യു.ദത്താത്രയറാവു തന്റെ ജീവിതത്തില്‍ ഞെട്ടലോടെ മാത്രം ഓര്‍ക്കുന്ന കരിദിനമാണ് 1975 ജൂലായ് 2.അന്നും പതിവുപോലെ രാത്രി ഭക്ഷണത്തിന് ശേഷം എല്ലാവരും ഉറങ്ങാന്‍പോയി. ആ തണുപ്പുള്ള രാത്രിയില്‍ പാതിരാ കഴിഞ്ഞപ്പോള്‍ ആരോ വാതിലില്‍ മുട്ടുന്നു. ആരായിരിക്കും ഈ അര്‍ദ്ധരാത്രിയില്‍…. അദ്ദേഹത്തിന്റെ ഭാര്യ ഞെട്ടിയെഴുന്നേറ്റ് ജനല്പാളികള് തുറന്ന് വെളിയിലേക്ക് നോക്കി.
കണ്ണുകള്‍ക്ക് വിശ്വസിക്കാന്‍ പ്രയാസം തോന്നി. മുഖംമൂടിക്കെട്ടിയ കുറച്ചാളുകള്‍, അവരില്‍ ചിലര്‍ കാക്കി വേഷധാരികളാണ്. ചമ്പല്‍ താഴ്വരയിലെ കൊള്ളക്കാരെ തോല്പിക്കുന്ന ഭീകരന്മാരായിതോന്നി. ആ സ്വാധിയുടെ കണ്ണുകള്‍ മഞ്ഞളിച്ചു. തൊണ്ടവറ്റി വരളാന്‍ തുടങ്ങി. ‘വാതില്‍ തുറക്കാനാ പറഞ്ഞത്’ പരുത്ത സ്വരത്തില്‍ ആരൊക്കെയോ പറഞ്ഞു. ജനല്‍ പലക ആഞ്ഞടച്ചു.
വിറയാര്‍ന്ന കാലുകള്‍ പെട്ടെന്നനങ്ങാന് കൂട്ടാക്കിയില്ല. അടിവെച്ചടിവെച്ചവര് ഒരുവിധം റാവുജിയുടെ അടുത്തെത്തി ‘പോലീസ്’ പിന്നീടൊന്നും പറയാന്‍ അവരുടെ നാക്ക് പൊന്തിയില്ല. ആ അബലയുടെ ഉള്ളബലവും ചോര്‍ന്നുപോയി.
എന്ത്? പോലീസോ….’ ഉറങ്ങാന്‍പോകുമ്പോള്‍ ധരിച്ചിരുന്ന മുണ്ടും ബനിയനുമിട്ടുകൊണ്ട് റാവുജി ഇറങ്ങിവന്നു. വാതില്‍ തുറന്നു മുഖംമൂടികള്‍ അടുത്തേക്കോടി വന്നപ്പോള്‍ അമ്പരന്നുപോയി. തനിക്ക് പരിചിതനായ കസബ എസ്ഐ ജനാര്ദ്ദനന് മുന്നോട്ടുവന്ന് കണ്ണുരണ്ടും ഭദ്രമായി തുണികൊണ്ട് ബന്ധിച്ചു.
പിന്നീടാരെല്ലാമോ കൈ രണ്ടും പിന്നില്‍ വലിച്ചുകെട്ടി പിന്നെ നീണ്ടുനിന്ന മര്‍ദ്ദനത്തിന്റെ നാളുകള്‍.
(മരണത്തെ വെല്ലുവിളിച്ചവര്‍ എന്ന പുസ്തകത്തില്‍ നിന്ന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: