചുമതലകള്‍ വഹിച്ച അദ്ദേഹം 1966 ല്‍ ജനസംഘത്തിന്റെ കണ്ണൂര്‍ ജില്ലാ സംഘടനാ സെക്രട്ടറിയായി. വര്‍ഷങ്ങളോളം തല്‍സ്ഥാനത്ത് തുടര്‍ന്ന് ജനതാപാര്‍ട്ടി രൂപീകൃതമായതോടെ അതിന്റെയും പിന്നീട് ബിജെപിയുടേയും ജില്ലാവൈസ് പ്രസിഡണ്ടായി പ്രവര്‍ത്തിച്ച അദ്ദേഹം തളിപ്പറമ്പ് പൂക്കോത്ത് തെരുവില്‍ മകളോടൊപ്പം ‘നികുഞ്ച്’ എന്ന വീട്ടില്‍ കഴിഞ്ഞുവരികയാണ്. സി.കെ.പത്മനാഭന് ഉള്‍പ്പെടെയുളള ബിജെപിയുടെ പല ഉന്നത നേതാക്കളേയും രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത് കണ്ണേട്ടനായിരുന്നു. ജീവിതത്തില്‍ സ്വന്തമായി ഒന്നുംനേടാതെ സ്വജീവിതം സംഘടനയ്ക്കായി മാറ്റിവെച്ച് പ്രവര്‍ത്തിച്ച,
സംഘ പ്രവര്‍ത്തകരുടേയും നാട്ടുകാരുടേയും സ്വന്തം കടച്ചി കണ്ണേട്ടന് താനടക്കമുളളവര്‍ അനുഭവിച്ച ത്യാഗത്തിന്റെയും പീഡനങ്ങളുടേയും ഫലമാണ് രാജ്യത്ത് ഇന്നുകാണുന്ന മാറ്റങ്ങളെന്നും തങ്ങളുടെ പ്രവര്‍ത്തനം ലക്ഷ്യത്തിലെത്തിയതില്‍ സ്വയംകൃതാര്ത്ഥനാണെന്നും അദ്ദേഹം പറഞ്ഞു. ഇനിയങ്ങോട്ട് ഇതിലും നല്ല നാളുകളാണ് സംഘ പ്രസ്ഥാനങ്ങള്‍ക്ക് വരാനിരിക്കുന്നതെന്ന് പറഞ്ഞു നിര്‍ത്തിയ അദ്ദേഹം മണ്മറഞ്ഞു പോയ കെ.ജി.മാരാര്‍ ഉള്‍പ്പെടെയുളള തന്റെ സഹപ്രവര്‍ത്തകരെക്കുറിച്ചും ഗത്ഗതകണ്ഠത്തോടെ അനുസ്മരിച്ചു. മുഴുവന്‍ സമയവും സംഘടനാ പ്രവര്‍ത്തനങ്ങളില്‍ മുഴുകി താന്‍ ജീവിച്ചപ്പോള്‍ മക്കളെ പരിചരിച്ചും ശുശ്രൂഷിച്ചും തനിക്ക് താങ്ങും തണലുമായിരുന്ന ഭാര്യ വസന്ത 2 വര്‍ഷം മുമ്പ് മരണപ്പെടുകയുണ്ടായി. വിദേശത്ത് ജോലി ചെയ്യുന്ന ജയരാജന്, ജയശ്രീ, വിനത, ദീപ എന്നിവര്‍ കണ്ണേട്ടന്റെ മക്കളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: